570  മൈലുകള്‍ പിന്നിട്ട് തീര്‍ത്ഥാടക മുത്തശ്ശി 

എമ്മ മോറോസിനി എന്ന തൊണ്ണൂറ്റിനാലുകാരി ഇപ്പോള്‍ അറിയപ്പെടുന്നത് ‘തീര്‍ത്ഥാടക മുത്തശ്ശി’ എന്ന പേരിലാണ്. പ്രായത്തിന്റെ അവശതകള്‍ അവഗണിച്ചു കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ഈ മുത്തശ്ശി നടത്തിയ തീര്‍ത്ഥാടനമാണ് അവര്‍ക്ക് ആ പേരു സമ്മാനിച്ചത്. പ്രാര്‍ത്ഥനാപൂര്‍വ്വം മുത്തശ്ശി നടന്നത് ഒന്നും രണ്ടും മൈലുകളല്ല. 570 മൈലുകള്‍. ഗ്വാഡലൂപ്പിയിലെ മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം മുത്തശ്ശി നടത്തിയ ഈ തീര്‍ത്ഥ യാത്ര മേയ് പന്ത്രണ്ടാം തിയതി അവസാനിച്ചു.

വടക്കുകിഴക്കന്‍ മെക്‌സിക്കോയിലെ മോണ്‍ട്രേയില്‍ നിന്നും മെക്‌സിക്കോ സിറ്റിയിലെ  ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പി ബസലിക്കയിലേയ്ക്കുള്ള തീര്‍ത്ഥയാത്ര മുത്തശ്ശി നടത്തിയത്  നാല്പതു ദിവസങ്ങള്‍ കൊണ്ടാണ്. മേയ് പന്ത്രണ്ടാം തിയതി ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പി ബസലിക്കയില്‍ എത്തിയ മുത്തശ്ശി കുടുംബങ്ങള്‍ക്കും യുവജനത്തിനും ലോക സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. ഇറ്റലിയില്‍ നിന്നുള്ള മോറോസിനി കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി ലോകമെമ്പാടുമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൂടെ യാത്രയിലാണ്.

പോര്‍ച്ചുഗല്‍, സ്‌പെയിന്‍, പോളണ്ട്, ഇസ്രായേല്‍, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മുത്തശ്ശി ഇതിനോടകം സന്ദര്‍ശിച്ചു കഴിഞ്ഞു. ഈ തീര്‍ഥാടന വേളയില്‍ മോറോസിനി രാവിലെ 6:30 ന് നടത്തം ആരംഭിക്കും. ഒരു ചെറിയ സ്യൂട്ട്‌കേസും ഒരു കുടയും കയ്യില്‍ കരുതും. ഭക്ഷണമായി പാലും ബ്രഡും വെള്ളവും കയ്യില്‍ ഉണ്ടാവും. യാത്രക്കിടെ ദാനമായി പഴങ്ങള്‍ ലഭിച്ചാല്‍ അതും സ്വീകരിക്കും. യാത്രയില്‍ മുത്തശ്ശിയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായി മെഡിക്കല്‍ സംഘങ്ങളും പോലീസും ഇടക്കിടെ പരിശോധനകള്‍ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply