അളവുകോലുകള്‍ മാറ്റേണ്ടതുണ്ട്

രണ്ട് ബാല്യകാല സുഹൃത്തുക്കള്‍. ഒരാള്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്തി. നഗരത്തില്‍ താമസം. നല്ല ജോലി, ശമ്പളം, എല്ലാ സൗകര്യങ്ങളും. മറ്റേയാള്‍ ഗ്രാമത്തിലെ കൂലിവേലക്കാര നായി ജീവിതം കഴിക്കുകയാണ്. ഒരുനാള്‍ നഗരത്തില്‍ നിന്ന് സമ്പന്നനായ ചങ്ങാതി മറ്റെയാളെ കാണാന്‍ ഗ്രാമത്തിലെത്തി. ഗ്രാമീണന് സന്തോഷമായി. കെട്ടിപ്പിടിച്ചുകൊണ്ടയാള്‍ കൂട്ടുകാരനോട് പറഞ്ഞു:
”നീയൊരു ഭാഗ്യവാനാടാ. നഗരത്തില്‍ താമസം, വലിയ വീട്, സുന്ദരിയായ ഭാര്യ, സ്വന്തം കാറ്, ഉയര്‍ന്ന ശമ്പളം, സുഖ സൗകര്യങ്ങളെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍. നിന്റെയൊരു ഭാഗ്യമേ…”

അയാള്‍ പറഞ്ഞു നിര്‍ത്തി. മറ്റേയാള്‍ അതുകേട്ട് ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് മനസ്സില്‍ പറഞ്ഞു: ”സുഹൃത്തേ ഇതൊന്നും ഒരു ഭാഗ്യമല്ലെന്നും, ഇതെല്ലാം അനുഭവിക്കുന്ന ഞാന്‍ ഭാഗ്യവാനല്ലെന്നും നിന്നെ എങ്ങനെയാണ് ഒന്ന് പറഞ്ഞ് മനസ്സിലാക്കുക?”
പറഞ്ഞു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണത്. ഭാഗ്യം എന്നതുകൊണ്ടും ഭാഗ്യവാന്‍ എന്നതുകൊണ്ടും നമ്മള്‍ ഉദ്ദേശിക്കുന്നതും ക്രിസ്തു വിഭാവനം ചെയ്യുന്നതും മനസിലാ ക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഭാഗ്യത്തെ നമ്മള്‍ അളക്കുന്ന അളവുകോലുകൊണ്ടല്ല ക്രിസ്തു അളക്കുന്നത്.
നമ്മുടെ ദൃഷ്ടിയില്‍ ആരാണ് ഭാഗ്യവാന്‍? ഭാഗ്യവതി?

സുന്ദരിയായ ഭാര്യയുള്ളവന്‍, മിടുക്കനായ ഭര്‍ത്താവുള്ളവള്‍, ഉയര്‍ന്ന ശമ്പളം പറ്റുന്ന ഒരുവന്‍/ഒരുവള്‍, നല്ല ആരോഗ്യമുള്ള ഒരുവന്‍/ഒരുവള്‍, വലിയ വീടുകളില്‍ കഴിയുന്നവന്‍/ള്‍, പുതുപുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് നടക്കുന്നവന്‍/ള്‍, പുതുപു ത്തന്‍ കാറുകളില്‍ ചെത്തി നടക്കുന്നവന്‍/ള്‍- ഇതൊക്കെയുള്ള വരാണ് നമ്മുടെ മനസ്സിലെ ഭാഗ്യവാനും ഭാഗ്യവതിയും.

പക്ഷേ ക്രിസ്തു ആരെയാണ് ഭാഗ്യവാന്‍ എന്ന് വിളിക്കുന്നതെന്ന് ഒന്നു ശ്രദ്ധിച്ചേ,
ആത്മാവില്‍ ദരിദ്രരായവരെ, വിലപിക്കുന്നവരെ, ശാന്തശീലരെ, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെ, കരുണയുള്ളവരെ, ഹൃദയശുദ്ധിയുള്ളവരെ, സമാധാനം സ്ഥാപിക്കുന്നവരെ, നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവരെ, അവഹേളനങ്ങളും ആരോപണങ്ങളും ഏല്‍ക്കുന്നവരെ ഇങ്ങനെയുള്ള ഒന്‍പത് ഗണത്തില്‍പ്പെട്ടവരെയാണ് അവന്‍ ഭാഗ്യവാന്മാരായി കണക്കാക്കിയിരിക്കുന്നത്.

നമ്മുടെ ദൃഷ്ടിയില്‍ ഈ കാറ്റഗറിയില്‍പ്പെട്ടവര്‍ ഭാഗ്യവാന്മാരല്ല; ശപിക്കപ്പെട്ടവരാണ്, മിടുക്കന്മാരല്ല; പോഴന്മാരാണ്. ലോകത്തിന്റെ കാഴ്ചപ്പാട് അങ്ങനെയാണ്. നമ്മുടെ മനസ്സിന്റെ ഫ്രെയിമില്‍ രൂപകല്‍പന ചെയ്തുവച്ചിരിക്കുന്ന ”ഭാഗ്യവാന്റെ”രൂപം ക്രിസ്തുവിന്റെ ”ഭാഗ്യവാന്റെ” സങ്കല്‍പത്തില്‍ നിന്ന് ബഹുകാതം അകലെയാണ്.
യേശു ജീവിച്ചിരുന്ന കാലത്തുതന്നെ അവഗണിക്കപ്പെടാ നും എതിര്‍ക്കപ്പെടാനും കാരണം അളവുകോല്‍ മാറ്റലാണ്. ലോകത്തിന്റെ അളവല്ല അവന്റെ അളവ്. അത് തികച്ചും വിഭി ന്നമാണ്. നമുക്കൊരിക്കലും മനസിലാക്കാന്‍ പറ്റാത്തവിധം അത്രയധികം വ്യത്യസ്തതയുള്ളതും.

ക്രിസ്തുവിനെപ്പോലെ ‘ഭാഗ്യത്തിന്റെ’ അളവ് മാറ്റിയളന്ന പലരെയും നമ്മള്‍ ചരിത്രത്തില്‍ കാണുന്നുണ്ട്. സെന്റ് ഫ്രാന്‍സീസിനെ നിക്കോസ് കസന്‍സാക്കിസ് ‘God’s Pauper” ലൂടെ പുനരവതരിപ്പിക്കുമ്പോള്‍ അളവുകോല്‍ മാറ്റി അളന്ന ഒരു മനു ഷ്യരൂപം തെളിഞ്ഞു വരുന്നുണ്ട്; സെന്റ് ഫ്രാന്‍സീസിന്റെ ത ന്നെ. വീടുപേക്ഷിക്കുന്ന, മാതാപിതാക്കളെ ഉപേക്ഷിക്കുന്ന, ഉടുതുണി പോലും ഉപേക്ഷിക്കുന്ന, ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിക്കുന്ന, ഭക്ഷണം പോലും ഉപേക്ഷിക്കുന്ന സെന്റ്ഫ്രാന്‍സീസ് ഉപേക്ഷിക്കലിലാണ് ഭാഗ്യം അടങ്ങിയിരിക്കുന്നതെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ്.

അന്ന് ലോകം അദ്ദേഹത്തെ പുച്ഛിച്ചു തള്ളിയെങ്കിലും ഇന്നും ആ നാമവും രൂപവും ചൈതന്യവും ഈ ലോകത്തില്‍ സജീവമായിത്തന്നെയുണ്ട്. അതിനര്‍ത്ഥം ‘ഭാഗ്യവാന്‍’ എന്ന് അദ്ദേഹം വിഭാവനം ചെയ്തത് തന്നെയാണ് ശരിയെന്നല്ലേ?
നമ്മുടെ ഭാഗ്യത്തിന്റെ ലക്ഷണങ്ങളൊക്കെ ഒരു സുനാമിയിലോ, വെള്ളപ്പൊക്കത്തിലോ, കൊടുംവേനലിലോ ഇല്ലാതാവുന്നതാണ്. അതുകൊണ്ട് അളവുകോലുകള്‍ മാറ്റാന്‍ നമുക്കാവണം. ക്രിസ്തുവിന്റെ ‘ഭാഗ്യവാന്റെ’ അളവുകള്‍ സ്വീകരിക്കാന്‍ നമുക്കാവണം. അതു വഴി നമ്മള്‍ യഥാര്‍ത്ഥ ഭാഗ്യവാന്മാരും ഭാഗ്യവതികളും ആയിത്തീരട്ടെ.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply