ഇതും മറ്റൊരു തിരുക്കുടുംബം! പാബ്ലോ-മരിയ ദമ്പതി​കളും പതിനൊന്ന് മക്ക​ളും

വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷം. പതിനൊന്ന് മക്കളും രണ്ട് കൊച്ചുമക്കളും. മക്കളില്‍ ഒരാള്‍ വൈദികന്‍,​മറ്റൊ​രാള്‍ സെമിനാരിയില്‍ വൈദികവിദ്യാര്‍ത്ഥി. വേറൊരാള്‍ ഡോട്ടര്‍ ഓഫ് ചാരിറ്റിയില്‍ അംഗവും. മറ്റ് മൂന്നുപേര്‍ വിവാഹിതര്‍. ഇതാണ് മരിയ, പാബ്ലോ ദമ്പതികളുടെ കുടുംബത്തിന്റെ രത്‌നച്ചുരുക്കം. കൂടുതല്‍ വിവരങ്ങള്‍ മരിയയുടെ വാക്കുകളിലൂടെ അറിയാം…

“എന്റെ സഹോദരിയാണ് പാബ്ലോയെ എനിക്ക് പരിചയപ്പെടുത്തിയത്. അവളുടെ കൂട്ടുകാരന്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അവളുടെ കൂടെ ഒരിക്കല്‍ പുറത്തുവച്ചാണ് പാബ്ലോയെ ഞാന്‍ ആദ്യമായി കാണുന്നത്”.

“കണ്ടമാത്രയില്‍ തന്നെ എനിക്കവളെ ഇഷ്ടപ്പെട്ടു. തൊട്ടടുത്ത ദിവസം ഒരു കാപ്പി കുടിക്കുന്നതിനായി ഞാനവളെ ക്ഷണിച്ചു. അവള്‍ വരികയും ചെയ്തു. കൂടുതലായി എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. എന്തായാലും അന്ന് മുതല്‍, 1982 മുതല്‍, ഞങ്ങളൊന്നിച്ചാണ്. മൂന്ന് വര്‍ഷത്തെ പരിശുദ്ധ പ്രേമവും 32 വര്‍ഷത്തെ ദാമ്പത്യവുമായി”.

പതിനൊന്ന് മക്കളുടെ ജനനവും അവരുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ വിലപ്പെട്ട സമയം മുഴുവന്‍ അവര്‍ക്കായി സമര്‍പ്പിക്കേണ്ടി വന്നു, നേഴ്‌സ് കൂടിയായ മരിയയ്ക്ക്. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു നേഴ്‌സിന്റെയും അധ്യാപികയുടെയും മാനവശേഷി വിദഗ്ധയുടെയുമെല്ലാം ജോലി മരിയ ഒറ്റയ്ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ അതിനെല്ലാം മരിയയ്ക്ക് പിന്തുണയുമായി കൂടെനിന്നത് അഭിഭാഷകന്‍ കൂടിയായ പാബ്ലോയാണ്.

“ഷിക്കോഗോയിലേയ്ക്ക് ജോലിയ്ക്കായി പോകാനിരുന്ന സമയത്താണ് മൂന്നാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാര്യം മരിയ എന്നോട് പറഞ്ഞത്. ആ സമയത്ത് ഞാനേറെ തളര്‍ന്നു പോയി. മൂന്നാമതൊരു കുട്ടിയെക്കൂടി താങ്ങാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ദൈവം ഞങ്ങള്‍ക്ക് നല്‍കിയതോ പതിനൊന്ന് മക്കളെ. ദമ്പതികള്‍ തമ്മിലുള്ള ഐക്യമാണ് എല്ലാത്തിലും പ്രധാനം. അതിനാവശ്യമുള്ളതാകട്ടെ, പരസ്പരമുള്ള ആരോഗ്യപരമായ ആശയവിനിമയവും. ക്ഷമാപണം ആവശ്യമുള്ളപ്പോള്‍ അത്, ഒരു ഫോണ്‍കോളോ, ഒരു മെസേജോ ആവശ്യമുള്ളപ്പോള്‍ അത്, ഇത്തരം ചെറിയതും അതേസമയം വിലപ്പെട്ടതുമായ ചില കാര്യങ്ങളാണ് സ്ത്രീകള്‍ പൊതുവേ ഭര്‍ത്താക്കന്മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ വിലയിരുത്തിയിട്ടുള്ളത്”. പാബ്ലോ പറയുന്നു.

എന്റേതായ സ്വാതന്ത്രം എല്ലാകാര്യത്തിലും പാബ്ലോ എനിക്ക് തരാറുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍. അദ്ദേഹം പലപ്പോഴും പുറത്തായിരിക്കും. അതുകൊണ്ട് എന്റെ സൗകര്യത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹമെന്നെ അനുവദിച്ചിട്ടുണ്ട്. എങ്കിലും വീട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി അദ്ദേഹത്തെ അറിയിച്ചുകൊണ്ടിരിക്കും. എന്നാല്‍ തിരക്കുള്ള സമയങ്ങളില്‍ ശല്യപ്പെടുത്താറുമില്ല. അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിരവധി കാര്യങ്ങള്‍ പാബ്ലോ​-​ മരിയ ദമ്പതികളില്‍ നിന്ന് ക്രിസ്തീയ കുടുംബങ്ങള്‍ക്ക് പഠിക്കാനുണ്ട്. മക്കളെ വളര്‍ത്തുന്ന രീതിയും മക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് നഷ്ടമൊന്നും ഉണ്ടാവുന്നില്ലെന്ന തിരിച്ചറിവുമെല്ലാം അതില്‍പ്പെടുന്നു. മാതൃകയാ​ക്കാം ഈ കുടുംബത്തെയും, തിരുക്കുടുംബത്തെയെന്നവണ്ണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ