ഡീക്കന്‍ രജീഷ് കറുത്തേടത്ത് പൗരോഹിത്യം സ്വീകരിച്ചു

നടവയല്‍ ഇടവകാംഗമായ കറുത്തേടത്ത് രജീഷ് ഡീക്കന്‍ മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവിന്‍റെ കൈവയ്പിലൂടെ ശുശ്രൂഷാപൗരോഹിത്യം സ്വീകരിച്ചു. തന്‍റെ പ്രാഥമികവിദ്യാഭ്യാസം നടവയലില്‍ പൂര്‍ത്തിയാക്കി 2002-ലാണ് രജീഷച്ചന്‍ മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരിയില്‍ ചേരുന്നത്. തുടര്‍ന്ന് വടവാതൂര്‍ സെമിനാരിയില്‍ തത്വശാസ്ത്രം പൂര്‍ത്തിയാക്കിയ അച്ചന്‍ ട്രിച്ചി സെന്‍റ് ജോസഫ് കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കുന്നോത്ത് മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനം ആരംഭിച്ചെങ്കിലും തുടര്‍ന്നതും പൂര്‍ത്തിയാക്കിയതും റോമില്‍ മരിയ മാത്തര്‍ എക്ലേസിയ സെമിനാരിയിലാണ്. പൗരസ്ത്യ ആരാധനാക്രമത്തില്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലൈസന്‍ഷ്യേറ്റും കരസ്ഥമാക്കിയ ശേഷമാണ് രജീഷച്ചന്‍ തിരുപ്പട്ടം സ്വീകരിക്കുന്നത്.

ദൈവവിളികളുടെ വിളനിലമായ നടവയല്‍ ഫൊറോനയുടെ അഭിമാനമായി മാറാന്‍ തന്‍റെ ശുശ്രൂഷാ ജീവിതത്തിലൂടെ രജീഷച്ചന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. മാനന്തവാടി രൂപതയുടെ ഈ വര്‍ഷം തിരുപ്പട്ടം സ്വീകരിക്കുന്ന 3-ാമത്തെ വൈദികനും മൊത്തം 231-ാമത്തെ വൈദികനുമാണ് കറുത്തേടത്ത് രജീഷച്ചന്‍.

Leave a Reply