പാഠം ഒന്ന് ഒരു കൈ സഹായം

പൊതുജനങ്ങളിൽനിന്നും മറ്റ് സംഘടനകളിൽനിന്നുമെല്ലാമായി പഠനോപകരണങ്ങൾ ശേഖരിച്ച്‌ നിർധന വിദ്യാർഥികൾക്ക് കൈമാറുന്ന പദ്ധതിയാണ് ‘പാഠം ഒന്ന് ഒരു കൈ സഹായം’. മാതൃഭൂമി ക്ലബ് എഫ്.എമ്മും ബിസ്മിയും ഒക്കെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ പഠനാവശ്യത്തിനായി ബാഗ്, കുട, പുസ്തകങ്ങൾ തുടങ്ങി എന്ത് വാങ്ങുമ്പോഴും ഒന്ന് അധികം വാങ്ങി, ഈ സ്ഥാപനങ്ങളുടെ ഓഫീസിലോ, ഷോറൂമുകളിലോ എത്തിച്ചാണ് ഇതുമായി സഹകരിക്കേണ്ടത് എന്നറിഞ്ഞു. ജീവിതത്തില്‍ ഒറ്റയ്ക്കാകുന്നവര്‍ക്ക് ഒരു കൈതാങ്ങ്‌. അതിലുപരി കുഞ്ഞുങ്ങള്‍ക്ക്‌ പങ്കുവയ്ക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്ക്, അവസ്ഥകളിലേക്ക് കണ്ണുകള്‍ പായിക്കാനും ഒരവസരം- ഒത്തിരി ഹൃദ്യമായ ഒരു ആശയമായി തോന്നി. വിജയകരമായ പത്താം വര്‍ഷത്തിലാണ് ഈ പരിപാടി. ഭാവുകങ്ങള്‍.

നമ്മളെല്ലാവരും സഹായങ്ങള്‍ നല്‍കുന്നവരാണ്. കൈ നീട്ടുന്നവനെ സാധാരണ നാം ആരും നിരാശരാക്കാറില്ല. അതിനാല്‍ തന്നെ മനസ്സിലെ നന്മകള്‍ ഇനിയും തീര്‍ന്നുപോയിട്ടില്ല എന്ന് നമുക്ക് ആശ്വസിക്കാം. പക്ഷേ നാം മറ്റുള്ളവര്‍ കൈ നീട്ടുമ്പോള്‍ മാത്രമേ അവര്‍ ആവശ്യക്കാരാണെന്ന് അറിയുന്നുള്ളൂ. അവരുടെ കൈകള്‍ നമ്മുടെ മുന്‍പില്‍ നീട്ടപ്പെടാത്തോളം കാലം അവര്‍ നമുക്ക് അന്ന്യര്‍ തന്നെ. മറിയം ഇവിടെയും വ്യത്യസ്തമാകുകയാണ്. എലിസബത്ത്‌ ഗര്‍ഭിണിയാണ് എന്നറിയുമ്പോള്‍ മറിയം അവളെ സഹായിക്കാന്‍ പോകുന്നത് ആരും ആവശ്യപ്പെട്ടതുകൊണ്ടല്ല. വീഞ്ഞ് തീര്‍ന്നുപോയതറിഞ്ഞപ്പോളും ആരും അവളെ സഹായം അഭ്യര്‍ത്ഥിച്ചു സമീപിക്കുന്നില്ല. എങ്കിലും മറിയം തന്‍റെ സഹായം ആവശ്യമുള്ളവരെ തേടി ചെല്ലുന്നു.

നമ്മള്‍ സഹായം ആവശ്യമുള്ളവര്‍ നമ്മെ തേടി വരാനായി കാത്തിരിക്കുമ്പോള്‍ മറിയം സഹായം ആവശ്യമുള്ളവരെ തേടിപ്പോകുന്നു. അതെ, വലിയ ഒരു അന്തരം കാണാതിരിക്കാനാവില്ല. ചുറ്റുവട്ടങ്ങളില്‍, ചുമരുകള്‍ക്കുള്ളില്‍, മതില്‍കെട്ടിനുള്ളില്‍, ഇടവകയില്‍, സമൂഹത്തില്‍ നമ്മുടെ സഹായം തേടിവരാന്‍ ആരും ഇടയാകാതിരിക്കട്ടെ, നമുക്കവരെ തേടിചെല്ലാം, മറിയത്തപ്പോലെ… പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here