ഇടനെഞ്ചില്‍ മുഴങ്ങിയ ദൈവവിളി: ക്നാനായ സമൂഹത്തില്‍ നിന്നുള്ള ആദ്യ സ്ഥിര ഡീക്കന്‍ അനില്‍ ഒഴുകയില്‍

ക്നാനായ സമൂഹത്തില്‍ നിന്നുള്ള ആദ്യ സ്ഥിര ഡീക്കന്‍ 

“നിന്റെ ഹൃദയം എവിടെയാണോ, അവിടെയാണ് നിന്റെ നിധിയെന്ന് ഓര്‍ക്കുക,” പൗലോ കൊയ്ലോയുടെ ഈ വാക്കുകള്‍ പോലെ, തന്റെ  ഹൃദയത്തില്‍ മുഴങ്ങിയ ആ ശബ്ദത്തിനു പിന്നാലെ അയാള്‍ സഞ്ചരിച്ചു. ഓരോ മനുഷ്യനിലും അവന്‍ ചെയ്യേണ്ടതായ ഒരു കര്‍മ്മം നിയുക്തമായിരിക്കും. അനില്‍ ഒഴുകയിലിനും താന്‍  ഭൂമിയില്‍ ഭൂജാതനായതിന്റെ ഉദ്ദേശം മനസിലായി. താന്‍ ആത്മീയതയുടെ വഴിയെ സഞ്ചരിക്കെണ്ടവനാനെന്നുള്ള ബോദ്ധ്യം അനില്‍ ഒഴുകയില്‍ എന്ന അല്‍മായനെ ക്നാനായ സമൂഹത്തിലെ ആദ്യ സ്ഥിര ഡീക്കന്‍ പദവിയിലേക്ക് എത്തിച്ചു. കൃത്യമായി പറഞ്ഞാല്‍ ക്നാനായ സമൂഹത്തില്‍ ജനിച്ച്, ലത്തീന്‍ സഭയില്‍ ഡീക്കനായ ആള്‍.

സാധാരണക്കാരനില്‍ നിന്ന് ഡീക്കനിലേക്ക് 

കോട്ടയം പുന്നത്തുറ ഇടവകയിലെ ഒഴുകയില്‍ ലൂക്കോസ് – പെണ്ണമ്മ ദമ്പതികളുടെ മകനായി ജനനം. തമിഴ്നാട് കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന്  കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും പിന്നീട് ബിരുദാനന്തര ബിരുദം നേടിയ അനില്‍ യു കെയിലെ എയെറൊസ്പെയ്സ് എഞ്ചിനീയറിംഗ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അനിമേഷനിലും പ്രാഗത്ഭ്യമുള്ള അനില്‍ 2013 – ലാണ് ഡീക്കനായുള്ള യോഗ്യത പരീക്ഷ വിജയിക്കുന്നത്, തുടര്‍ന്ന് നാല് വര്‍ഷത്തെ പരിശീലനങ്ങള്‍.

പ്രവര്‍ത്തന പാതയിലൂടെ 

ഒരുവന്റെ ഹൃദയത്തില്‍ മുഴങ്ങുന്ന ശബ്ദം ശ്രവിക്കാന്‍ അവനു കഴിയണമെങ്കില്‍ അവനില്‍ ശരികളേയും തെറ്റുകളെയും വേര്‍തിരിക്കാന്‍ തക്ക നന്മ ഉണ്ടാവണം. ക്നാനായ  സഭയിലെ തികഞ്ഞ വിശ്വാസിയായിരുന്ന അനില്‍,  ഡീക്കന്‍ പദത്തിലേക്കുള്ള  തയ്യാറെടുപ്പുകള്‍ക്ക് മുമ്പ് തന്നെ സ്നേഹത്തിന്റെയും നന്മയുടെയും വഴിയെ സഞ്ചരിച്ച വ്യക്തിയായിരുന്നു. സഹജീവികളോടുള്ള സ്നേഹം നല്‍കാനും വേദനിക്കുന്നവര്‍ക്ക്  കൈയ്താങ്ങ് ആകുവാനും ശ്രദ്ധിച്ച അനില്‍  യു കെ – യിലെ ‘സെഹിയോണ്‍’ എന്ന സഭാവിശ്വാസികള്‍ക്കായുള്ള ആത്മീയ സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. 2013 – ല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാഞ്ചെസ്റ്റര്‍ അഭിഷേകാഗ്നിയുടെ അമരക്കാരനായിരുന്ന അനില്‍ കഴിഞ്ഞ വര്‍ഷത്തെ സീറോ മലബാര്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍  രൂപതയുടെ അഭിഷേകാഗ്നിയിലെ  ചെയര്‍മാന്‍ ആയിരുന്നു.  പ്രവാചകശബ്ദം ഓൺലൈൻ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററും കൂടിയാണ് ഡീ​ക്ക​ൻ അ​നി​ൽ ലൂ​ക്കോ​സ്.

സ്വപ്നങ്ങള്‍ക്ക് തെളിച്ചം നല്‍കിയ കുടുംബം 

‘ശരിയായ സ്നേഹം ഒരുവനെ അവന്റെ സ്വപ്നങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കില്ലാ, സ്വപ്നത്തെ സാക്ഷാത്കരിക്കാന്‍ ഒപ്പം നില്‍ക്കുകയേ ചെയ്യൂ’ എന്ന് പറയുന്നത് അന്വര്‍ഥമാക്കും പോലെ അനിലിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന്റെ പങ്കാളി സോണിക്കു സാധിച്ചു.  അനിലിന്റെ ആത്മീയ യാത്രയ്ക്ക്  പ്രചോദനമായി അവര്‍ നിലകൊള്ളാന്‍ അവര്‍ ശ്രമിച്ചു. ആല്‍ഫി, റിബിനാ, റിയോന്‍, എലേന എന്നിവര്‍ മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ