കാത്തിരിപ്പ്

കാലാപാനി 1996ൽ ഇറങ്ങിയ മലയാളച്ചിത്രമാണ്. ആൻഡമാൻ ദ്വീപിലെ സെല്ലുലാർ ജയിലിൽ നടന്ന മനുഷ്യത്ത്വരഹിതമായ ചെയ്തികളായിരുന്നു പ്രതിപാദ്യം. ഡോക്ടറും ദേശീയവാദിയുമായ ഗോവർദ്ധൻ, പാർവ്വതിയുമായുള്ള കല്യാണദിവസം, ട്രെയിന് ബോംബ് വച്ചു എന്ന തെറ്റായ ആരോപണത്തിന്റെ പേരിൽ ജയിലടക്കപ്പെടുന്നു. ഒരു ദുർബ്ബലനിമിഷത്തിൽ ജയിലധികാരികളുടെ ക്രൂരതയിൽ മനം മടുത്ത ഗോവർദ്ധൻ ജയിലധികാരികളെ വധിക്കുന്നു. ശിക്ഷയായി ഗോവർദ്ധൻ തൂക്കിലേറ്റപ്പെടുകയാണ്. സിനിമ ആരംഭിക്കുന്നതും അവസാനിക്കുന്നതും പാർവതിയുടെ കാത്തിരിപ്പിലാണ്. 50 വർഷം മുൻപ് തൂക്കിലേറ്റപ്പെട്ട പ്രിയതമൻ ഇനിയൊരിക്കലും തിരിച്ചുവരില്ല എന്നറിയാതെ റെയിൽവെസ്റ്റേഷനിൽ അദ്ദേഹത്തെയും കാത്തിരിക്കുന്ന വൃദ്ധയായ പാർവ്വതി കാത്തിരിപ്പിന്റെ നിസ്സഹായത പ്രേക്ഷകന്റെ മനസ്സിൽ കോറിയിടുകയാണ്.

സുവിശേഷത്തിന്റ താളുകളിൽ കൂടുതലും കാത്തിരിപ്പിന്റെ നിറങ്ങളുടെ ജലഛായ ചിത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുക. കാത്തിരിക്കുന്ന പിതാവിന്റെ തുള്ളിതുളുമ്പുന്ന സ്നേഹം കൊത്തിവച്ചിരിക്കുന്ന ദാരുശില്പമാണല്ലോ സുവിശേഷം. മറിയം കാത്തിരിപ്പിന്റെയും കൂട്ടിരിപ്പിന്റെയും അവതാരമാണ്.

ഗബ്രിയേലിന്റെ സന്ദർശനം മുതൽ മറിയവും കാത്തിരിപ്പു ആരംഭിക്കുന്നു. ജന്മം നൽകാൻ കാത്തിരിപ്പ്, ഈജിപ്തിലെ അറിയപ്പെടായ്മയിലെ കാത്തിരിപ്പ്, ദൈവാലയത്തിൽ നഷ്ടപ്പെട്ട ഈശോയെ കണ്ടെത്താനുള്ള കാത്തിരിപ്പ്, വെള്ളം വീഞ്ഞാകാനുള്ള കാത്തിരിപ്പ്, മകനെ ഒരു നോക്കുകാണാനുള്ള കാത്തിരിപ്പ്, അവസാനം കുരിശിൽ പിടയുന്നതിനു കൂട്ടിരിക്കാനുള്ള കാത്തിരിപ്പ്, അവിടെയും തീരുന്നില്ല പിന്നെ ശിഷ്യരെയും കൂട്ടി സഹായകനുവേണ്ടിയുള്ള കാത്തിരിപ്പ്. ചുരുക്കിപ്പറഞ്ഞാൽ കാത്തിരിപ്പിന്റെ കണ്ണികൾ വിളക്കിച്ചേർക്കുന്നതാണ് മറിയത്തിന്റെ ജീവിതം.

കാത്തിരിപ്പ് ശ്രേഷ്ഠമാകുന്നത് മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കാവലിരിക്കുമ്പോഴാണ്. അതായത് മറ്റുള്ളവരുടെ സ്വപ്നങ്ങൾ നാം ഹൃദയത്തോട് ചേർത്തുപിടിക്കുമ്പോൾ ആണ്. മകന് പുസ്തകം വാങ്ങാനായി ഭക്ഷണം ഉപേക്ഷിക്കുന്ന അമ്മ മകന്റെ വലിയവനാകാണാം എന്ന സ്വപ്നത്തിനു ചൂട് പകരുന്നവളാണ്. മറിയം തനിക്ക്
നഷ്ടങ്ങൾ മാത്രമേ ഉണ്ടാകൂ എന്നറിയുമ്പോഴും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കാവലിരുന്നു.

കാത്തതിരിക്കുന്നവൻ ഒരു വിധത്തിൽ നിസ്സഹായനാണ്. കാത്തിരിക്കുക എന്നുള്ളത് മാത്രമാണ് അവന്റെ മുൻപിലുള്ള മാർഗ്ഗം. കാത്തിരിക്കുന്നവൻ പ്രതീക്ഷയുള്ളവനാണ്, പ്രതീക്ഷയുള്ളവൻ വിശ്വാസമുള്ളവനാണ്. വിശ്വാസത്തോടെ നമുക്ക് കാത്തിരിക്കാം. മറിയത്തെപ്പോലെ… പ്രാർത്ഥനകൾ.

Leave a Reply