വിശുദ്ധരായ മാതാപിതാക്കളില്‍ നിന്ന് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട മറിയം  

തന്റെ മകന്റെ അമ്മയാകുവാന്‍, ലോകത്തിലേയ്ക്കുള്ള ദൈവപുത്രന്റെ മാര്‍ഗ്ഗമാകുവാന്‍ ദൈവം മറിയത്തെ തിരഞ്ഞെടുത്തു. അത് വിശുദ്ധമായ ഒരു തിരഞ്ഞെടുപ്പായിരുന്നു. വിശുദ്ധരായ മാതാപിതാക്കളില്‍ നിന്ന് പിറന്ന മറിയത്തെ ദൈവം ഈ ലോകത്തില്‍ തന്റെ മകനെ വളര്‍ത്തുവാന്‍ ഏല്‍പ്പിക്കുന്നു.

മാതാപിതാക്കളുടെ വിശുദ്ധിയുടെ തെളിവാണ് പരിശുദ്ധയായ മറിയം. മാതാവിന്റെ അമ്മയെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുന്നത് വളരെ കുലീനയും വിനയവും സൗന്ദര്യവും വിശുദ്ധിയും നിറഞ്ഞ വ്യക്തി എന്നാണ്. വിശുദ്ധ ലിഖിതങ്ങളില്‍ നല്ല അറിവുള്ളവളായിരുന്നു അന്നാ പുണ്യവതി. അതായത് മാതാവിന്റെ അമ്മ. ഈശോയുടെ മുത്തശ്ശി. ധ്യാനനിരതയും തീഷ്ണമായ പ്രാര്‍ത്ഥനാ ചൈതന്യവും ഉണ്ടായിരുന്ന അന്ന, മിശിഹായുടെ വരവിനായി നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. അന്ന വീട്ടില്‍ നിന്ന് ബെത്‌ലഹേമില്‍ വരികയും യോവാക്കിമിനെ വിവാഹം ചെയ്യുകയും ചെയ്തു.

വളരെയധികം ആത്മീയത നിറഞ്ഞ വ്യക്തിയായിരുന്നു യോവാക്കിം. അന്നയും യോവാക്കിമും തമ്മിലുള്ള വിവാഹജീവിതം സ്‌നേഹം നിറഞ്ഞതായിരുന്നു. നസ്രത്തിലെ ചെറിയ ഭവനത്തില്‍ ദൈവത്തിനു സദാ നന്ദി പറഞ്ഞുകൊണ്ട് അവര്‍ ജീവിച്ചു പോന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നില്‍ ഒരുഭാഗം അവര്‍ ദൈവാലയത്തിനും പാവപ്പെട്ടവര്‍ക്കുമായി മാറ്റിവെച്ചിരുന്നു. അവര്‍ ഒരു കുഞ്ഞിനായി ആഗ്രഹിച്ചു എങ്കിലും വിവാഹം കഴിഞ്ഞ് ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും മക്കളുണ്ടായില്ല. എങ്കിലും അവര്‍ നിരാശപ്പെടാതെ പ്രാര്‍ത്ഥന തുടര്‍ന്നു.

ഒടുവില്‍ ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ട് അവര്‍ക്ക് ഒരു കുഞ്ഞിനെ നല്‍കി. ആ കുഞ്ഞു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവളായിരിക്കും എന്നും അവള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ദൈവാലയത്തില്‍ ദൈവത്തെ സേവിക്കും എന്നും ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവളാണെന്നും, യോവാക്കിം അന്നാ ദമ്പതികള്‍ക്ക് ദൈവം വെളിപ്പെടുത്തലുകള്‍ നല്‍കിയിരുന്നു. അതിനാല്‍ തന്നെ ദൈവികമായ കാര്യങ്ങളില്‍ ഊന്നല്‍ കൊടുത്ത് ആഴമായ വിശ്വാസത്തില്‍ മറിയത്തെ വളര്‍ത്തുവാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply