നിർവ്യാജമായ ജീവിതവും സ്നേഹവും സമ്പത്തും ക്രൈസ്തവർ പിന്തുടരണം: മാർപ്പാപ്പ

നിത്യജീവൻ സ്വന്തമാക്കാൻ ഞാൻ എന്തു ചെയ്യണം എന്ന സമ്പന്നനായ യുവാവിന്റെ ചോദ്യത്തെ ധ്യാനിച്ചുകൊണ്ട്, പത്ത് കൽപനകളെക്കുറിച്ചാണ് സെന്റ് പീറ്റേഴ്സ് സ്വകയറിൽ എത്തിയ തീർത്ഥാടകരോട് ബുധനാഴ്ച മാർപ്പാപ്പ സംസാരിച്ചത്.

എല്ലാ നിലനിൽപ്പിനെയും വെല്ലുവിളിക്കുന്ന ചോദ്യമായിരുന്നു അത്. എല്ലാവർക്കും ആഗ്രഹമുണ്ട്, നിത്യജീവൻ നേടണമെന്ന്. എന്നാൽ അതിനുവേണ്ടി ചെയ്യേണ്ടതെന്തൊക്കെയാണെന്ന്  പലർക്കും അറിയില്ല. മാർപ്പാപ്പ പറഞ്ഞു.

ദുർബ്ബലഹൃദയരാവാതിരിക്കുക

വലുതോ ചെറുതോ ആയ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ ദുർബ്ബലഹൃദയരാവാതിരിക്കുക. മറിച്ച് കർത്താവിനോട് ഓരോ നിമിഷവും പ്രാർത്ഥിക്കാം. പൂർണ്ണവും മനോഹരവുമായ ഒരു ജീവിതം സാധ്യമാകുന്നതിനുവേണ്ടി. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

പരിമിതികളെ അംഗീകരിക്കുക

കൽപ്പനകൾ അനുസരിക്കുന്നുണ്ടെന്ന് ധനികനായ യുവാവ് പറഞ്ഞെങ്കിലും മറ്റൊരു കാര്യം കൂടി യേശു അയാളോട് ചെയ്യാൻ ആവശ്യപ്പെട്ടു. അയാളുടെ ജീവിതം പൂർണ്ണമല്ല എന്ന് യേശു മനസിലാക്കിയതിനാലാണത്. സ്വന്തം കുറവുകളെയും പരിമിതികളെയും മനസിലാക്കാൻ സാധിക്കുമ്പോഴാണ് ഒരാൾ പക്വത പ്രാപിക്കുന്നത്.

ശുഷ്കിച്ച ഹൃദയമാവരുത് ക്രിസ്ത്യാനിയുടേത്

സമ്പത്ത് ദാനം ചെയ്തുകൊണ്ട് സ്വർഗത്തിൽ നിക്ഷേപം കൂട്ടാൻ യേശു ആ യുവാവിനെ ക്ഷണിച്ചു. അത് യുവാവ് നിരസിച്ചപ്പോൾ യേശു ചുറ്റുമുണ്ടായിരുന്നവരോട് പറഞ്ഞു, വ്യാജവും ശുഷ്കവുമായ ഹൃദയത്തോടെ ആർക്കും പൂർണ്ണത പ്രാപിക്കാൻ സാധിക്കില്ല എന്ന്.  കാരണം നിയമത്തെ അസാധുവാക്കാനല്ല, സാധ്യമാക്കാനാണ് യേശു വന്നത്.

അതുകൊണ്ട് നിർവ്യാജമായ സമ്പത്തും ജീവിതവും സ്നേഹവും ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുക. യേശു തുറന്നിട്ട പാതയിലൂടെ പൂർണ്ണതയിലേക്ക്, നിത്യജീവിതത്തിലേക്ക് എത്തിച്ചേരുകയും ചെയ്യാം. മാർപ്പാപ്പ പറഞ്ഞു.

Leave a Reply