തിടുക്കം

ഫാ. സിജോ കണ്ണമ്പുഴ OM

ഒരിക്കല്‍ ഒരമ്മച്ചിയെ പരിചയപ്പെട്ടു. പ്രായം കൂടുതല്‍ ആയതിന്‍റെ അവശതകള്‍ ഏറെയുണ്ട്. പല വിഷമങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം അമ്മച്ചി ഒരു കാര്യം പറഞ്ഞു. ഒത്തിരി സമ്പത്ത് ഉള്ള കുടുംബത്തില്‍ നിന്നാണെങ്കിലും മക്കളാരും പ്രഷറിനുള്ള മരുന്നുപോലും വാങ്ങികൊടുക്കുന്നില്ല. ഇക്കാര്യം എന്നെ വിഷമിപ്പിച്ചു. അതികം വൈകാതെ അമ്മച്ചി മരിച്ചതായി അറിഞ്ഞു. പക്ഷേ മക്കളെല്ലാരും കൂടി അമ്മയുടെ ശവസംസ്കാര ചടങ്ങിനു മെത്രാനെ കൊണ്ടുവന്നിരുന്നു. മെത്രാനെ കൊണ്ടുവരാന്‍ മുടക്കിയ പൈസ കൊണ്ട് മരുന്ന് വാങ്ങി നല്‍കിയിരുന്നെങ്കില്‍ ആ അമ്മച്ചി അല്പകാലം കൂടി ജീവിച്ചിരിക്കുമായിരുന്നു.

“ആ ദിവസങ്ങളില്‍, മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടു” (ലൂക്കാ 1 : 39). മറിയത്തിന്‍റെ ഈ പ്രവൃത്തി ധ്യാനവിഷയമാക്കേണ്ടതാണ്. അവള്‍ ഗര്‍ഭിണിയായിരുന്നു. വിശ്രമം ആവശ്യമുള്ള സമയം. എന്നിട്ടും എലിസബത്തിനെ ശുശ്രൂഷിക്കാന്‍ പോയി. എലിസബത്ത് താമസിച്ചിരുന്നത് മലമ്പ്രദേശത്തായിരുന്നു. അങ്ങോട്ടുള്ള യാത്ര ദുഷ്കരമായിരുന്നിരിക്കും. എന്നിട്ടും എലിസബത്തിനെ ശുശ്രൂഷിക്കാന്‍ പോയി. സാവധാനം തിരക്കെല്ലാം കഴിഞ്ഞിട്ട് കുറച്ച് കഴിഞ്ഞു പോയാല്‍ മതിയായിരുന്നു. എന്നിട്ടും എലിസബത്തിനെ ശുശ്രൂഷിക്കാന്‍ പോയി. അതും അവള്‍ പോയത് തിടുക്കത്തില്‍ ആയിരുന്നു. എത്രയും വേഗം എത്തുവാനായി.

ദൈവം ഏല്‍പിച്ച ഉത്തരവാദിത്വങ്ങളില്‍ നിന്ന് പോലും നിസ്സാരകാരണം പറഞ്ഞുപോലും ഓടിമാറുന്ന നമുക്ക് മറിയം ഒരു വെല്ലുവിളിയാണ്. എന്‍റെ കുടുംബ, സമൂഹ, സന്ന്യാസ, പൌരോഹിത്യ ജീവിതങ്ങളില്‍ ഞാന്‍ ഉള്‍വലിയാന്‍ കാരങ്ങള്‍ തേടുമ്പോള്‍ മറിയം എന്നെ അത്ഭുതപ്പെടുത്തുന്നു. പോകാതിരിക്കാന്‍ നിരവധി ന്യായമായ കാരണങ്ങള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും വകവയ്ക്കാതെ ശുശ്രൂഷക്കായി തിടുക്കപ്പെടുന്ന മറിയം ഒരു മാതൃകയാണ്. തിടുക്കം ഉണ്ടായതിനു കാരണം അത് ദൈവഹിതമാണെന്ന് മറിയം തിരിച്ചറിഞ്ഞതുകൊണ്ടാണ്‌.

എന്‍റെ ഉത്തരവാദിത്വങ്ങളെ തിരിച്ചറിയാനും അത് തിടുക്കത്തില്‍ പൂര്‍ത്തിയാക്കാനും ഉള്ള കഴിവിനായി നമുക്ക് അമ്മയോടൊപ്പം പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനകള്‍

ഫാ. സിജോ കണ്ണമ്പുഴ OM

Leave a Reply