ബെത്സൈഥാക്കുളം പോൽ ഒരിടവക

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

തങ്ങളുടെ ഇടയിലെ രോഗികൾക്കു മുൻപിൽ കരുണയുടെ പ്രവാഹമായി തീര്‍ന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിഴിഞ്ഞം ഇടവക… 

വി. യോഹന്നാന്റെ സുവിശേഷത്തിൽ അഞ്ചാം അദ്ധ്യായത്തിൽ രോഗശാന്തിയുടെ ഇടമായ ഒരു കുളത്തെപ്പറ്റി പറയുന്നുണ്ട്. അതെ ബെത്സൈഥാക്കുളം തന്നെ. അവിടെ വച്ച് 38 വർഷമായി കിടപ്പിലായിരുന്ന  തളർവാതരോഗിയെ ക്രിസ്തുനാഥൻ സുഖപ്പെടുത്തുന്നുണ്ട്. ഈ ആധുനിക ലോകത്ത് പരസ്പരം മനസ്സിൽ മതിലുകളും അഹന്തകളും നിറയ്ക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും കരുണയുടെയും മാതൃകയായി നിലകൊള്ളുന്ന ഒരു ഇടവക. തങ്ങളുടെ ഇടയിലെ രോഗികൾക്കു മുൻപിൽ കരുണയുടെ പ്രവാഹങ്ങളായി തീരുന്ന ഒരു ജനത. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിഴിഞ്ഞം ഇടവക അതാണ്  ഉത്തരവും.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയാണ് വിഴിഞ്ഞം. ഏതാണ്ട് അയ്യായിരത്തോളം കുടുംബങ്ങൾ ചേർന്ന വിശ്വാസ സമൂഹം. പകുതിയിലേറെയും മത്സ്യതൊഴിലാളികളാണ്. അവിടെ ഒരു ജീസസ്സ് യൂത്ത് പ്രയർഗ്രൂപ്പ് ഉണ്ട്. ഫ്രാൻസിസ് പാപ്പ കരുണയുടെ വർഷം പ്രഖാപിച്ചപ്പോൾ തങ്ങളിലൂടെ വ്യത്യസ്തമായ തരത്തിൽ എന്തെങ്കിലും ചെയ്യണം എന്ന ബോധ്യം അവരിൽ ഉണ്ടായി. അതിനെപ്പറ്റി പ്രയർ ഗ്രൂപ്പ് സീനിയർ അംഗം സജിമോൻ പറയുന്നത് ഇങ്ങനെ “രോഗികളെ വീടുകളിൽ പോയി സന്ദർശിക്കുന്നതും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഞങ്ങളെ കാണുമ്പോൾ അവർക്ക് ഉള്ളു നിറയെ സന്തോഷമാണ്. എന്നിരുന്നാലും പള്ളി കണ്ടിട്ട് വർഷങ്ങളായി എന്ന അവരുടെ സങ്കടം ഞങ്ങൾ ഏറ്റെടുത്തു. ദേവാലയത്തിൽ അവരെ എത്തിച്ച് അവർക്കു വേണ്ടി മാത്രം ഒരു ദിവ്യബലി. പിന്നെ രോഗീലേപനം. അന്നത് ഒരു പരീക്ഷണമായിരുന്നു. രണ്ട് വർഷങ്ങൾക്കു ശേഷം ഞങ്ങളുടെ ജീസസ്സ് യൂത്ത് പ്രയർഗ്രൂപ്പ് 19-ാം വാർഷികവേളയിൽ വീണ്ടും ചെയ്യുവാൻ തീരുമാനിച്ചു.”

വളരെ കാഠിന്യമേറിയ ഒരു മിഷൻ ആയിരുന്നു അത്. ഇടവകവികാരി ഫാ.വിൽഫ്രഡിനോടും സഹവികാരിമാരോടും  പാരീഷ് കൗൺസിൽ അംഗങ്ങളോടും അവർ കാര്യങ്ങൾ അവതരിപ്പിച്ചു. പൂർണ്ണ പിന്തുണ അവർക്കു ലഭിച്ചു. ഇടവകയുടെ ആംബുലൻസ് വിട്ടുകൊടുത്തു. ബി.സി.സി യൂണിറ്റുകൾ വഴി രോഗികളെ കണ്ടെത്തി. സെപ്റ്റംബര്‍ പത്തിന് ( ഞായറാഴ്ച ) രാവിലെത്തെ 10.30 ന്റെ ദിവ്യബലി രോഗികൾക്കായി നീക്കി വച്ചു. എന്നാൽ 250ഓളം വരുന്ന രോഗികളെ എങ്ങനെ പള്ളിയിൽ എത്തിക്കും. ഇടവകയിലെ ഓട്ടോഡ്രൈവർമാരോട് കാര്യം അവതരിപ്പിച്ചു. ഒരു എതിർപ്പും പറയാതെ മുപ്പതോളം ഓട്ടോ സുഹൃത്തുകൾ സധൈര്യം മുന്നോട്ട് വന്നു. എന്നാൽ ഒരു നിബന്ധന അവർക്കുണ്ടായിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ തങ്ങളുടെ സേവനം സൗജന്യമായിരിക്കും എന്നായിരുന്നു അത്.

അങ്ങനെ ആ ദിനം വന്നു. 10 മണിയുടെ വേദപാഠം ക്ലാസ്സുകളുടെ കുർബ്ബാന കഴിഞ്ഞ് അര മണിക്കൂർ കഴിഞ്ഞാൽ 10.30 ന് രോഗികളുടെ കുർബ്ബാന. ഒട്ടോകളും ആംബുലൻസും ഇടവകയുടെ പല ഭാഗത്തയ്ക്ക് കുതിച്ചു. ഒപ്പം യുവജനങ്ങളും.

സാധാരണയായി വാഹനങ്ങൾ കടന്നു പോകാൻ പ്രയാസകരമായ ഇടങ്ങളിൽ അവർ കടന്നു ചെന്നു. വീടുകളിൽ ചെന്ന് രോഗികളെ മാറോടു ചേർത്ത്, വളരെ സാവധാനം അവരെ വേദനിപ്പിക്കാതെ പള്ളിയിൽ എത്തിച്ചു.

“ഓട്ടോതൊഴിലാളികൾ എന്ന നിലയിൽ ഞങ്ങൾ അഭിമാനം കൊണ്ട നിമിഷങ്ങളായിരുന്നു അത്. കാരണം ഞങ്ങളുടെ തൊഴിലൂടെ ചെയ്യാൻ സാധിച്ച ഒരു വലിയ നന്മയാണ് അത്. യാത്രക്കിടയിൽ കിടപ്പു രോഗിയായ അപ്പച്ചൻ നിറകണ്ണുകളുമായി പറഞ്ഞത് ദൈവം  നിങ്ങളെയെല്ലാം അനുഗ്രഹിക്കും എന്നാണ്. ആ വാക്കുകൾ എന്റെ മനസ്സിൽ ഒരു ആനന്ദക്കണ്ണീർ തീർത്തു.” ഓട്ടോ ഡ്രൈവറായ വിനോദിന്റെ വാക്കുകളാണിവ.

പ്രയർ ഗ്രൂപ്പിലെ യുവതലമുറയിൽപ്പെട്ട മത്സ്യതൊഴിലാളിയായ ജയന്റെ അനുഭവം ഇങ്ങനെയാണ്. “ആദ്യം ഞാൻ അവരെ കണ്ട് അറച്ചു നിന്നു. എന്നാൽ പെട്ടെന്നൊരു തോന്നൽ ഇത് ഞാനായിരുന്നു എങ്കിൽ. പിന്നെ ഒന്നും നോക്കിയില്ല. അവരോടൊപ്പം ചേർന്നു നിന്നു. ഈ ബോധ്യം എനിക്ക്  തന്നത് തമ്പുരാനാണ്.”

ദിവ്യബലി ആരംഭിച്ചു. അൾത്താരയ്ക്ക് മുൻപിൽ തങ്ങളുടെ സകല വേദനകളും അവർ ഉയരുന്ന കാസയോടൊപ്പം ക്രിസ്തുവിന് സമർപ്പിച്ചു. അവർക്കു പിന്നിൽ ഒരിടവക നിലവിളിയോടെ കരങ്ങൾ ഉയർത്തി. കണ്ടു നിന്നവരോക്കെ അവർക്കായി പ്രാർത്ഥിച്ചു. അവസാനം രോഗീലേപനം നൽകി അവരോടൊപ്പം കേക്ക് മുറിച്ച് സമ്മാനങ്ങൾ നൽകി തിരികെ വീടുകളിലെക്ക് എത്തിച്ചു.

“പൗരോഹിത്യത്തിന്റെ ആദ്യ നാളുകൾക്കിടയിൽ തന്നെ ഇത്തരമൊരു കരുണയുടെ വലിയ നദി പ്രവാഹത്തിനു സാക്ഷിയായി തീർന്നതു തന്നെ മഹനീയമാണ്. ഓരോ രോഗിയുടെയും അരികിൽ ചെന്ന് അവർക്ക് രോഗീലേപനം നൽകിയപ്പോൾ തങ്ങളുടെ ദുരിതങ്ങളിലും വിശ്വാസത്തിന്റെ തീക്ഷണതയിൽ ജ്വലിക്കുന്ന ഹൃദയങ്ങളെ കാണാൻ ഇടയായി. നവയുഗ ക്രിസ്തുസാക്ഷികളായി നിലകൊള്ളുന്ന ഈ യുവത്വങ്ങളെ പ്രതി ഞാൻ അഭിമാനം കൊള്ളുന്നു.” വിഴിഞ്ഞം  ജീസസ്സ് യൂത്ത് പ്രയർ ഗ്രൂപ്പിന്റെ മേൽനോട്ടം വഹിക്കുന്ന ഇടവക സഹവികാരി ഫാ. വിശാൽ വർഗ്ഗീസിന്റെ വാക്കുകളാണിവ.

ഈ തീരദ്ദേശ ഇടവക ഒന്നാകെ നമ്മോട് പറഞ്ഞു വയ്ക്കുന്നത് ഇത്രമാത്രം. ക്രിസ്തുവിന്റെ പ്രതിരൂപങ്ങളായി തീരുക. നിന്റെ അയൽക്കാരനു മുമ്പിൽ ക്രിസ്തുവിന്റെ കരുണയുടെ മുഖമായി തീരുക. അതെ ലോകമേ, നമ്മുക്ക് ഇവർ മാതൃകയാണ്. ജീവിക്കുന്ന ക്രിസ്തുവിന്റെ പ്രതിരൂപങ്ങൾ.

 ക്ലിന്റന്‍ എന്‍ സി ഡാമിയന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ