സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാർ

സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേലും, സാഗര്‍ രൂപതയുടെ പുതിയ മെത്രാനായി എം.എസ്.ടി. സഭാംഗമായ മാർ ജയിംസ് അത്തിക്കളവും നിയമിതനായി.

ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ജനുവരി 12ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് വത്തിക്കാനിലും, കാക്കനാട് മൗണ്ട് സെന്‍റ് തോമസിലും നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. സീറോ മലബാർ സിനഡിൽ പങ്കെടുക്കുന്ന മെത്രാന്മാരും വൈദികരും ചടങ്ങിൽ പങ്കെടുത്തു. മാർ ജോർജ് ആലഞ്ചേരി നിയുക്ത മെത്രാന്മാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

ഇടുക്കി രൂപതാംഗമായ ഫാ. ജോണ്‍ നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മകനായാണ് ജനിച്ചത്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.

ഇടുക്കി രൂപത ചാൻസലർ, രൂപത മതബോധന വിഭാഗത്തിന്‍റെയും ബൈബിൾ അപ്പസ്തോലേറ്റിന്‍റെയും ഡയറക്ടർ, മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ റെസിഡന്‍റ് അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇടുക്കി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.

ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ 75 വയസ് പൂര്‍ത്തിയായതോടുകൂടിയാണ് പദവിയില്‍ നിന്നും വിരമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ നിയമനം.

റവ.ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്‍റ് തോമസ് ദി അപ്പോസ്റ്റൽ (എംഎസ്ടി) സഭയുടെ ഡയറക്ടര്‍ ജനറലും, ഉജ്ജയിൻ റൂഹാലയ മേജർ സെമിനാരി റെക്ടറും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിലെ നിർമൽ ജ്യോതി മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഡയറക്ടർ ആയും, ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതലയും വഹിക്കുന്പോഴാണ് പുതിയ നിയോഗം. സ്ഥാനം ഒഴിയുന്ന മാര്‍ ആന്റണി ചിറയത്തിന് പകരമായാണ് മാർ ജെയിംസ്‌ അത്തിക്കളത്തെ നിയമിക്കുന്നത്.

റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ചിങ്ങവനം അത്തിക്കളം സി. പൗലോസിന്‍റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാൻ. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. എ. പി. സൂസമ്മ, എ. പി. തോമസ് എന്നിവർ സഹോദരങ്ങളാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കടുവാക്കുളം ചെറുപുഷ്പം ഇടവകക്കാരനാണ് നിയുകത പിതാവ്.

മെത്രാഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തീയതികൾ പിന്നീട് തീരുമാനിക്കുമെന്ന് മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ.ആന്‍റണി കൊള്ളന്നൂർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply