
കൊച്ചി: മലങ്കരസഭാ സമാധാനത്തിനായി ഏതറ്റം വരെയും പോകാൻ തയാറാണെന്നു യാക്കോബായ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ. സഭാ സുന്നഹദോസിനുശേഷം പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
സമാധാനത്തിനു വേണ്ടി ഏതുതരത്തിലുള്ള ചർച്ചകൾക്കും താൻ ഒരുക്കമാണെന്നും ഇരുവിഭാഗങ്ങളുടെയും അഭിമാനവും അന്തസും നിലനിർത്തി കേരളസഭയിലെ ഐക്യം സംരക്ഷിക്കാനാണ് തന്റെ പരിശ്രമമെന്നും ഇരുപക്ഷത്തിന്റെയും ആത്മീയ നേതാവ് എന്ന നിലയിലാണ് സഭയിൽ സമാധാനവും ഐക്യവും സ്ഥാപിക്കാൻ സമാധാന ചർച്ചകൾക്കു മുൻകൈയെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായും കൂടിക്കാഴ്ച്ചയ്ക്കു ശ്രമിക്കുന്നുണ്ട്. നാളെ ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.