തീഹാര്‍ ജയിലിലെ നിരപരാധികള്‍ക്ക്‌ തുണയായ കന്യാസ്ത്രീ  

അത്യാവശ്യ സാഹചര്യങ്ങളില്‍ പ്രതികരിക്കുവാന്‍ നിയമത്തിന്റെ പിന്‍ബലം ആവശ്യമാണെന്ന് മനസിലാക്കിയ കന്യാസ്ത്രീ. അനീതികള്‍ക്കെതിരെ പാവങ്ങള്‍ക്കൊപ്പം നില്‍ക്കുവാന്‍, സത്യത്തിന്റെ വിജയത്തിനായി നില്‍ക്കുവാന്‍ നിയമം പഠിച്ച വക്കീല്‍ – സിസ്റ്റര്‍ അനസ്താഷ്യാ ഗില്‍. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങാന്‍ സിസ്റ്ററിനു കഴിയും. എന്നാല്‍ സിസ്റ്റര്‍ തന്റെ സേവനങ്ങള്‍ എല്ലാം മാറ്റിവെച്ചിരിക്കുക പാവങ്ങള്‍ക്കായി ആണ്. കയ്യില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ ജയിലുകളില്‍ കിടക്കേണ്ടി വന്ന നിരവധി ആളുകളെ രക്ഷിച്ചുകൊണ്ട് സിസ്റ്റര്‍ അനസ്താഷ്യാ ഗില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനേകം ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് നയിക്കുകയാണ്.

ഒരു അധ്യാപികയായി ആണ് സിസ്റ്റര്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പാഠപുസ്തകങ്ങളും ആയി ക്ലാസ് മുറികളില്‍ ആയിരിക്കുമ്പോഴും സമൂഹത്തില്‍ വേദനിക്കുന്നവരോടൊപ്പം ആയിരിക്കുവാന്‍ സിസ്റ്റര്‍ ഗില്ലിന്റെ മനസ് ആഗ്രഹിച്ചിരുന്നു. പാവപ്പെട്ട ആളുകള്‍ക്കായി എന്തെങ്കിലും ഒക്കെ ചെയ്യണം – ഇതായിരുന്നു സിസ്റ്ററിന്റെ ആഗ്രഹം. അതിനായി അധ്യാപനത്തോടൊപ്പം തന്നെ സോഷ്യല്‍ വര്‍ക്കില്‍ ബിദുരാനന്തര ബിദുരം നേടി. തുടർന്ന് പല സാമൂഹിക പരിപാടികളുടെയും ഭാഗമായി പ്രവർത്തിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് സിസ്റ്ററിന്‍റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവം നടന്നത്.

ഭോപ്പാലിൽ മൂന്നു വയസുള്ള ആദിവാസി പെൺകുട്ടി പീഡനത്തിനിരയായി. അതിനെതിരെ കേസെടുക്കുന്നതിനോ പ്രതികളെ ശിക്ഷിക്കുന്നതിനോ പോലീസ് തുനിഞ്ഞില്ല എന്ന് മാത്രമല്ല പ്രതികൾക്കൊപ്പം ചേരുവാനും പോലീസ് ശ്രമിച്ചു. നിസഹായരായ ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ മുഖം സിസ്റ്ററിനെ ചിന്തിപ്പിച്ചു.  ചില അവസരങ്ങളിൽ നിയമത്തിന്റെ  പിൻബലം ആവശ്യമാണെന്ന് മനസിലാക്കിയ സിസ്റ്റർ നിയമം പഠിക്കുന്നതിനായി പോയി. 2009 ൽ നിയമ പഠനം പൂർത്തിയാക്കി. മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് സിസ്റ്റർ വാദിച്ചിരുന്നത്. അങ്ങനെ സിസ്റ്റർ തീഹാർ ജയിലിലെത്തി. അവിടുത്തെ തടവുകാരുടെ അനുഭവങ്ങൾ സിസ്റ്ററിന്റെ വേദനിപ്പിച്ചു . പലരും നിസാരമായ കുറ്റങ്ങളുടെ പേരിലായിരുന്നു നീണ്ട തടവ് ശിക്ഷ അനുഭവിച്ചത്. മറ്റു ചിലർ വിചാരണ കാത്തു വർഷങ്ങളായി ജയിലിൽ കഴിഞ്ഞവർ.

കോടതി ജാമ്യം നൽകിയിട്ടും ജാമ്യത്തുക കെട്ടിവെക്കാൻ പണമില്ലാത്തവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു . അവർക്കു നീതി ലഭിക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയ സിസ്റ്റർ അവർക്കായി ഉള്ള പ്രവർത്തങ്ങൾ ആരംഭിച്ചു. നിയമത്തിന്റെ വശങ്ങളെ കുറിച്ച് ശരിയായ അറിവില്ലാതിരുന്ന അവർക്ക്‌ മുന്നിൽ ഒരു ദൈവദൂതന്റെ വേഷമണിയുകയായിരുന്നു സിസ്റ്റർ. എല്ലാം അവസാനിച്ചു എന്ന് കരുതിയിരുന്ന അനേകം ആളുകൾക്ക് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരുവാൻ സിസ്റ്ററിനു കഴിഞ്ഞു. സിസ്റ്ററിന്റെ പ്രവർത്തനങ്ങളുടെ ഫലമായി 800 -ൽ അധികം ആളുകളാണ് സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നു വന്നത്.

തീർത്തും താഴ്ന്ന വിഭാഗങ്ങളിൽ പെട്ടവർക്കു  ജയിലുകളിലും മറ്റും പല വിധത്തിലുള്ള വെല്ലുവിളികളായിരുന്നു നേരിടേണ്ടി വന്നത്. പലപ്പോഴും അവർ ചൂഷണത്തിന് ഇരയാവുകയായിരുന്നു. നിയമ വ്യവസ്ഥിതിയെ കുറിച്ച് അവരുടെ അറിവില്ലായ്മയെ പലപ്പോഴും അധികാരികൾ മുതലെടുത്തു. അതിനാൽ തന്നെ നിയമങ്ങളെ കുറിച്ച് അവർക്കു ബോധവൽക്കരണം നൽകുക എന്നതായിരുന്നു സിസ്റ്ററിന്റെ ആദ്യ ജോലി. 2009 ൽ സിസ്റ്റർ ഡൽഹി സർവീസ് അതോറിറ്റിയിൽ ചേർന്നു. കേസു വാദിക്കുന്നതിനായി പണമില്ലാത്തവർക്കു സർക്കാർ നൽകുന്ന ആനുകൂല്യമാണ് ഈ സംവിധാനം. അതിലൂടെ പേടികൂടാതെ അനേകർക്ക്‌ നീതി നേടിക്കൊടുക്കുവാൻ കഴിഞ്ഞു എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

ജയിലിൽ കിടക്കുന്നവരുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിക്കുന്നു സിസ്റ്ററിന്റെ പ്രവർത്തങ്ങൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും എത്തി. അതിന്റെ ഫലമായി സിസ്റ്ററിനെ ഡൽഹി ന്യൂനപക്ഷ കമ്മീഷൻ അംഗമായി നിയമിച്ചു . ഉത്തരവാദിത്വങ്ങൾ ഏറെ ഉണ്ടെങ്കിലും തന്റെ കർത്തവ്യ നിര്‍വഹണത്തിൽ ഒരു വീഴ്ചയും വരുത്തുവാൻ തയ്യാറല്ല തീഹാർ ജയിലിലെ ഈ കന്യാസ്ത്രീ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply