മേയ് മാസം ഓരോരുത്തരുടെയും പ്രത്യേക ജീവിതദൗത്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ 

സഭാ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ നിലകൊള്ളുന്നവരാണ് അത്മായര്‍ എന്നും അതിനാല്‍ എല്ലാ മേഖലകളിലും ഉള്ള അത്മായരുടെ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കണം എന്നും ഫ്രാന്‍സിസ് പാപ്പാ. മേയ് മാസത്തെ പ്രത്യേക പ്രാര്‍ത്ഥനാ നിയോഗം വെളിപ്പെടുത്തികൊണ്ട് പുറത്തിറങ്ങിയ വീഡിയോയിലാണ് പാപ്പാ അത്മായരുടെ ദൗത്യനിര്‍വഹണം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടത്.

“സഭാ ജീവിതത്തില്‍ അത്മായരുടെ സ്ഥാനം മുന്‍പന്തിയിലാണ്. ഭയപ്പെടാതെ പുറത്താക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ ആളുകള്‍ക്കു പ്രത്യാശ പകരുന്ന അത്മായരോട്  സഭ നന്ദി പറയുന്നു. അത്മായര്‍ മാമ്മോദീസയിലൂടെ തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക ദൗത്യങ്ങള്‍ നിറവേറ്റുന്നതിനും പ്രതിസന്ധികള്‍ നിറഞ്ഞ ലോകത്തില്‍ സര്‍ഗാത്മകമായ സേവനങ്ങള്‍ നല്‍കുന്നതിനും വേണ്ടി വിശ്വാസപൂര്‍വം നമുക്ക് ഒന്നുചേര്‍ന്നു പ്രാര്‍ത്ഥിക്കാം.” മേയ് മൂന്നാം തിയതി പുറത്തിറക്കിയ വീഡിയോയിലൂടെ പാപ്പാ പറഞ്ഞു.

സുവിശേഷ സത്യങ്ങള്‍ക്കായി ഉള്ള അത്മായരുടെ സാക്ഷ്യവും മറ്റുള്ളവരുമായി ഉള്ള ഐക്യദാര്‍ഢ്യത്തില്‍ നിന്നുരുത്തിരിഞ്ഞ അനുഭങ്ങളും നമുക്കാവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്‍ ടെലിവിഷന്റെ സഹകരണത്തോടെ ആഗോള പ്രാര്‍ത്ഥനാ ശൃഖലയായ അപ്പസ്‌തോല്‍ഷിപ്പ് ഓഫ് പ്രയര്‍ ആണ് വത്തിക്കാന്റെ ഓരോ മാസത്തെയും പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

സഭയുടെ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥനയേയും പ്രാര്‍ഥനയിലൂടെ ക്രിസ്ത്യാനികളെയും പ്രോത്സാഹിപ്പിക്കുന്നതിന് 1884 ല്‍ ഫ്രാന്‍സിലെ ജെസ്യൂട്ട് വൈദിക വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചതാണ് അപ്പസ്‌തോല്‍ഷിപ്പ് ഓഫ് പ്രയര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply