മാമ്മോദീസത്തീയതി ഓര്‍മദിനമാക്കുക!’ – ഫ്രാന്‍സീസ് മാർപാപ്പാ

വിശ്വാസികളെല്ലാവരും തങ്ങളുടെ മാമ്മോദീസായുടെ ഓർമ്മദിനം ആഘോഷിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഞായറാഴ്ച സിസ്റ്റൈൻ ചാപ്പലിൽ വിശുദ്ധ കുർബാനയ്ക്കിടെ 34 കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ദൈവത്തിന്റെ വലിയ സമ്മാനമായ മാമ്മോദീസ സ്വീകരിച്ച ദിനം ഏതെന്ന് ഓരോരുത്തരും കണ്ടെത്തണമെന്നും ഓരോ വർഷവും അത് ജന്മദിനാഘോഷം നടത്തുന്നതുപോലെ കൊണ്ടാടണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു.

ഈശോയുടെ മാമ്മോദീസായെ അനുസ്മരിച്ചുകൊണ്ട് എല്ലാവർഷവും സിസ്റ്റൈൻ ചാപ്പലിൽ മാർപ്പാപ്പ കുഞ്ഞുങ്ങളൾക്ക് മാമ്മോദീസ നൽകാറുണ്ട്. ഈശോയുടെ മാമ്മോദീസായുടെ ഓർമ്മയാചരണത്തോടുകൂടി ക്രിസ്തുമസ് കാലം അവസാനിക്കുകയാണെന്നും ഇനിമുതൽ നമ്മുടെ ഓരോരുത്തരുടെയും സ്വന്തം മാമ്മോദീസാ ദിനത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും മാർപ്പാപ്പ പറഞ്ഞു. “സത്യത്തിലേയ്ക്ക് തന്റെ മക്കളുടെ ഹൃദയങ്ങളെ ദൈവം തുറന്ന ആ നല്ല ദിനമേതെന്ന് ഓരോരുത്തരും കണ്ടെത്തുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ഓരോ വർഷവും ആചരിക്കുകയും ചെയ്യണം” മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

“തന്റെ എളിമയുടെയും മനുഷ്യ സ്വഭാവത്തിന്റെയും ആവിഷ്കാരമായിരുന്നു ഈശോയുടെ ജോർദ്ദാനിലെ മാമ്മോദീസ സ്വീകരണം. പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് ഈശോയ്ക്ക് അത് സാധ്യമായത്. അതേ പരിശുദ്ധാത്മാവിനെയാണ് നമ്മുടെ മാമ്മോദീസാ വേളയിലും ദൈവം തരുന്നത്. മാത്രമല്ല ദൈവത്തിന്റെ കരുണ വെളിപ്പെടുത്തി തരുന്നതും ദൈവത്തിന്റെ സ്വരം നമ്മിലേയ്ക്കെത്തിക്കുന്നതും ഇതേ പരിശുദ്ധാത്മാവാണ്. അതുകൊണ്ടുതന്നെ ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണ ദിനം ഓരോ ക്രൈസ്തവനോടും ആവശ്യപ്പെടുന്നതിതാണ്. നിങ്ങളുടെ മാമ്മോദീസാ ദിനം കണ്ടെത്തി അത് ആചരിക്കുക. കാരണം ആ ദിനം മറക്കുക എന്നാൽ ദൈവം നമുക്ക് ചെയ്ത അനുഗ്രഹങ്ങളെ മുഴുവൻ അവഗണിക്കുക എന്നാണ്” മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

മാമ്മോദീസായാൽ നാം യേശുക്രിസ്തുവിൽ പൊതിയപ്പെടുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് നമ്മോട് തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും യോഗ്യരാക്കപ്പെടുക കൂടിയാണ്. എളിയവരിലും പാവപ്പെട്ടവരിലും ദൈവത്തിന്റെ മുഖം കാണുവാനും അത് നമ്മെ സഹായിക്കുന്നു.

പരിശുദ്ധ അമ്മയുടെ കരങ്ങളിലൂടെ കുഞ്ഞുങ്ങളെ ഈശോയ്ക്ക് സമർപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് മാർപ്പാപ്പ തന്റെ സന്ദേശം അവസാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here