മാലാഖമാരൊത്ത് സ്‌കൂളിൽ പോയ കാലം

ഇന്ന് കാവൽ മാലാഖമാരുടെ തിരുനാളാണ്. ബാല്യത്തിൽ പഠിച്ച ദൈവികകാര്യങ്ങളെക്കുറിച്ചുള്ള അറിവുകളിൽ ഏറ്റവും ആനന്ദം പകർന്നത് കാവൽ മാലാഖമാരെക്കുറിച്ചുള്ള അറിവായിരുന്നു.

വീട്ടിലെ മുതിർന്നവരും വേദപാഠം പഠിപ്പിച്ചിരുന്ന ടീച്ചർമാരും പറഞ്ഞുതരുമായിരുന്നു – നമ്മുടെ കൂടെ ഇപ്പോഴും ഒരു കാവൽ മാലാഖ ഉണ്ട്. എല്ലാ അപകടങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാൻ കാവൽ മാലാഖ വരും എന്ന്.

അതായിരുന്നു ബാല്യത്തിൽ കേട്ട ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്. അപകടത്തിൽ നിന്ന് രക്ഷിക്കാൻ ഇപ്പോഴും ഒരാൾ കൂടെയുണ്ടെന്ന്! അതിനേക്കാളും വലിയ പ്രൊട്ടക്ഷൻ വേറെ എന്താണ്? സംരക്ഷിക്കാൻ വരുന്ന മാലാഖ ഭൂമിയിൽ നിന്നല്ല; ദൈവത്തിന്റെ അടുത്ത് നിന്ന് വരുന്നതാണ്. പിന്നെന്താണ് പേടിക്കാനുള്ളത്. ദൈവത്തിന്റെ അടുത്തു നിന്ന് വരുന്ന ഒരാൾ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടെന്ന്!

വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഉള്ള ദൂരം രണ്ടു മൂന്ന് കിലോമീറ്ററാണ്. നടന്നു പോകണം. മണ്ണിട്ട റോഡാണ്. അന്ന് ആ നാട്ടിലെങ്ങും ഇലക്ട്രിസിറ്റിയോ ഫോണോ ഒന്നും ഇല്ല. ഗ്രാമം എന്നാൽ തികച്ചും ഗ്രാമം തന്നെ. കുറച്ചു സമയം മൺ റോഡിലൂടെ  നടന്നിട്ട്, പിന്നെ, റബർ തോട്ടങ്ങളിലൂടെയാണ്‌ നടപ്പ്. പല ദിവസങ്ങളിലും കൂട്ടിന് ആരും ഇല്ല താനും.

പോകുന്ന വഴിക്ക് പകൽ പോലും ഇരുട്ട് ഉള്ള ചില സ്ഥലങ്ങളുണ്ട്, . കാപ്പിത്തോട്ടങ്ങൾ, കൊക്കോ മരങ്ങൾ കൂടിനിൽക്കുന്നിടം, കൈത്തോടുകൾ…അതിലെയൊക്കെ അന്ന് കടന്നു പോകുമ്പോൾ ഉള്ളിൽ ഭയം തോന്നും. കേട്ടിട്ടുള്ള ഭൂത-പ്രേത-പിശാച്-യക്ഷി കഥകൾ ഒക്കെ മനസിലേയ്ക്ക് വരും. മറക്കാൻ മനഃപൂർവം ശ്രമിച്ചാലും ഇരുട്ട് നിറഞ്ഞ ഇടങ്ങളിൽ ആ കഥാപാത്രങ്ങൾ ഒക്കെ അങ്ങ് കടന്നുവരും.

പിന്നോട്ടോ വശങ്ങളിലേയ്ക്കോ നോക്കാതെ, മുന്നോട്ടു തന്നെ നോക്കി നടക്കും. മനസിൽ മനഃപൂർവം കാവൽ മാലാഖമാരെ കൊണ്ടുവരും. അവർ കൂടെയുണ്ട് എന്ന് മനസ്സിൽ ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കും. സത്യത്തിൽ അപ്പോൾ മാലാഖമാർ കൂടെയുണ്ടെന്നും ആരും ഉപദ്രവിക്കില്ലെന്നും ഉള്ള ശക്തമായ വിശ്വാസം മനസിലേയ്ക്ക് വരും. ചാച്ചനും അമ്മയും പറഞ്ഞുതന്നിട്ടുള്ളത് ഒരിക്കലും തെറ്റില്ല എന്നത് മനസിലെ വലിയ ഉറപ്പായിരുന്നു. പോകുന്ന വഴികളിൽ പാമ്പുകൾ ഉണ്ടായിരുന്നതുകൊണ്ട്, ഗീവർഗീസ് പുണ്യാളനെയും -അരുവിത്തുറ വല്യച്ചൻ- കൂട്ടു വിളിക്കുമായിരുന്നു. എന്നാലും കൂടുതൽ സമയം കൂട്ട് കാവൽ മാലാഖമാർ തന്നെ!  അങ്ങനെ മാലാഖമാരോത്തു സ്‌കൂളിൽ പോയത് എത്ര വർഷങ്ങൾ ആയിരുന്നു!

പിന്നീട് വളർന്നപ്പോൾ മനസിലായി, മാലാഖാമാർക്ക് മനുഷ്യ രൂപം കൂടിയുണ്ടെന്ന്. ഇതു വരെയുള്ള ജീവിതത്തിൽ അങ്ങനെയുള്ള നിരവധി മാലാഖമാരെ കാണാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നു. എത്രയോ അപകടങ്ങളിൽ നിന്ന് സംരക്ഷിച്ചത് മനുഷ്യരൂപത്തിലുള്ള മാലാഖാമാരാണ്!

വർഷങ്ങൾക്കു മുൻപ്, ഇറ്റലിയിലെ ഫോജാ റെയിൽവേ സ്റ്റേഷന്റെ (വിശുദ്ധ പാദ്രെ പിയോയുടെ തീർത്ഥാടന കേന്ദ്രത്തിനടുത്തുള്ള റെയിൽവേ സ്റ്റേഷൻ) മുൻപിലെ വിളക്ക് മരത്തിന്റെ ചുവട്ടിൽ, ഒരു വേനൽ രാത്രിയിൽ, തലകറങ്ങി, പിന്നെ ബോധം മറഞ്ഞു കിടന്ന എന്റെ അടുത്തുവന്ന്, തലയിലും മുഖത്തും വെള്ളം ഒഴിച്ച്, താങ്ങി എഴുന്നേല്പിച്ച് , ആംബുലൻസ് വിളിച്ച്   ആശുപത്രിയിലേയ്ക്ക് വിട്ടത് ഒരു ഇറ്റാലിയൻ സ്ത്രീയും അവരുടെ ഏതാണ്ട് എട്ടു വയസു പ്രായമുള്ള കുട്ടിയുമായിരുന്നു. അവർ മാലാഖമാർ അല്ലെങ്കിൽ പിന്നെ ആരാണ് എന്നെ സംബന്ധിച്ചു മാലാഖമാർ?

അതുപോലെ തന്നെ മാലാഖമാരുടെ വേഷം ധരിച്ച പിശാചുക്കളെയും കാണാൻ ഇടയായി. മനോഹരമായ രൂപവും വാക്വിലാസവും ആണെങ്കിലും ചെയ്തികളിൽ സാക്ഷാൽ പിശാച് തോറ്റുപോകും. അത്തരം വ്യക്തികളിൽനിന്നും സാഹചര്യങ്ങളിൽ നിന്നും രക്ഷപെടാൻ പറ്റിയത് ഒറിജിനൽ മാലാഖമാരുടെയും മനുഷ്യരൂപം ധരിച്ച മാലാഖമാരുടെയും സഹായം കൊണ്ടായിരുന്നു എന്നത് തീർച്ചയാണ്.

രാത്രിയിൽ ഉറങ്ങും മുൻപ് മാലാഖമാരോട് പ്രാർത്ഥിച്ചിട്ടു കിടക്കണമെന്നും ബാല്യത്തിൽ പറഞ്ഞുതരുമായിരുന്നു. മാലാഖ കൂട്ടിനുള്ളപ്പോൾ രാത്രിയിൽ ദുസ്വപ്നങ്ങൾ കാണില്ല, ഒരു അപകടവും വരികയുമില്ല എന്നതായിരുന്നു കാരണം. അത് സത്യമായിരുന്നു. ചില രാത്രികളിൽ പേടിച്ചു നിലവിളിച്ചു എഴുന്നേൽക്കുമ്പോൾ ആദ്യം കേൾക്കുന്ന ചോദ്യം “പ്രാർത്ഥിച്ചിട്ടാണോ കിടന്നത്” എന്നായിരുന്നു.

ഇപ്പോഴും പലസാഹചര്യങ്ങളിലും പേടിക്കുകയും നിശബ്ദമായി നിലവിളിക്കുകയും ചെയ്യാറുണ്ട്‌. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാലോചിക്കുമ്പോൾ ഉത്തരം മാലാഖ കൂടെയില്ല എന്നതാണ്. സത്യത്തിൽ മാലാഖ കൂടെയുണ്ട്; ഞാൻ അറിയാതെ പോകുന്നതാണ്.

എങ്കിലും മനസ്സിൽ ബാല്യകാലത്തു മാലാഖമാരൊത്ത് സ്‌കൂളിൽ പോയ ഓർമ്മയാണ്.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ