കാതുകള്‍ ക്രിസ്തുവിലേക്ക്…

ഫാ. സിജോ കണ്ണമ്പുഴ OM

ഒരു ദിവസം കുറെ തവളകള്‍ ഇര തേടി നടക്കുകയായിരുന്നു. അതിനിടയില്‍ രണ്ട് തവളകള്‍ ഒരു കുഴിയില്‍ വീണു. രണ്ട് പേരും ഒത്തിരി പരിശ്രമിച്ചെങ്കിലും രണ്ട് തവളകള്‍ക്കും കുഴിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. കുറെ സമയം കൂടെയുള്ള തവളകള്‍ കുഴിക്കും ചുറ്റും കൂടി നിന്ന് പ്രോത്സാഹിപ്പിചെങ്കിലും കുഴിയില്‍ വീണ തവളകളെ രക്ഷിക്കാനായില്ല. അവസാനം രണ്ടുപേരും ശാന്തരായിരുന്ന്‍ അവരുടെ വിധി സ്വീകരിക്കാനായി തയ്യാറാകാന്‍ തവളക്കൂട്ടം ആവശ്യപ്പെട്ടു. അതനുസരിച്ച് ഒരു തവള തന്‍റെ പരിശ്രമമെല്ലാം ഉപേക്ഷിച്ചു മരണം സ്വീകരിക്കാനായി ഒരുങ്ങി, താമസിയാതെ മരിക്കുകയും ചെയ്തു. എന്നാല്‍ മറ്റേ തവള തന്‍റെ ആരോഗ്യം മുഴുവനുമെടുത്ത് ചാടാനും കുഴിയില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചുകൊണ്ടിരുന്നു. കുഴിയുടെ മുകളില്‍ നിന്ന തവളകള്‍ ഇനി പരിശ്രമിക്കേണ്ട എന്നും വിധിക്ക് സമാധാനമായി കീഴടങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ ആ തവള അത് വക വയ്ക്കാതെ പരിശ്രമം തുടരുകയും അത്ഭുതമെന്നു പറയേണ്ടു പുറത്തുകടക്കുകയും ചെയ്തു. ഉടന്‍തന്നെ എല്ലതവളകളും പുറത്തുകടന്ന തവളയുടെ ചുറ്റും കൂടി ചോദിച്ചു. ‘ഞങ്ങള്‍ എല്ലാവരും ഇത്രമാത്രം നിരുത്സാഹപ്പെടുത്തിയിട്ടും നീ എന്തുകൊണ്ടാണ് പരിശ്രമം തുടര്‍ന്നത്?” തവള പറഞ്ഞു “എനിക്ക് കേള്‍വിശക്തി ഇല്ല. നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് കേള്‍ക്കാന്‍ ആകില്ല”.

കാനായിലെ വിവാഹവിരുന്നില്‍ (വി.യോഹന്നാന്‍റെ സുവിശേഷം, അദ്ധ്യായം 2) വീഞ്ഞു തീര്‍ന്നുപോകുന്നത് ഈശോയുടെ അടുത്തു വന്നു പറയുന്നത് മറിയമാണ്. ഈ കാര്യം അറിയാമായിരുന്ന പലരും അവിടെ ഉണ്ടായിരുന്നു. കുടുംബനാഥനും മണവാളനും മറ്റു പലരും ഇത് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പക്ഷെ അവരൊന്നും ഇനി ഒന്നും ചെയ്യാനില്ല എന്ന പക്ഷക്കാരായിരുന്നു. അവിടെയാണ് പരി.അമ്മയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. പലരും അവളെ പരിഹസിച്ചുകാണും. പലരും മറിയത്തിനു എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്നതില്‍ സംശയിച്ചു കാണും. പക്ഷേ മറിയം ആരെയും ഗൌനിക്കുന്നില്ല. അവള്‍ ആ അവസരത്തില്‍ ഇടപെടുവാന്‍ കഴിവുള്ള ദൈവത്തില്‍ ആശ്രയിക്കുന്നു. അവസാനം അവളുടെ വിശ്വാസം ഫലം ചൂടുന്നു.

നമ്മെയും നിരുത്സാഹപ്പെടുത്തുന്ന, ശക്തി ചോര്‍ത്തിക്കളയുന്ന അവസരങ്ങളും അനുഭവങ്ങളും ആളുകളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടേക്കാം. അപ്പോഴെല്ലാം അവര്‍ക്ക് ചെവികൊടുക്കാതെ, വഴി നടത്തുന്ന ദൈവത്തില്‍ ആശ്രയം അര്‍പ്പിക്കാനുള്ള ധൈര്യം ഉണ്ടാകണം. ഈ യാത്ര ആരംഭിക്കാന്‍ ദൈവമാണ് ഇട വരുത്തിയതെങ്കില്‍ ഈ വഴിയിലെ യാത്ര സുഗമമാക്കാന്‍ അവന്‍ അനുഗ്രഹിക്കും. നമുക്ക് കാതുകളെ ദൈവത്തിങ്കലേക്ക് തിരിക്കാം. പ്രാര്‍ത്ഥനകള്‍

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here