ന്യൂനപക്ഷ കമ്മീഷന്‍ ഏകദിനസെമിനാര്‍ പിഒസിയില്‍ 16-ന്

കൊച്ചി: കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ സമഗ്രമായ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി രൂപീകൃതമായതാണ് കേരളസംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. വിപുലമായ അധികാരങ്ങളും ചുമതലകളുമുള്ള ഈ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവത്കരിച്ച് ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ ഉദ്ബുദ്ധരാക്കുന്നതിനായി 16-ന് ചൊവ്വാഴ്ച പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു.

എറണാകുളം ജില്ലയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ പ്രതിനിധികളും സന്യാസസഭകളിലെയും വിദ്യാഭ്യാസ, ആരോഗ്യ-ആതുര ശുശ്രൂഷാ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാര്‍ രാവിലെ 9-ന് രജിസ്‌ട്രേഷനോടെ ആരംഭിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഫാ. ഫെലിക്‌സ് ചുള്ളിക്കല്‍ ജനറല്‍ കണ്‍വീനര്‍ സുശീല്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഈ സെമിനാറില്‍ ‘ഇന്ത്യന്‍ ഭരണഘടന-ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും,’ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് – എന്ത്? എന്തിന്?’ എന്നീ വിഷയങ്ങളെക്കുറിച്ച് പഠനങ്ങളും ചര്‍ച്ചകളും ഉണ്ടായിരിക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി. കെ. ഹനീഫ വെളിപ്പെടുത്തി. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജോയിന്റ് കണ്‍വീനര്‍ ഫാ. ജിജു വര്‍ഗീസുമായോ (8547451504), ജനറല്‍ കണ്‍വീനര്‍ സുശീല്‍ വര്‍ഗീസുമായോ (9747283703) ബന്ധപ്പെടേണ്ടതാണ്.

അഡ്വ. ഷെറി ജെ. തോമസ്‌

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയ്യാവുന്നതും ചെയ്യേണ്ടതും

എത്രയെത്ര നിയമനിര്‍മ്മാണങ്ങള്‍; എത്ര അന്വേഷണ സമിതികള്‍, സംവിധാനങ്ങള്‍- സ്വതന്ത്ര ഭാരതത്തില്‍ നിയമങ്ങള്‍ക്കും ഓര്‍ഡിനന്‍സുകള്‍ക്കും യാതൊരു കുറവുമില്ല. ദേശീയതലത്തില്‍ ന്യൂനപക്ഷ ക്ഷേമത്തിന് ന്യൂനപക്ഷ കമ്മീഷന്‍ ഉണ്ടെങ്കിലും സംസ്ഥാനതലത്തില്‍ 2014 വരെയും പ്രത്യേകിച്ച് ഒരു കമ്മീഷന്‍ ഉണ്ടായിരുന്നില്ല. ചില സമുദായ സംഘടനകളുടെയും ന്യൂനപക്ഷങ്ങളുടെയും ഒക്കെ ആവശ്യമായിരുന്നു സംസ്ഥാന തലത്തില്‍ ഒരു ന്യൂനപക്ഷ കമ്മീഷന്‍. 2014 ഫെബ്രുവരി 13-ന് കമ്മീഷന്‍ നിലവില്‍ വന്നു. പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ. കമ്മീഷന്‍ സ്ഥാപിക്കാനായി മാത്രം ആവശ്യമുന്നയിച്ചാല്‍ പോര; കമ്മീഷന്‍ ചെയ്യേണ്ടതും ചെയ്യാവുന്നതുമായ കാര്യങ്ങള്‍ കൃത്യമായി ചെയ്യിക്കാനും സമ്മര്‍ദ്ദമുണ്ടാകണം. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാര്‍സി തുടങ്ങിയ സമുദായങ്ങളിലുള്ളവരെയാണ് ന്യൂനപക്ഷമായി കണക്കാക്കുന്നത്.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിയമനം

നിലവില്‍, നാലംഗ സമിതിയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതും നിയമപരമായി അവബോധമുള്ളതും ന്യൂനപക്ഷ കാര്യങ്ങളില്‍ പ്രത്യേകമായും ബോധ്യമുള്ള ഒരു ചെയര്‍മാന്‍; മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടതും ന്യൂനപക്ഷ കാര്യങ്ങളില്‍ അവബോധമുള്ളതുമായ ഒരു അംഗം; ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു വനിത. ഇവരെ മൂന്നുപേരെയും സര്‍ക്കാര്‍ നോമിനേറ്റു ചെയ്യും. അഡീഷനല്‍ സെക്രട്ടറിയുടെ റാങ്കില്‍ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്‍ കമ്മീഷന്റെ മെമ്പര്‍ സെക്രട്ടറിയായിരിക്കും. മൂന്നു വര്‍ഷമായിരിക്കും കാലാവധി. എപ്പോള്‍ വേണെമെങ്കിലും കമ്മീഷനു യോഗം ചേരാം. പക്ഷെ മൂന്നു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും യോഗം ചേര്‍ന്നിരിക്കണം. ചുരുങ്ങിയത് രണ്ടുപേരെങ്കിലും ഉണ്ടെങ്കില്‍ യോഗത്തിനുള്ള ക്വാറം ആകും.

ന്യൂനപക്ഷ കമ്മീഷന്‍ ചെയ്യേണ്ടത്

സംസ്ഥാനത്തുള്ള ന്യൂനപക്ഷങ്ങളുടെ വികസന പുരോഗതി വിലയിരുത്തുക,
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ഭരണഘടനാപരമായ സംവിധാനങ്ങളുടെ പ്രവര്‍ത്തനം അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക,
സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ഭാഷാ സംബന്ധിയായ അവകാശലംഘനങ്ങളുടെ പരാതികളില്‍ അന്വേഷണം നടത്തുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ ശുപാര്‍ശ ചെയ്യുക; അവ നിരീക്ഷിക്കുക, ന്യൂനപക്ഷങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസപരമായ വികസനത്തിനായി പരിപാടികള്‍ ആവിഷ്‌കരിക്കുക, ന്യൂനപക്ഷ ക്ഷേമത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കുക, ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക; സെമിനാറുകള്‍, സിമ്പോസിയം മുതയാലവ നടത്തുക. വിവിധ തൊഴില്‍ പദ്ധതികളിലും സാമൂഹിക വികസന പദ്ധതികളിലും ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നല്‍കുക, പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കുക.

ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ്

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുവെന്ന് പരാതിയുണ്ടായാല്‍ കമ്മീഷന്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും പരിഹാരമാര്‍ങ്ങള്‍ നിര്‍ദ്ദേശിക്കുകയും വേണം. ന്യൂപനക്ഷ കമ്മീഷന്‍ നല്‍കുന്ന എല്ലാ ശുപാര്‍ശകളിലും എന്തു നടപടിയെടുത്തുവെന്നും എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. നടപടിയെടുക്കാത്ത ശുപാര്‍ശകളില്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലായെന്നും കാരണം രേഖപ്പെടുത്തണം.

ന്യൂനപക്ഷകമ്മീഷന്റെ അധികാരങ്ങള്‍

സാക്ഷികളെ സമന്‍സ് അയച്ചു വരുത്തുന്നതിനും, രേഖകള്‍ തെളിവില്‍ സ്വികരിക്കുന്നതിനും മറ്റും ഒരു സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ന്യൂനപക്ഷ കമ്മീഷന് ഉണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന് വിവരങ്ങള്‍ നല്‍കാതിരുന്നാലും തെറ്റായ വിവരങ്ങള്‍ നല്‍കിയാലും നേരിടേണ്ടിവരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ശിക്ഷണ നടപടികള്‍ ഇവിടെയും ബാധകമാണ്. കമ്മീഷന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതിരിക്കുകയോ നിഷേധാതക്മകായി പെരുമാറുകയോ ചെയ്താല്‍, ക്രിമിനല്‍ കേസാക്കാനും അത് വിചാരണക്കായി മജിസ്‌ട്രേറ്റ് കോടതിയിലേക്കയക്കാനും കമ്മീഷന് അധികാരമുണ്ട്. സര്‍ക്കാരിന്റെ കീഴിലുള്ള ഏത് ഉദ്യോഗസ്ഥന്റെയും അന്വേഷണ ഏജന്‍സിയുടെയും സേവനം ലഭ്യമാക്കാം.

ന്യൂനപക്ഷ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമ്പോള്‍, ഏതെങ്കിലും വിഷയം ഏതെങ്കിലും വ്യക്തിയില്‍ നിന്നും ലഭിക്കണമെന്ന് തോന്നിയാല്‍ അത് നിയമപരമായി ആവശ്യപ്പെടാനുള്ള അധികാരം കമ്മീഷനുണ്ട്. അതു സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ കണ്ടെടുക്കണമെങ്കില്‍ ബന്ധപ്പെട്ട കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാനുള്ള അധികാരവും ന്യൂനപക്ഷ കമ്മീഷനുണ്ട്. കമ്മീഷന്റെ എല്ലാ നടപടികളും കോടതി നടപടികളായിത്തന്നെയാണ് കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ