ലാറ്റിന്‍ വിമന്‍സ് അസോസിയേഷന്‍ മാര്‍ച്ചിനു നേരേ പോലീസ് ലാത്തി ചാർജ്

തിരുവനന്തപുരം: ബോണക്കാട്ട് തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വനംമന്ത്രിയുടെ വസതിയിലേക്ക് കേരളാ ലാറ്റിന്‍ വിമന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. സംഭവത്തില്‍ വനംമന്ത്രി നല്കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടു ഇന്നലെ നടന്ന മാര്‍ച്ചില്‍ പോലീസ് അതിക്രമം അഴിച്ചുവിട്ടു. പോലീസ്  അതിക്രമത്തില്‍  രണ്ടു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. വാരിയെല്ല് തകര്‍ന്ന മൂന്നു വനിതകളുടെ നില ഗുരുതരമാണ്.

ആനപ്പാറ സ്വദേശിനി മോളി അശോകന്‍, തെന്നൂര്‍ സ്വദേശിനി ഷീജ, മൈലക്കര സ്വദേശിനി ബിന്ദു ജസ്റ്റിന്‍ എന്നിവര്‍ക്കാണ് വാരിയെല്ലിനു പൊട്ടലേറ്റത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാത്തിയടിയില്‍ പരിക്കേറ്റ സിസ്റ്റര്‍ എലിസബത്ത്, വട്ടപ്പാറ സ്വദേശിനി ഓമന, അരുവിക്കര സ്വദേശിനി അജീഷ്‌കുമാരി എന്നിവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. വിതുര വിസിറ്റേഷന്‍സ് കോണ്‍വെന്റിലെ സിസ്റ്റര്‍ മേബിളിന്റെ ശിരോവസ്ത്രം പോലീസ് വലിച്ചെറിഞ്ഞു.

മാര്‍ച്ചും പ്രകടനവും നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജെ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു പ്രകടനമായി മന്ത്രിയുടെ വസതിക്കു മുന്നിലേക്ക് എത്തിയ വിമന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും പോലീസ് അക്രമണം ആരംഭിക്കുകയുമായിരുന്നു. ലാത്തിയടിയില്‍ പരിക്കേറ്റവര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പ്രതിഷേധത്തം തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പാറശാല ഫൊറോനാ വികാരി ഫാ. റോബര്‍ട്ട് വിന്‍സെന്റ്, നെയ്യാറ്റിന്‍കര ഫൊറോനാ കെസിവൈഎം ഡയറക്ടര്‍ ഫാ. റോബിന്‍ സി.പീറ്റര്‍ എന്നിവര്‍ ആശുപത്രിയിലെത്തി നേരില്‍കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ