ദൈവം തെളിക്കുന്ന വഴികള്‍…

പഴയനിയമതാളുകളിലെ ഒരു സവിശേഷവ്യക്തിത്വമാണ് യോനാ പ്രവാചകൻ. നിനവെയിലേക്ക് അയക്കപ്പെടുന്ന പ്രവാചകൻ, ആ ദൗത്യത്തിൽ നിന്ന് ഓടിഒളിക്കുന്നു. അവസാനം ദൈവം തന്നെ ഒരു ദുരന്തത്തിലൂടെ നിനവെയിൽ എത്തിക്കുന്നു. യോനായുടെ അനുതാപാഹ്വാനം ശ്രവിച്ച നിനവെയിലെ ജനങ്ങൾ പശ്ചാത്തപിച്ച് ദൈവത്തിലേക്ക് തിരിയുന്നു. കരുണതോന്നി ദൈവം നിനവെയിലെ ജനങ്ങളോട് ക്ഷമിക്കുന്നു. താൻ പ്രവചിച്ച അപകടങ്ങളൊന്നും സംഭവിക്കില്ല എന്ന് തിരിച്ചറിഞ്ഞ യോനാ ദൈവത്തോട് നീരസം പ്രകടിപ്പിക്കുകയാണ്. പക്ഷേ യഹോവ തന്റെ ജനങ്ങളോടുള്ള കാരുണ്യം എത്രയോ അഗാധമാണെന്നു യോനായെ പഠിപ്പിക്കുകയാണ്.

മറിയത്തോട് മാലാഖ പറയുന്നത് നീ ജന്മം നൽകുന്നത് ദൈവപുത്രനാണ് എന്നാണ്. ആ വാർത്ത എന്ത് ചിന്തകളാണ് മറിയത്തിൽ ഉയർത്തിയത് എന്ന് പൂർണ്ണമായി മനസ്സിലാക്കുക സാധ്യമല്ല. താൻ ദൈവമാതാവായതുകൊണ്ട് ഇനി എല്ലാം മനോഹരമായിരിക്കും, എല്ലാം ദൈവം ക്രമീകരിക്കും, ജീവിത അല്പം കൂടി എളുപ്പമായിരിക്കും എന്ന് ചിന്തിച്ചിരിക്കാനും വഴിയില്ലേ ?

പക്ഷേ, ദൈവം മറിയത്തെ നയിക്കുന്നത് ഏറ്റവും അപ്രതീക്ഷിതമായ വഴികളിലൂടെയാണ്. അവൾ ഗർഭിണിയായിരിക്കെ ബെത്ലഹേമിലേക്കു അയക്കപ്പെടുന്നു, അവിടെ വച്ച് ഈശോക്ക് ജന്മം നൽകുന്നു, ഉടൻ തന്നെ ഈജിപ്തിലേക്ക് പലായനം ചെയ്യപ്പെടുന്നു, പിന്നെയും കുറെ കാലത്തെ പ്രവാസ വാസത്തിനുശേഷം നസറത്തിലേക്ക് ….

എല്ലാം സുഖമായിരിക്കുമെന്നു കരുതിയവൾക്ക് എല്ലാം ദുഷ്കരമായി. അതേ, ദൈവത്തിന്റെ വഴികൾ എന്നും പ്രവചനാതീതം. അന്ന് ദൈവം ചൂണ്ടിക്കാണിച്ച വഴികളിലൂടെ ഓടിയ മേരി ഇന്ന് എല്ലാവരുടെയും അമ്മയാണ്. ഇതിലും വലിയൊരു സ്ഥാനം കിട്ടാനില്ല. ചില വഴികളിലൂടെ ഓടാൻ കർത്താവ് ആവശ്യപ്പെടുമ്പോൾ ‘അമ്മ വെളിച്ചമായും ദൃഷ്ടാന്തമായും കൂടെയുണ്ടാകട്ടെ’… പ്രാർത്ഥനകൾ.

ഫാ. സിജോ കണ്ണമ്പുഴ OM

Leave a Reply