ദൈവത്തിന്‍റെ ചിത്രം മനുഷ്യ ഹൃദയങ്ങളില്‍ കോറിയിട്ട  ടാറ്റു ആര്‍ട്ടിസ്റ്റ് 

ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ അനുവദിക്കുന്ന സഹനങ്ങള്‍ , അനുഭവങ്ങള്‍ ഇവയെല്ലാം ഒരുവന്റെ തിന്മക്കല്ല, മറിച്ചു നന്മക്കാണ്. നമ്മുടെ ജീവിതത്തിലേയ്ക്ക് ഓരോ വ്യക്തിയുടെയും കടന്നു വരവ് ദൈവം അനുവദിക്കുന്നത്  ഓരോ ലക്ഷ്യത്തോടെയാണ്.  അത് ഊട്ടി ഉറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു മാറ്റ്‌ സിമ്മോന്‍സ് എന്ന  ടാറ്റു കലാകാരന്റെ ജീവിതം.

വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സത്യ ദൈവത്തിലേയ്ക്ക്, ആ വിശ്വാസത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന മാറ്റ് സിമ്മോന്‍സിന്റെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം…

പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേയ്ക്ക് 

മദ്യത്തിനും മയക്കുമരുന്നിനും അടിമയായി,  തോന്നിയ പടി നടന്നിരുന്ന ആളായിരുന്നു മാറ്റ്. യുവത്വം അതിന്റെ ലഹരിയില്‍ ആസ്വദിച്ചു മുന്നേറുന്നതിനിടയിലാണ് അതിൽ നിന്ന് ഒന്നു മാറുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ചിന്ത അവന്റെ ഉള്ളിലേയ്ക്ക് കടന്നു വരുന്നത്. അതിനായി മാറ്റ് ശ്രമിച്ചു എങ്കിലും നിരാശയായിരുന്നു ഫലം. തനിക്കൊറ്റയ്ക്കു ആവുന്നില്ല എന്ന ചിന്ത മാറ്റിനെ കൂടുതൽ നിരാശയിലേയ്ക്ക് തള്ളിയിട്ടു. അങ്ങനെ ഇരിക്കുന്ന അവസരത്തിലാണ് മാറ്റിന്റെ ഒരു സുഹൃത്ത്, ജീവിതത്തിലേയ്ക്ക് ഒരു ദൂതുമായി കടന്നു വരുന്നത്. പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ സുഹൃത്ത് അദ്ദേഹത്തെ പ്രാർത്ഥനയ്ക്ക് ക്ഷണിച്ചു. അവിടെ വന്നാൽ എല്ലാം ശരിയാകും എന്നും  ലഹരിയിൽ നിന്നും മോചിതക്കുവാൻ അവിടുത്തെ ശുശ്രൂഷകൾ സഹായിക്കും എന്ന് സുഹൃത്ത് പറഞ്ഞതോടെ പതിയെ അവരുടെ പ്രാർത്ഥന ശുശ്രൂഷകൾക്കു മാറ്റ് പോയി തുടങ്ങി.

അങ്ങനെ തന്റെ ജീവിതത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. പതിയെ പതിയെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒക്കെ അഡിക്ഷനിൽ നിന്ന് മാറി വിശ്വാസപരവും മാന്യവുമായുള്ള ജീവിതത്തിന്റെ ട്രാക്കിലേക്ക് അദ്ദേഹം എത്തി. ദൈവം തനിക്കായി തിരഞ്ഞെടുത്ത ഒരു വഴിയിലൂടെയാണ്, അല്ലെങ്കിൽ ആ ലക്ഷ്യത്തിലേക്കാണ് താൻ നീങ്ങിക്കൊണ്ട് ഇരിക്കുന്നതെന്നു അദ്ദേഹത്തിന് അപ്പോഴൊന്നും മനസ്സിലായിരുന്നില്ല.

ദൈവഹിതം പോലെ കടന്നെത്തിയ അലന്റാനിയ

പ്രൊട്ടസ്റ്റന്റ് മത വിശ്വാസവും രീതികളും ഒക്കെയായി കടന്നു പോകുന്നതിനിടയിലാണ് ദൈവം അദ്ദേത്തിന്റെ ജീവിതത്തിലേയ്ക്ക് അടുത്ത വ്യക്തിയെ കൊണ്ട് വരുന്നത്. അലന്റാനിയ. അദ്ദേഹത്തിൻറെ ഭാര്യ. പുരാതന കത്തോലിക്കാ വിശ്വാസിയായ അവർ, പള്ളിയിൽ പോക്കും. പ്രാർത്ഥനകളിലും മത ബോധന രംഗത്തെ പ്രവർത്തനങ്ങളിലും ഒകെ വിവാഹ ശേഷവും അവര്‍ ഉപേക്ഷിച്ചില്ല. എന്നാൽ മാറ്റ് അതിനെ എതിർത്തു. മറ്റേതു പ്രൊട്ടസ്റ്റന്റ്കാരനെയും പോലെ അയാള്‍ തന്റെ ഭാര്യയുടെ പ്രവര്‍ത്തികളെയും എതിര്‍ത്തു. എങ്കിലും അലന്റാനിയ തന്റെ പ്രവര്‍ത്തികളും വി. കുര്‍ബാനയിലെ പങ്കാളിത്തവും തുടര്‍ന്ന് പോന്നു.

ഭാര്യയുടെ വിശ്വാസം കണ്ടപ്പോള്‍ അയാള്‍ക്ക് ഒരു ആഗ്രഹം. “ഈ പ്രോട്ടസ്ട്ടന്റ്റ് സഭയില്‍ ഇല്ലാത്ത എന്താ കത്തോലിക്കാ സഭയില്‍ ഉള്ളത്?” അയാള്‍ ആലോചിച്ചു. അതിനായി അയാള്‍ തന്റെ ഭാര്യ പോകാറുള്ള പള്ളിയില്‍ പോയി. അവിടെ എന്തൊക്കെയോ പ്രത്യേകതകള്‍ ഉണ്ടെന്നു മനസിലാക്കിയ അദ്ദേഹം ഇടവകയിലെ വൈദികനെ കണ്ടു. അദ്ദേഹത്തിന്റെടുത്തു നിന്ന് ക്രിസ്തുവിനെ കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും അറിഞ്ഞു. സഭയുടെ മത ബോധനത്തെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. കത്തോലിക്കാ സഭയെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും അറിയുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയം കൂടുതല്‍ ജ്വലിച്ചിരുന്നു.

ഒടുവില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ആ പുസ്തകം എത്തി. ‘ദി കേസ് ഫോര്‍ ക്രൈസ്റ്റ്’. ആ പുസ്തകം വായിച്ചു കഴിഞ്ഞത് ബാത്ത്റൂമില്‍ ഇരുന്നപ്പോഴാണ്. വായിച്ചു തീര്‍ന്ന ഉടനെ അദ്ദേഹത്തിന്‍റെ ഹൃദയം തീവ്രമായ ദൈവാനുഭവത്താല്‍ നിറഞ്ഞു. ആ ബാത്ത് റൂമിന്റെ നിലത്ത് അയാള്‍ മുട്ടുകുത്തി.

സുവിശേഷ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞു വെക്കുന്നു 

2008 -ല്‍ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചു. തുടര്‍ന്ന് നടത്തിയ യാത്രയിലാണ് അദ്ദേഹം മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെ കണ്ടുമുട്ടുന്നത്. അവരുടെ പ്രവര്‍ത്തന രീതികള്‍ അദ്ദേഹത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കി. അവര്‍ കല്‍ക്കട്ടയില്‍ എത്തി. അവിടെ എത്തിയ അദ്ദേഹം രോഗികളുടെ അടുത്തെത്തി. അവര്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മടിയില്‍ കിടന്നു ഒരു രോഗി മരിച്ചു. ആ രോഗിയിലൂടെ താന്‍ ദൈവത്തെ കണ്ടു എന്ന് പിന്നീട് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഈ സംഭവങ്ങളൊക്കെയും അദ്ദേഹത്തെ ദൈവാനുഭവത്തില്‍ ആഴപ്പെടുത്തി. താന്‍ അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയാതിരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. തനിക്ക് ആകുന്ന രീതിയില്‍ കഴിയുന്നവരോടെല്ലാം ദൈവത്തെ കുറിച്ച് മാറ്റ് സംസാരിച്ചു. വിശ്വാസികളായവര്‍ക്ക് തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനുള്ള മാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിത്തുടങ്ങി. അതിനായി തന്റെ ലിങ്കണിലെ ടാറ്റു ഷോപ്പ് ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങി. പല വിശുദ്ധന്മാരുടെയും ജീവിതങ്ങള്‍ മനപ്പാടമാക്കിയ അദ്ദേഹം 2011 ല്‍ തന്റെ ടാറ്റു ഷോപ്പ് നിര്‍ത്തി പകരം സേക്രറ്റ് ഹാര്‍ട്ട് മിനിസ്ട്രീസ് തുടങ്ങി. ക്രിസ്ത്യാനികള്‍ക്ക് അവരുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനുള്ള സഹായം നല്‍കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ആ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ലിങ്കന്‍ രൂപതയുടെ സുവിശേഷവല്‍ക്കരനത്തിന്റെ ഡയരക്ടര്‍ എന്ന സ്ഥാനത്താണ്.

ദൈവം തന്നെ പടി പടിയായി ഉയര്‍ത്തിയത് ഓര്‍ത്ത്‌ നന്ദി പറയുന്ന അദ്ദേഹം ഒരു ഓര്‍മപ്പെടുത്തലാണ്. ദൈവം താന്‍ തിരഞ്ഞെടുത്തവരെ ഒരു കഴുകാനും പിച്ചി ചീന്തുവന്‍ വിട്ടുകൊടുക്കില്ല എന്ന ഓര്‍മപ്പെടുത്തല്‍. തിരഞ്ഞെടുത്തവരെ തന്നിലേയ്ക്കു എത്തിക്കുവാന്‍ പരിശ്രമിക്കുന്ന ഒരു ദൈവം നമുക്കുണ്ട് എന്നതിന്റെ തെളിവാണ് മാറ്റിന്റെ ജീവിതം.

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ