വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പാതയില്‍ ചരിക്കുന്ന പലസ്തീന്‍കാരി

  പക്ഷി മൃഗാദികളെയും പരിസ്ഥിതിയെയും സ്‌നേഹിക്കുകയും അവ സംരക്ഷിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ് അസീസി. പ്രകൃതി സംരക്ഷണം, ഏറ്റവും ചെറിയ ജീവജാലങ്ങളുടെ സംരക്ഷണം പോലും ദൈവം നമ്മെ ഏല്‍പ്പിക്കുന്ന കടമകളില്‍ ഒന്നാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ് ഫ്രാന്‍സിസ് അസീസി. അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് പലസ്തീനിലെ തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങള്‍ക്കു ആശ്വാസമാവുകയാണ് നാല്‍പ്പതുകാരിയായ ഡയാന ജോര്‍ജ്ജ് ബാബിഷ.

  ദൈവം ഓരോരുത്തരെയും ഒരു ദൗത്യം ഏല്‍പ്പിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ബാബിഷ തന്റെ ഇപ്പോഴത്തെ പ്രവര്‍ത്തികളെ ദൈവം തനിക്കായി നീക്കിവച്ച ഒന്നായി കാണുവാനാണ് ഇഷ്ടപ്പെടുന്നത്. ജറുസലേമില്‍ നിന്ന്  ഗാസായിലേക്കുള്ള യാത്രയില്‍ വഴി നിറയെ വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നതും അവയോട് ചെയ്യുന്ന ക്രൂരതകളും കണ്ട ബാബിഷ നിസഹായരായ മൃഗങ്ങളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. മൃഗങ്ങള്‍ പെരുകുന്നത് നിയന്ത്രിക്കുവാനായി സര്‍ക്കാര്‍ തലത്തില്‍ തെരുവ് മൃഗങ്ങളെ വിഷം കൊടുത്ത് കൊല്ലുന്ന രീതിയാണ് പലസ്തീനില്‍ നിലനിന്നിരുന്നത്. അതിനോട് യോജിക്കുവാന്‍ ബാബിഷയ്ക്ക് കഴിഞ്ഞില്ല. അവയുടെയും ജീവന് വിലയുണ്ട് എന്ന ബോധ്യത്തില്‍ ഉറച്ചു നിന്ന അവര്‍ കൊല്ലാന്‍ വിടുന്ന മൃഗങ്ങളെ ഏറ്റെടുക്കുവാന്‍ തുടങ്ങി. അതിനായി ഒരു ഷെല്‍ട്ടര്‍ പണിതു.

  അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് അസീസിയിലേയ്ക്ക് ഒരു തീര്‍ത്ഥാടനം നടത്തുന്നത്. അവിടെ ചെന്നപ്പോള്‍ തനിക്കുണ്ടായ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു എന്ന് ബാബിഷ പറയുന്നു. പ്രകൃതിയെയും മനുഷ്യനെയും മൃഗങ്ങളെയും സ്‌നേഹിച്ച ഫ്രാന്‍സിസ് അസീസി എന്ന പുണ്യാത്മാവിന്റെ സ്മരണകള്‍ നിലനില്‍ക്കുന്ന ആ മണ്ണില്‍ നിന്ന് താന്‍ നിര്‍വ്വഹിക്കുന്നത് ഒരു ദൈവിക പദ്ധതിയാണ് എന്ന ഉറപ്പ് ബാബിഷയ്ക്ക് ലഭിച്ചു. ഫ്രാന്‍സിസ് അസീസിയുടെ രൂപത്തിന്റെ ചുവട്ടിലെ പ്രാവുകളും ആ ഒരു ബോധ്യം അവരില്‍ ഉറപ്പിച്ചു. ചെറിയ രീതിയില്‍ ആരംഭിച്ച തന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുവാന്‍ അവര്‍ തീരുമാനമെടുത്തത് ഫ്രാന്‍സിസ് അസീസിയുടെ ആ രൂപത്തില്‍ ചുവട്ടില്‍ നിന്നുകൊണ്ടാണ്.

  തുടക്കത്തില്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. അവരുടെയൊക്കെ മുന്‍പില്‍ ഏറ്റവും ചെറിയതിനെ പോലും സംരക്ഷിക്കാന്‍ മനുഷ്യന്  കടമയുണ്ടെന്ന് അവര്‍ വാദിച്ചു. ജീവന്‍, അത് മനുഷ്യരുടെതായാലും മൃഗങ്ങളുടെതായാലും വലുതും പ്രധാനപ്പെട്ടതും ആണെന്ന് അവര്‍ വാദിച്ചു. പതിയെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളിലും മാറ്റം വന്നു തുടങ്ങി. കഴിഞ്ഞ വര്‍ഷം തന്റെ നാല്‍പതാം ജന്മദിനത്തോട് അനുബന്ധിച്ച് ബാബിഷ ബാങ്ക് മാനേജര്‍ പദവി ഉപേക്ഷിച്ചു. തന്റെ സമയം മുഴുവന്‍ മൃഗങ്ങളെ സംരക്ഷിക്കാനായി മാറ്റി വച്ചു.

  ഏതൊരു ജീവനും വിലപ്പെട്ടതാണെന്നും നമുക്കായി ദൈവം സൃഷ്ടിച്ചവയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് ദൈവിക പദ്ധതിയുടെ ഭാഗമാണെന്നും വിശ്വസിക്കുന്ന ഇവര്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ