പണത്തെ ആരാധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മാർപാപ്പ

ദൈവത്തിന്റെ ആലയം എന്ന പരിഗണനയും ബഹുമാനവും ദൈവാലയങ്ങൾക്ക് നൽകണമെന്നും പണത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ കച്ചവട സ്ഥലമാക്കരുതെന്നും വിശ്വാസികളോട് മാർപാപ്പ. കാസാ സാന്താ മാർത്തയിലെ വിശുദ്ധ കുർബാനയ്ക്കിടയിലെ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. എന്റെ പിതാവിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലമാക്കരുതെന്ന് കൽപിച്ചുകൊണ്ട് ജറുസലേം ദേവാലയത്തിൽ കച്ചവടം ചെയ്തിരുന്നവരെ ഈശോ ഇറക്കിവിട്ട വിശുദ്ധ ഗ്രന്ഥ ഭാഗം വായിച്ചുകൊണ്ടാണ് പാപ്പാ സംസാരിച്ചത്.

പണം ഒരു തരത്തിൽ വിഗ്രഹമാണ്. ദൈവത്തേക്കാളും ദൈവാലയത്തേക്കാളുമൊക്കെ പണത്തെ സ്നേഹിക്കുന്നവർ വിഗ്രഹങ്ങളെയാണ് ആരാധിക്കുന്നത്. കൂദാശകളെ വിൽപ്പനയ്ക്കെന്ന രീതിയിൽ പ്രവർത്തിക്കുന്ന ദൈവാലയങ്ങളെയും പാപ്പാ അതിൽ നിന്ന് വിലക്കി.

അതുപോലെ തന്നെയാണ് ലൌകികതയുടെ പിന്നാലെയുള്ള പാച്ചിലും. ദൈവാലയങ്ങളിലെ ആഘോഷങ്ങൾ ഒരിക്കലും പരിധി വിടരുത്. ദൈവത്തിന്റെ ആലയമാണതെന്ന ബോധ്യം എപ്പോഴും ഉണ്ടാവണം. ആഘോഷങ്ങൾ മനോഹരമാക്കാം എന്നാൽ ലൌകികമാക്കരുത്.

പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ പറയുന്നുണ്ട്, നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ ആലയമാണെന്ന്. അതുകൊണ്ട് ഒന്നു ചിന്തിച്ചു നോക്കൂ നിങ്ങളുടെ ഹൃദയം ദൈവത്തിന്റെ ആലയമാണോ അതോ വിഗ്രഹാരാധനയുടെ കൂടാണോ എന്ന്. ഹൃദയത്തിൽ തിന്മയാണുള്ളതെങ്കിലും വിഷമിക്കേണ്ട, കരുണയുള്ള ഒരു കർത്താവാണല്ലോ നമുക്കുള്ളത്. അവിടുന്നിലേക്ക് തിരിയാൻ വൈകാതിരുന്നാൽ മതി. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ