ഗ്വാട്ടിമാല അഗ്നിപർവത സ്ഫോടനത്തിലെ ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി മാർപ്പാപ്പ

ഗ്വാട്ടിമാലയിലെ അഗ്നിപർവത സ്ഫോടനത്തിലെ ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി മാർപ്പാപ്പ. ശക്തമായ സ്ഫോടനത്തിൽ മരിച്ച 69 പേരെയും അപകടങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചവരെയും മാർപ്പാപ്പ അനുസ്മരിച്ചു.

മാർപ്പാപ്പയ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിൻ, ഗ്വാട്ടിമാലയിലെ അപ്പസ്തോലിക് നൂൺഷ്യോ കർദിനാൾ നിക്കോളാസ് തേവനിന് അയച്ച ടെലഗ്രാം സന്ദേശത്തിലാണ് മാർപ്പാപ്പ തന്റെ അനുശോചനം അറിയിച്ചത്.

സ്ഫോടന വാർത്ത തന്നെ ദുഖിതനാക്കിയെന്നും ധാരാളം പേർ ഈ ദുരന്തത്തിന് ഇരകളായതായി മനസിലാക്കുന്നു എന്നും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് അറിഞ്ഞുവെന്നും സന്ദേശത്തിലൂടെ മാർപ്പാപ്പ പറഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ടവർക്കുവേണ്ടിയും നാശനഷ്ടങ്ങളും കെടുതികളും കൊണ്ട് മനസ് മടുത്തവർക്കുവേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ദുരന്തമുഖത്ത് സേവനം ചെയ്യുന്നവരെയും ദൈവത്തിന്റെ പ്രത്യേക കാരുണ്യത്തിനും അനുഗ്രഹത്തിനുമായി സമർപ്പിക്കുന്നു. മാർപ്പാപ്പ പറഞ്ഞു.

69 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും 17 പേരുടെ മൃതദേഹം മാത്രമേ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ. 3000 ത്തോളം ആളുകളെ ദുരന്തമേഖലയിൽ നിന്ന് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. പ്രാദേശിക കാരിത്താസ് ഓർഗനൈസേഷന്റെ സഹായവും സേവനവും അവർക്ക് ലഭ്യമാക്കിയിട്ടുമുണ്ട്.

Leave a Reply