നീ അനുഗ്രഹിക്കപ്പെട്ടവള്‍, ഞാനും…

ഫാ. സിജോ കണ്ണമ്പുഴ OM

ഒരു സ്കൂളില്‍ ഗുസ്തി മത്സരം നടക്കുകയാണ്.. വാശിയേറിയ മത്സരത്തിനൊടുവില്‍ സ്ഥിരമായി ജയിക്കാറുള്ള കുട്ടി തോറ്റുപോയി. ആ വര്‍ഷം പുതുതായി വന്ന ഒരുകുട്ടിയാണ് ജേതാവായത്. സ്കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ തോറ്റകുട്ടി, ജയിച്ച കുട്ടിയോട് അവന്‍റെ ഭക്ഷണക്രമത്തെ കുറിച്ചു  ചോദിച്ചു. എല്ലാം കേട്ട തോറ്റകുട്ടി പറഞ്ഞു ‘ഇങ്ങനെ ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ ഞാനും ജയിക്കുമായിരുന്നു’ (കടപ്പാട് ബോബിയച്ചന്‍).

“അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്‍െറ ഉദരഫലവും അനുഗൃഹീതം” (ലൂക്കാ 1:42). മറിയത്തെ എലിസബത്ത്‌ വിളിക്കുന്നത് അനുഗ്രഹിക്കപ്പെട്ടവള്‍ എന്നാണ്. മാനുഷികമായ വിധത്തില്‍ ഒന്നും തന്നെ അനുഗ്രഹപ്രദമായി കാണാന്‍ സാധിക്കില്ല. കാരണം, വിവാഹത്തിനു മുന്‍പേ അവള്‍ ഗര്‍ഭിണിയായി കാണപ്പെടുകയാണ്. കുഞ്ഞിന്‍റെ പിതാവാരാണെന്ന് ചോദിച്ചാല്‍ ആരെയും ചൂണ്ടികാട്ടാന്‍ പോലും അവള്‍ക്ക് സാധിക്കില്ല. പക്ഷെ എലിസബത്ത്‌ അവളെ അനുഗ്രഹത്തിന്‍റെ പര്യായമായിട്ടു കാണുന്നു.

തന്നില്‍ നിറഞ്ഞൊഴുകിയ അനുഗ്രഹങ്ങള്‍ തന്നെയാണ് മറിയത്തിലും പ്രവര്‍ത്തിച്ചത് എന്ന് എലിസബത്തിന് മനസ്സിലായിരുന്നു. അതുകൊണ്ടാണ് ആണ് ആ അവസ്ഥയിലും മറിയത്തെ അനുഗ്രഹിക്കപ്പെട്ടവള്‍ എന്ന് എലിസബത്ത്‌ വിളിക്കുന്നത്. ജീവിതത്തിന്‍റെ ചില ദശാസന്ധികളില്‍  ചില പരീക്ഷണങ്ങള്‍ക്ക് മുന്‍പില്‍ എന്തുകൊണ്ട് എന്ന് നാം ചോദിച്ചു പോകാറുണ്ട്. ഉത്തരം നിസ്സാരമാണ്. ചില അനുഭവങ്ങളിലൂടെ മാത്രമേ ചുറ്റുമുള്ള മറിയത്തെ തിരിച്ചറിയാന്‍ സാധിക്കൂ. ചില നീറ്റലുകള്‍ ചുറ്റിലുമുള്ള എലിസബത്തിനെ തിരയാന്‍ നമുക്ക് കരുത്തേകും. കാരണം ഒരേ അനുഭവ വഴികളിലൂടെ സംഞ്ചരിച്ചവര്‍ക്ക് മാത്രമേ പരസ്പരം മനസിലാക്കാന്‍ സാധിക്കൂ. അതുകൊണ്ടാണല്ലോ മുറിവേറ്റവനു മാത്രമേ മുറിവുണക്കാന്‍ കഴിയൂ എന്ന് നാം പറയുന്നത്.

എലിസബത്തിന്‍റെ അനുഭവങ്ങള്‍ അവളെ, മറിയത്തെ അനുഗ്രഹിക്കപ്പെട്ടവള്‍ എന്ന് വിളിക്കാന്‍ ഇടയാക്കി. അങ്ങനെയെങ്കില്‍ എലിസബത്തും അനുഗ്രഹിക്കപ്പെട്ടവള്‍ തന്നെ. ഞാന്‍ മറ്റുള്ളവരെ അനുഗ്രഹിക്കപ്പെട്ടവര്‍ എന്ന് വിളിക്കുമ്പോള്‍ ഞാനും അനുഗ്രഹിക്കപ്പെടുകയാണ്… അതേ, എന്‍റെ ചുറ്റിലുമുള്ളവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ തന്നെ.  പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

Leave a Reply