ഓഖി ദുരിതാശ്വാസ ക്യാമ്പുകള്‍ കെഎല്‍സിഎ സന്ദര്‍ശിക്കും

കൊച്ചി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ട ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിരയായവരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തപ്രദേശങ്ങളും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ നാളെ (8) സന്ദര്‍ശിക്കുന്നു. സമാശ്വാസ വാക്കുകള്‍ മാത്രമായല്ല സന്ദര്‍ശനം. അവര്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റുകള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ മുതലായവ വിതരണം ചെയ്യുക എന്ന സദുദ്ദേശ്യത്തോടെയാണ് സന്ദര്‍ശനമെന്ന് സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണയും ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസും അറിയിച്ചു.

കേരളത്തിലെ തീരമേഖലയിലെ ലത്തീന്‍ സമുദായാംഗങ്ങള്‍ ഈ അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ലാത്തവിധം അതിഭീകരമായ ദുരന്തത്തിന്റെ ദാരുണാവസ്ഥയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സമുദായാംഗങ്ങളോടു മാത്രമല്ല, നാനാജാതി മതസ്ഥരായ ദുഃഖിതര്‍ക്കുമൊപ്പം അവരുടെ വേദനകളിലും സങ്കടങ്ങളിലും കെഎല്‍സിഎ അനുഭാവം പ്രകടിപ്പിക്കുകയും സമാശ്വാസവും പിന്തുണയും പ്രഖ്യാപിക്കുകയുമാണ്.

ഓഖി ചുഴലിക്കാറ്റിലും അനുബന്ധമായുണ്ടായ കടല്‍ക്ഷോഭത്തിലും ഇരയായിട്ടുള്ളവരുടെ കണക്കുകള്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിക്കുന്നതിലും അതിഭീകരമാണെന്നാണ് തിരുവനന്തപുരം ജില്ലയില്‍ പ്രത്യേകിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലുള്ളതെന്ന് കണക്കുകള്‍ സഹിതം അതിരൂപതാ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണ്. ഇനിയും കണ്ടുകിട്ടാനുള്ളവരുടെ സംഖ്യയില്‍ സര്‍ക്കാരിനോ റവന്യുവകുപ്പിനോ ഇപ്പോഴും കൃത്യത വരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് കെടുകാര്യസ്ഥതയായി തന്നെ വിലയിരുത്തേണ്ടതാണ്.

ലത്തീന്‍ സമുദായാംഗങ്ങള്‍ അധിവസിക്കുന്ന തിരുവനന്തപുരം അതിരൂപതയിലെ ഒട്ടനവധി ഇടവകകളിലും കൊല്ലം രൂപതയിലെയും ആലപ്പുഴ രൂപതയിലെ ചെല്ലാനത്തും കൊച്ചിരൂപതയിലെ മറുവക്കാട്, ചെറിയകടവ്, കാട്ടിപ്പറമ്പ്, കണ്ണമാലി പ്രദേശങ്ങളും വരാപ്പുഴ അതിരൂപതയിലെ വൈപ്പിന്‍ ഞാറക്കല്‍, എടവനക്കാട്, കുഴുപ്പിള്ളി, വെളിയത്താംപറമ്പ് എന്നീ പ്രദേശങ്ങളിലെയും കോട്ടപ്പുറം രൂപതയിലെ എറിയാട് ദേശത്തെയും ആയിരക്കണക്കിനാളുകളാണ് ദുരന്തത്തിനിരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

ഓഖി ചുഴലിക്കാറ്റ് സംസ്ഥാനം വിട്ടകന്നെങ്കിലും കടല്‍ക്ഷോഭം അടങ്ങിയിട്ടില്ലെന്ന മുന്നറിയിപ്പുകള്‍ ബാക്കിയാകുന്നതിനാല്‍ സ്വന്തം വീടുകളിലേക്ക് തീരദേശവാസികളെ ക്യാമ്പുകളില്‍ നിന്നയക്കാന്‍ സാധിക്കാത്ത പരിസ്ഥിതിയാണ്. മാത്രമല്ല, വീടുകള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയില്‍ മണ്ണടിഞ്ഞ് കൂടിയും ചെളിനിറഞ്ഞും മാലിന്യങ്ങള്‍ കൊണ്ട് മൂടപ്പെട്ടും കിടക്കുകയാണ് ഒട്ടേറെപ്പേരുടെ വീടുകളും പരിസരങ്ങളും. കുടിവെള്ളസ്രോതസുവരെ മലിനമാണ്. കിണറുകളും കുളങ്ങളുമൊക്കെ ചെളികൊണ്ട് നിറഞ്ഞിരിക്കുകയാണ്. സെപ്റ്റിടാങ്കുകള്‍ നിറഞ്ഞ് പരിസരമാകെ മലീമസമാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ ഇരകളായി വസിക്കുന്നവര്‍ ലത്തീന്‍ കത്തോലിക്കരാണെന്നുള്ളത് കാണാതിരിക്കാനാവില്ല. ഇതിനോടകം പ്രാദേശികമായി കെഎല്‍സിഎ പ്രവര്‍ത്തകര്‍ ദുരിതബാധിതരെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

നാളെ രാവിലെ 10.30-ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദുരന്തബാധിതരെ സന്ദര്‍ശിച്ചുകൊണ്ടാണ് കെഎല്‍സിഎ സംസ്ഥാന സമിതി ദുരിതബാധിതര്‍ക്കൊപ്പമുള്ള സഹായ യാത്ര ആരംഭിക്കുന്നത്. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളും ദുരന്തബാധിത പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും.

ബെഡ്ഷീറ്റുകള്‍, വസ്ത്രങ്ങള്‍, അവശ്യവസ്തുക്കള്‍, വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് അരിയും മറ്റു സാധനങ്ങളും വിതരണം ചെയ്യും. ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ നല്‍കാനും പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള മെഡിക്കല്‍ ടീമും സംഘത്തോടൊപ്പം ഉണ്ടായിരിക്കും.

ദുരന്തത്തില്‍ ഉള്‍പ്പെട്ട് ഇനിയും കണ്ടെത്താനാവാത്തവരെ അടിയന്തരമായി കണ്ടെത്താനുള്ള തീവ്രശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ പാക്കേജ് പൂര്‍ണമല്ല. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമാക്കി സമയബന്ധിതമായി അവ വിതരണം ചെയ്യാന്‍ വേണ്ട നടപടികളില്‍ സത്വര ശ്രദ്ധ പതിക്കണം. അതിന് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെഎല്‍സിഎ ദുരിതബാധിതര്‍ക്കൊപ്പം ജാഗ്രതയോടെ മുന്നിലുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply