അനാരോഗ്യകരമായ കുടിവെള്ളം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വലിയ അപമാനം: മാർപാപ്പ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യവംശത്തിന്റെ വലിയ നാണക്കേടാണ് ശുദ്ധജല ദൗർലഭ്യമെന്ന് മാർപാപ്പ. നവംബർ എട്ടാം തിയതി റോമിലെ പൊന്തിഫിക്കൽ അർബേനിയാന യൂണിവേഴ്സിറ്റിയിൽ, ‘പൊതുനന്മയുടെ പരിപാലനം, എല്ലാ ജനങ്ങൾക്കും ശുദ്ധജലം’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഏകദിന സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ലോകത്തിന്റെ പല കോണുകളിലും ശുദ്ധജലം ലഭ്യമല്ലെന്ന് മാത്രമല്ല, മലിനജലം ഉപയോഗിക്കുന്നതിന്റെ അനന്തരഫലമായി നിരവധിയാളുകൾ മരിക്കുന്നുമുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ നാണക്കേടാണിത്. എന്നാൽ ശുദ്ധജലം ലഭ്യമല്ലാത്ത രാജ്യങ്ങളിലും ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും യാതൊരു ക്ഷാമവുമില്ലെന്നതാണ് അതിനേക്കാളൊക്കെ അതിശയകരവും നിരാശാജനകവും. രാജ്യത്തിന്റെ അവസ്ഥയെ കൂടുതൽ വഷളാക്കുന്നതാണത്. പാപ്പാ പറഞ്ഞു.

കുടിവെള്ളത്തേക്കാൾ ഉപരിയായി അഴിമതിയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പ്രാധാന്യം നൽകുന്നവരുമുണ്ട്. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഈ വിഷയം കൂടുതൽ ഗൗരവമായി ചർച്ച ചെയ്യണം. ശുദ്ധജല ലഭ്യത മനുഷ്യാവകാശങ്ങളിൽ പെട്ടതാണെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവണം. പാപ്പാ ഓർമിപ്പിച്ചു.

എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു എന്ന വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ വചനമാണ് ഇവിടെ നാം പാലിക്കേണ്ടത്. ഒരു സമൂഹത്തിന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും ജലം വഹിക്കുന്ന പങ്കും വിസ്മരിക്കരുത്. വിശുദ്ധ ഫ്രാൻസിസ് അസീസി പറഞ്ഞ കാര്യവും ഇവിടെ പ്രസക്തമാണ്. “ഉപകാരപ്രദവും മാനുഷികവും അമൂല്യവു൭ം പാവനവുമായ ഒന്നാണ് ജലം.” പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ