എന്റെ രാജാവ്

നിന്റെ ജീവിതം നിയന്ത്രിക്കുവനാരോ
അവനാണ് നിന്റെ രാജാവ്.
ചെങ്കോലും കിരീടവും സിംഹാസനവും
ഇല്ലങ്കിലും അവന്‍ നിന്റെ രാജാവായിരിക്കും

സിംഹാസനങ്ങള്‍ തകരുമ്പോള്‍ അവസാനിച്ചുകൊണ്ടിരിക്കുന്ന രാജാക്കന്മാരെക്കുറിച്ചുള്ള കഥയാണ്. രാജഭരണത്തിലുണ്ടായിരുന്ന ഒരു നാട് അതില്‍നിന്ന് മുക്തമാകുന്നു. രാജാവിന് ഭരണം നഷ്ടപ്പെടുന്നു. വിപ്ലവത്തിലൂടെ ജനം ഭരണം പിടിച്ചെടുക്കുന്നു. സിംഹാസനവും ചെങ്കോലും കിരീടവും ഇല്ലാത്ത പുതിയ ഭരണം ആരംഭിക്കുകയാണ്. ഇനി മേലില്‍ രാജാവിന്റെ മുമ്പില്‍ തങ്ങള്‍ ഓഛാനിച്ചും ഭയന്നും നില്‍ക്കേണ്ട കാര്യമില്ല എന്നോര്‍ത്ത് ജനം തെരുവുകളില്‍ ആഹ്ലാദനൃത്തം ചവിട്ടുന്നു. അപ്പോള്‍ തെരുവോരത്തുനിന്ന് ഒരു വൃദ്ധന്‍ പറയുകയാണ്:
”പഴയ രാജാവ് പോയന്നേ ഉള്ളൂ. പുതിയ ഭരണാധികാ രിയും ഒരു രീതിയില്‍ രാജാവാണ്. ഒരു രാജാവിന്റെ, അധികാരി യുടെ കീഴിലല്ലാതെ ജീവിക്കാന്‍ നമുക്കാവില്ല മക്കളേ”. പെട്ടെന്ന് ആഹ്ലാദാരവങ്ങള്‍ നിലയ്ക്കുന്നു.

ഒരു രാജാവിന്റെ, അധികാരിയുടെ കീഴിലല്ലാതെ നമുക്ക് ജീവിക്കാന്‍ ആവില്ല എന്നത് സത്യമാണ്. ബാഹ്യമായി നാം ആരുടെയും കീഴിലല്ല. എന്നാല്‍ ആന്തരികമായി നാം ആരുടെ കീഴിലാണ്? വിവിധ രീതികളില്‍ ആരൊക്കെയാണ് എന്നെ നയിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആരാണ് എന്നെ നയിക്കുന്നത്? ആരാലാണ് ഞാന്‍ നയിക്കപ്പെടുന്നത്? ആരാണ് എന്റെ രാജാവ്? വ്യക്തിപരമായ ഉത്തരം കണ്ടെത്തി ആ ചോദ്യത്തിന്റെ മുന നാം ഒടിക്കേണ്ടിയിരിക്കുന്നു.

ആരാണ് രാജാവ്? അധികാരം ഉള്ളവന്‍ ആരോ അവനാണ് രാജാവ്. മറ്റുള്ളവരെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവനാരോ അവനാണ് രാജാവ്. കീഴിലുള്ളവരെ സംരക്ഷിക്കുന്നവന്‍ ആരോ അവനാണ് രാജാവ്. ജനം ഭൗതിക സുരക്ഷയ്ക്കുവേണ്ടി ആരെ ആശ്രയിക്കുന്നുവോ അവനാണ് രാജാവ്. ആരില്‍ പ്രതീക്ഷവച്ചും വിശ്വസിച്ചും ജനം ജീവിക്കുന്നുവോ അവനാണ് രാജാവ്. ഒരു രാജാവിനെ നമുക്കിങ്ങനെയൊക്കെ ഡിഫൈന്‍ ചെയ്യാന്‍ സാധിക്കും. എങ്കില്‍ നമ്മുടെ ജീവിതത്തെ, എന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന, സംരക്ഷിക്കുന്ന എനിക്കു വേണ്ടി ജീവന്‍ ത്യജിക്കുന്ന, ഞാന്‍ ആശ്രയിക്കുന്ന, വിശ്വസിക്കുന്ന, ഞാന്‍ സ്‌നേഹിക്കുന്ന, എന്നെ സ്‌നേഹിക്കുന്ന, എന്നെ നയിക്കുന്ന ആ രാജാവ് ആരാണ്?

ക്രിസ്തു എന്ന ഉത്തരത്തിലേയ്ക്ക് നാം കടന്നു ചെല്ലും. ക്രിസ്തുരാജന്റെ തിരുനാളിന്റെ തുടക്കവും അതിന്റെ പശ്ചാത്തലവും രാജഭരണത്തിന്റെ ശക്തിയും സിംഹാസനങ്ങളുടെ ഔന്നിത്യവും അധികാരത്തിന്റെ ഗര്‍വ്വും ചെങ്കോലുകളുടെ വാഴ്ചകളും കിരീടങ്ങളുടെ ഗരിമയും നിറഞ്ഞുനിന്ന ഒരു കാലത്തായിരുന്നിരിക്കാം. ഭൗതിക രാജാധികാരത്തിന്റെ മാതൃക മനസില്‍ കണ്ടുകൊണ്ട് തന്നെയായിരിക്കാം ക്രിസ്തു- രാജാവ് എന്ന ചിന്തയിലേയ്ക്ക് അന്ന് കടന്നുവന്നത്. പക്ഷേ ഭൗതിക കിരീടങ്ങളുടെയും സിംഹാസനങ്ങളുടെയും കാലം കഴിഞ്ഞുപോയിരിക്കുന്നു.

എന്നാല്‍ ക്രിസ്തുവിന്റെ രാജാധികാരത്തിന്റെ കാലമോ ശക്തിയോ കഴിഞ്ഞിട്ടില്ല. അതിന്റെ ആവശ്യകതയും സാംഗത്യവും ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിലുള്ള അധികാര കേന്ദ്രങ്ങളെയൊന്നും വിശ്വസിക്കാന്‍ പറ്റാതായിരി ക്കുന്നു. അവരെ നാം നമ്മളെ ഏല്‍പ്പിച്ചാല്‍ നമ്മള്‍ ചൂഷിതരാവും. നമ്മെ ആവുന്നത്ര മുതലെടുത്തിട്ട് വലിച്ചെറിയാനായിരിക്കും അവരുടെ വ്യഗ്രത. സ്വാര്‍ത്ഥതയുടെ കൂടും കൂടാരവുമായിരിക്കുന്നു ഇവിടുത്തെ അധികാരകേന്ദ്രങ്ങള്‍.

അല്‍പ്പത്തരങ്ങളും അത്യാഗ്രഹങ്ങളും ആസക്തികളും അവരുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഇവിടെയാണ് ക്രിസ്തു എന്ന രാജാവിന്റെ പ്രസക്തി. ഇന്നുവരെ രാജ്യം ഭരിച്ചിട്ടുള്ള എല്ലാ രാജാക്കന്മാരെക്കാളും ശക്തനും വിശ്വസ്തനും ആണ് ഭൗതികമായി ഒരു രാജ്യം പോലും ഭരിച്ചിട്ടില്ലാത്ത, എന്നാല്‍ ആത്മീയമായും ഭൗതികമായും എല്ലാത്തിന്റെയും അധിപനായ ക്രിസ്തു.

മറ്റെല്ലാ കാര്യങ്ങളും നമുക്ക് വിസ്മരിക്കാം. എന്നിട്ട്, നമ്മുടെ വ്യക്തി ജീവിതത്തിന്റെ രാജാവാരാണെന്ന് ചിന്തിക്കാം. മദ്യ പാനത്തിന് അടിമയായ ഒരാളുടെ രാജാവ് മദ്യമാണ്. എല്ലാത്തിനോടും കലഹിക്കുന്ന ഒരാളുടെ രാജാവ് ആരാണ്? അന്യന്റെ വസ്തുക്കള്‍ മോഷ്ടിക്കുന്ന ഒരാളുടെ രാജാവ് ആരാണ്? ആസക്തിയോടെ സ്ത്രീയെ, പുരുഷനെ നോക്കുന്ന ഒരുവന്‍ ആരുടെ നിയന്ത്രണത്തിന്‍ കീഴിലാണ്? അപരനോട് ശത്രുത പുലര്‍ത്തുന്ന ഒരാള്‍ ആരാലാണ് നയിക്കപ്പെടുന്നത്? അധികാരത്തിനുവേണ്ടി ജീവിക്കുന്ന ഒരു വ്യക്തിയുടെ രാജാവ് ആരായിരിക്കും? മറ്റുള്ളവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുവന്‍ ആരാലാണ് നിയന്ത്രിക്കപ്പെടുന്നത്? ഏഷണിയും കുറ്റവും പറയുന്ന ഒരാള്‍ ആരുടെ പ്രജയാണ്?

ക്രിസ്തുവിനാല്‍ നയിക്കപ്പെടുന്ന ഒരാള്‍ക്ക് ഇപ്പറഞ്ഞ ലിസ്റ്റില്‍പെടാന്‍ പറ്റില്ല. എന്റെ പേര് മുകളിലത്തെ ലിസ്റ്റില്‍ എവിടെയെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ എന്റെ രാജാവ് ക്രിസ്തുവല്ല. മറ്റാരെങ്കിലും, മറ്റെന്തെങ്കിലും ആയിരിക്കും. പണമോ, മദ്യമോ, പെണ്ണോ, ദുരാഗ്രഹമോ എന്തെങ്കിലും ആയിരിക്കും. പക്ഷേ ഓര്‍ക്കുക, അവരൊന്നും നമ്മുടെ യഥാര്‍ത്ഥരാജാക്കന്മാരല്ലെന്ന്; നാശത്തിലേയ്ക്കുള്ള സഹയാത്രികര്‍ മാത്രമാണെന്ന്.
നമ്മുടെയൊക്കെ ജീവിതം വിജയിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ രാജാവായി ക്രിസ്തുവിനെ അംഗീകരിക്കണം. ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കണം.

”ക്രിസ്തു ഈ ഭവനത്തിന്റെ നായകന്‍” എന്ന് വീടിന്റെ മുന്നില്‍ ആണിയടിച്ചും പശയൊട്ടിച്ചും തൂക്കിയിട്ട് മാത്രം കാര്യമില്ല. അടുത്ത പെയിന്റടിക്ക് അത് പറിച്ചുമാറ്റപ്പെടാം. അല്ലെങ്കില്‍ ആണി തുരുമ്പെടുക്കുമ്പോള്‍ പശയുടെ പശിമ നഷ്ടപ്പെടുമ്പോള്‍ താഴെ വീണു പോയെന്നിരിക്കാം. പക്ഷേ മനസിലെ ക്രിസ്തുവോ? ഒരു സെന്‍ കഥയില്‍ പറയുന്നു:
”കളിമണ്‍ ബുദ്ധന്‍ പെരുമഴയില്‍ അലിഞ്ഞുപോയി;
സ്വര്‍ണ്ണ ബുദ്ധന്‍ അഗ്നിയില്‍ ഉരുകി;
തടികൊണ്ടുള്ള ബുദ്ധനെ ചിതലുകള്‍ തിന്നു;
മനസിലെ ബുദ്ധന്‍ മാത്രം നിലനില്‍ക്കുന്നു”എന്ന്.

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായതുകൊണ്ട് പരസ്പരം ബന്ധങ്ങള്‍ സ്ഥാപിക്കാതെ ജീവിക്കാന്‍ പറ്റില്ല. അതുപോലെ തന്നെ നാം മറ്റുള്ളവരെ ആശ്രയിക്കുകയും വേണം. ഈ ആശ്രയം പരമമായി ദൈവത്തിലേയ്ക്ക് വയ്ക്കാന്‍ നാം പഠിക്കണം. ഒപ്പം അവനെ രാജാവായി കാണാനും അംഗീകരിക്കാനും പഠിക്കാം. ഇത്ര ശക്തനായ ഒരു രാജാവിന്റെ പിന്‍ബലം നമുക്കുണ്ടെങ്കില്‍ പിന്നെന്തു ഭയപ്പെടാനാണ്?
”ക്രിസ്തു എന്റെ കൂടെയുണ്ടെങ്കില്‍ ആര്‍ക്ക് എനിക്കെതിരെ നില്‍ക്കാന്‍ സാധിക്കും”?.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here