അമ്മ അവിടെ ഉണ്ട്

ഫാ. സിജോ കണ്ണമ്പുഴ OM

പണ്ടൊരു മകന്‍ ഒരുപാട് പ്രായമായ അമ്മയെ കാട്ടിലുപേക്ഷിക്കാന്‍ തീരുമാനിച്ചു. അമ്മയെ തോളിലേറ്റി കാട്ടിലേക്കു പോകുമ്പോള്‍ അമ്മയ്ക്കും മനസ്സിലായി, മകന്‍ തന്നെ ഉപേക്ഷിക്കാന്‍ പോകുകയാണെന്ന്. പക്ഷേ… കൊടുംകാടാണ്. തിരിച്ചുവരുമ്പോള്‍ അവന് വഴി തെറ്റിപ്പോയാലോ? പോകുന്ന വഴിയിലുടനീളം മകന്റെ തോളത്തുകിടന്നുകൊണ്ടുതന്നെ മരച്ചില്ലകളൊടിച്ചു മാറ്റി വഴിയുണ്ടാക്കിക്കൊണ്ടിരുന്നു അമ്മ. ഇതുകണ്ട് കണ്ണുനിറഞ്ഞ മകന്‍ അമ്മയെ ഉപേക്ഷിക്കാതെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടുവന്നു.

“മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്‍െറ അമ്മ അവിടെയുണ്ടായിരുന്നു.” (യോഹന്നാന്‍ 2:1). യോഹന്നാന്‍ പറയുന്നതനുസരിച്ച് ഈശോയും ശിഷ്യന്മാരും ക്ഷണിക്കപ്പെട്ടവരായിരുന്നു. പക്ഷേ മറിയം അവിടെ ക്ഷണിക്കപ്പെടാതെ തന്നെ ഉണ്ടായിരുന്നവളാണ്. ഏതൊരു ആഘോഷത്തിലും നമ്മള്‍ പങ്കെടുക്കുന്നത് നമ്മള്‍ ക്ഷണിക്കപ്പെടുമ്പോഴാണ്‌. ക്ഷണിക്കപ്പെടാതെ നമ്മള്‍ പങ്കെടുക്കണമെങ്കില്‍ ആ ഭവനവുമായി അത്രമാത്രം അടുത്തബന്ധം നമുക്കുണ്ടായിരിക്കണം. മറിയത്തിനു ആ വിവാഹവിരുന്നു നടന്ന കുടുംബവുമായി അത്ര മനോഹരമായ ബന്ധമുണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാന്‍.

അമ്മയെന്നത് ഒരനുഗ്രഹമാണ്. ജീവിതത്തിലെ ഏതൊരു നിമിഷവും മനോഹരമാക്കാന്‍ അവര്‍ കൂടിയേ തീരൂ. അമ്മയുടെ സാന്നിദ്ധ്യമാണ് വലിയൊരു നാണക്കേടില്‍ നിന്ന് കാനായിലെ ആ കുടുംബത്തെ രക്ഷിച്ചത്. എന്‍റെ ജീവിതത്തിലും അമ്മക്ക് ആ സ്ഥാനം കൊടുക്കാന്‍ എനിക്ക് സാധിക്കണം. അമ്മമാരെ ഉപേക്ഷിക്കാനായി കാരണങ്ങള്‍ തേടുന്ന ഇന്നത്തെ സമൂഹത്തില്‍, ക്ഷണിക്കപെടാതെ തന്നെ വിരുന്നിനെത്തിയ പരി. അമ്മ നമ്മെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. എന്‍റെ മനസ്സിലും, കുടുംബത്തിലും, സമൂഹത്തിലും അമ്മയുടെ സാമീപ്യം എന്നെ കൂടുതല്‍ സുരക്ഷിതനാക്കും. നമ്മുടെ കൂടെ അമ്മയുണ്ടെന്നു നമുക്കുറപ്പിക്കാം. പ്രാര്‍ത്ഥനകള്‍.

ഫാ. സിജോ കണ്ണമ്പുഴ OM

Leave a Reply