ചില സന്യാസ സമൂഹ വിചാരങ്ങൾ

സന്ന്യാസത്തിന്റെ നേരെഴുത്ത് 9

ക്ലിന്റൺ എൻ. സി. ഡാമിയൻ

ഈവാനിയോസിലെ ചില വൈകുന്നേരങ്ങളിൽ ബഥനി ആശ്രമത്തിലും ബഥനി ബുക്ക് സെന്ററിലും പോകുമായിരുന്നു. ആ കാഷായ വസ്ത്രധാരികളായ സന്യസ്തരോട് വിശേഷങ്ങൾ പങ്കുവച്ച് ചിരിച്ചും കളിച്ചും, ബുക്ക് സെന്ററിൽ പുതുതായി വന്ന പുസ്തകങ്ങൾ വായിച്ചും ചായ കുടിച്ചും വൈദീകരോട് ചോദ്യങ്ങൾ ചോദിച്ചും ഇരുന്നിട്ടുണ്ട്. അന്ന് സന്യാസസമൂഹങ്ങളുടെ പൊന്തിഫിക്കൽ റൈറ്റിനെപ്പറ്റി ആദ്യം പറഞ്ഞു തന്നത് ഗീവർഗ്ഗീസ് തിരുവാലിൽ അച്ചനാണ്.

ചില മുതിർന്ന വൈദികരെ കാണുമ്പോൾ അവിടെയുള്ള യുവ വൈദികർ പറയും. ‘ആ പോകുന്നത് മുൻ പ്രൊവിഷ്യാളാണ്’; ‘അത് പഴയ സുപ്പീരിയർ ജനറൽ ആണ്.’ അതായത് ഒരിക്കൽ ആ സന്യാസ സമൂഹത്തെ ഒരു നിശ്ചിത കാലത്തേയ്ക്ക് നയിച്ചിരുന്നവരായിരുന്നു. തങ്ങളുടെ പദവികളുടെ കാലഘട്ടം കഴിഞ്ഞ് മറ്റുള്ള ആശ്രമാംഗങ്ങളെ പോലെ ഒരു സാധാരണ വൈദികരായി തങ്ങളുടെ ദിനചര്യയിൽ കഴിഞ്ഞു പോകുന്നവർ. പദവികൾ വിട്ടൊഴിഞ്ഞതിനു ശേഷം ഒരിക്കലും തങ്ങളുടെ സന്യാസ സമൂഹങ്ങളുടെ ഭരണകാര്യങ്ങളിൽ ഇടപെടാതെ തങ്ങൾ ആയിരുന്ന പദവിയുടെ തലക്കനമില്ലാതെ തങ്ങളുടെ സന്യാസ ജീവിതത്തിന്റെ അടിസ്ഥാന വ്രതങ്ങളിൽ ഉറച്ചു നിൽക്കുന്നവർ (ബ്രഹ്മചര്യം, ദാരിദ്രം, അനുസരണം). ഒന്നും സ്വന്തമായി കരുതാതെ (കാറും ബൈക്കും ഉൾപ്പെടെ) സന്യാസ സമൂഹത്തിന്റെ പൊതു ആയിട്ടുള്ളവ ഉപയോഗിക്കുന്നവർ. തങ്ങളുടെ സന്യാസ സമൂഹം ആവശ്യപ്പെടുന്ന ആശ്രമങ്ങളിലേക്ക് ഒരു മടിയും എതിർപ്പും പറയാതെ സേവന മനോഭാവുമായി ഇറങ്ങി ചെല്ലുന്നവർ. ഇതു തന്നെയാണ് സുഹൃത്തുക്കളായ കന്യാസ്ത്രീകളും അവരുടെ സന്യാസസമൂഹങ്ങളെപ്പറ്റി പകർന്നു നൽകിയ അറിവും.

സന്യാസ സമൂഹങ്ങളെപ്പറ്റി പറയുകയാണെങ്കിൽ കത്തോലിക്കാ സഭയിലെ മിക്ക സന്യാസസമൂഹങ്ങളും പൊന്തിഫിക്കൽ പദവിയുള്ളതാണ്. അതിനെ പൊന്തിഫിക്കൽ റൈറ്റ് എന്നു പറയുന്നു. പൊന്തിഫിക്കൽ റൈറ്റ് എന്നാൽ പോപ്പിന്റെ കീഴിൽ വരുന്ന സന്യാസസമൂഹങ്ങളാണ്. അതായത് റീത്തുകൾക്ക് അതീതമായി ആ സന്യാസ സമൂഹം സേവനം ചെയ്യുന്ന ഇടങ്ങളിൽ, അവിടെത്തെ ആ രൂപതയുടെ കീഴിൽ ഏതു റീത്തിലാണോ അതു പിൻതുടർന്ന് പോകുന്നു.

എന്നാൽ പ്രാദേശിക ബിഷപ്പിന് അവരെ സേവനത്തിന് ക്ഷണിക്കുന്നതിനും തുടർന്ന് അവരെ വൈദീക സന്യാസ സമൂഹമാണെങ്കിൽ അവരെ ഏതൊക്കെ പള്ളികളിൽ സേവനം ചെയ്യണം എന്നും നിശ്ചയ്ക്കാം. എന്നാൽ അവരുടെ അകത്തളങ്ങളിൽ ഇടപെടാൻ അവകാശമില്ല.

കാരണം ‘Di diritto pontificio’ എന്ന ഇറ്റാലിയൻ ഭാഷയിൽ പറയുന്ന പൊന്തിഫിക്കൽ റെറ്റ് എന്നത് മാർപ്പാപ്പയുടെ അംഗീകാരമാണ്. ‘Pontifical right’ is given the ecclesiastical institutions (the religious and secular institutes, societies of apostolic life) either created by the Holy See or approved by it with the formal decree, known by its Latin name, Decretum laudis [“decree of praise”]. The institutions of pontifical right depend immediately and exclusively on the Vatican in the matters of internal governance and discipline.

ആ സന്യാസ സമൂഹങ്ങളുടെ ഇടയിൽ നിന്നും തിരെഞ്ഞടുക്കപ്പെടുന്ന അംഗങ്ങൾ കൂടി ചേരുന്ന ചാപ്റ്റർ എന്ന സമ്മേളനം തിരെഞ്ഞടുക്കുന്ന പ്രൊവിഷ്യാൾമാരെയും സൂപ്പീരിയർ ജനറലിനെയും മദർ സുപ്പിരിയറിനെയും കുറിച്ച് വത്തിക്കാനിൽ അറിയിക്കേണ്ടതായി ഉണ്ട്. കൂടാതെ തന്നെ ആ സന്യാസസമൂഹത്തിന്റെ നിയമസംഹിതയിൽ ഒരു അംഗത്തിന് എത്ര നാളും എത്രവട്ടവും അതിന്റെ പ്രൊവിൻഷാളും സുപ്പീരിയർ ജനറലും ആയിരിക്കാം എന്നു പറയുന്നുണ്ട്. ഈ ഭരണഘടന (സന്യാസ സമൂഹത്തിന്റെ കാരിസവും പ്രവർത്തനരീതികളും പറഞ്ഞു വയ്ക്കുന്ന രേഖ) വത്തിക്കാൻ അംഗീകരിച്ചാൽ മാത്രമേ ആ സന്യാസ സമൂഹത്തിന് പൊന്തിഫിക്കൽ റൈറ്റ് ലഭിക്കുകയുള്ളൂ.

അതിനോടൊപ്പം തന്നെ പൊന്തിഫിക്കൽ സന്യാസ സമൂഹത്തിൽ നിന്നും ഒരു സന്യസ്ത അംഗം പുറത്തേയ്ക്കു പോകുവാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ അത് വത്തിക്കാനെ അറിയിച്ച് അതിന്റെ നടപടികൾക്ക് വ്യക്തമായി കാരണം കാണിച്ച് അനുമതി നേടണം. മാർപ്പാപ്പയ്ക്ക് ചില കാരണങ്ങൾ കൊണ്ട് സന്യാസസമൂഹങ്ങളുടെ തുടർച്ച നിർത്തുന്നതും അതിനോടപ്പം സന്യാസസമൂഹങ്ങളെ ലയിപ്പിക്കുന്നതിനും അധികാരമുണ്ട്.

പൊന്തിഫിക്കൽ ആകുന്നതിനു മുൻപ് മിക്ക സന്യാസ സമൂഹങ്ങളും രൂപപ്പെടുന്നതു രൂപതയുടെ കീഴിലുള്ള സന്യാസസമൂഹങ്ങളായിട്ടാണ്. A community of diocesan right is one that is under the canonical authority of a bishop in a particular diocese. They are not bound to work or live in that diocese alone, but the bishop who approved them is their canonical Major Superior.

ഉദാഹരണം വിശുദ്ധ മദർ തെരേസ ആരംഭിച്ച മീഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹം തന്നെ എടുക്കാം. 1950 ഒക്ടോബർ 7 ന് കൽക്കത്ത രൂപതയുടെ കീഴിലെ ഒരു രൂപതാ സന്യാസസമൂഹമായിട്ടാണ് വി. മദർ തെരേസ ആരംഭിച്ചത്. താൻ ആദ്യം ചേർന്ന സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ (പൊന്തിഫിക്കൽ റൈറ്റ്) എന്ന സന്യാസിനീസഭയിൽ (അധ്യാപനമായിരുന്നു ആ സന്യസ്ത സമൂഹത്തിന്റെ കാരിസം) നിന്നും ഒരു അധ്യാപികയെക്കാൾ അഗതികൾക്കു വേണ്ടി ഇറങ്ങി തിരിക്കുവാൻ പ്രസ്തുത സന്യാസ സമൂഹം വിട്ടു. തുടർന്ന് കൽക്കത്തയിലെ ശുചീകരണ തൊഴിലാളികളുടെ നീലക്കരയുള്ള സാരി സഭാ വസ്ത്രമായി സ്വീകരിച്ച് കൽക്കത്ത രൂപതയുടെ കീഴിൽ മീഷനറീസ് ഓഫ് ചാരിറ്റീസ് ആരംഭിച്ചു. ഈ സന്യാസസമൂഹത്തിന്റെ വളർച്ച കണ്ട് ലോകവ്യാപനത്തിനായി മാർപ്പാപ്പ മിഷനറീസ് ഓഫ് ചാരിറ്റിയ്ക്ക് പൊന്തിഫിക്കൽ പദവി നൽകി. ലോകത്തിന്റെ ഭാഗങ്ങളിൽ അവരുടെ മിഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു.

രൂപതാ സന്യാസസമൂഹമാകുമ്പോൾ പ്രസ്തുത രൂപതാദ്ധ്യക്ഷന്റെ കീഴിലാണ് സന്യാസ സമൂഹം. അതായത് രൂപതാദ്ധ്യക്ഷനായ ബിഷപ്പും കന്യാസ്ത്രീ സമൂഹത്തിന്റെ മദർ സുപ്പീരിയരും തമ്മിൽ ആ സന്യാസസമൂഹത്തിന്റെ ഒരോ കാര്യങ്ങളിലും തീരുമാനങ്ങളും എടുക്കുന്നതിന് പരസ്പരം കൂടിയാലോചിക്കേണ്ടി വരും. അതിലുപരി ആ സന്യാസസമൂഹത്തിന്റെ പ്രധാന തീരുമാനങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുന്നതും അനുവാദം നൽകുന്നതും ആ ബിഷപ്പ് തന്നെയാണ്. ഒരു അംഗത്തിനെതിരായി ആരോപണമോ പരാതിയോ ഉണ്ടായി അതിൽ അന്വേഷണവും നടപടിയും ശുപാർശ ചെയ്യപ്പെട്ടാൽ അതിന് അന്തിമ തീരുമാനം നൽകുന്നത് രൂപതാ ബിഷപ്പ് തന്നെയാണ്.

എന്നു പറഞ്ഞാൽ നിശ്ചിത കാലത്തേയ്ക്ക് ആ സന്യസ്ത സമൂഹത്തിന്റെ ഭരണത്തലത്തിലേക്ക് മദർ സുപ്പീരിയറും ബിഷപ്പും തമ്മിൽ സജീവമായ ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടാകും. ഒരു പക്ഷേ ബിഷപ്പിനോളം അധികാരം ആ സന്യാസ സമൂഹത്തിൽ ഉള്ള വ്യക്തിയാണ് ഒരു രൂപതാ സന്യാസസമൂഹത്തിന്റെ മദർ സുപ്പീരിയർ അല്ലെങ്കിൽ മദർ ജനറാൾ.

ഒരു ബിഷപ്പിന്റെ കാലാവധി 75 വയസ്സുവരെയും ഒരു മദർ സുപ്പീരിയറിന്റെ കാലാവധി ആ സന്യസ്ത സമൂഹത്തിന്റെ ഭരണഘടന പറയുന്നതു പോലെയാണ് (ഉദാഹരണമായി ചില സന്യാസ സമൂഹങ്ങളുടെ ഭരണഘടനയിൽ പറയുന്നത് 6 വർഷം വീതമുള്ള 2 പ്രാവശ്യം ഒരു അംഗത്തിന് മദർ സുപ്പീരിയറോ, സുപ്പീരിയർ ജനറലോ ആകാം). തുടർന്ന് മറ്റു സന്യസ്തരെ പോലെ സന്യാസ സമൂഹം പറയുന്ന സാധാരണ ആശ്രമത്തിൽ ജീവിതം നയിക്കണം.

ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ഭരണകാര്യങ്ങളിലുള്ള മുന്നറിവുകൾ ഉപയോഗപ്പെടുത്തുതിനായി നിലവിലുള്ള മേലധികാരികൾ മുൻപ് പദവി വഹിച്ചിരുന്നവരുടെ സഹായം തേടാറുണ്ട്. എന്നാൽ പൊന്തിഫിക്കൽ റൈറ്റുള്ള സന്യാസ സമൂഹത്തിൽ ഭരണഘടന പറയുന്ന കാലാവധിയും തവണകളും തീർന്നാലും വീണ്ടും അതിൽ ഒരു തവണ കൂടി തുടരണമെങ്കിൽ വത്തിക്കാനിൽ നിന്നും അനുമതി തേടണം.

മേൽ പറഞ്ഞ രൂപതാ സന്യാസസമൂഹങ്ങൾ പൊന്തിഫിക്കൽ പദവി നേടാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ മുഴുവൻ ആസ്തികളും സ്വത്തും കണക്കെടുത്ത് വത്തിക്കാനു സമർപ്പിക്കണം. പീന്നീട് ആ സന്യാസ സമൂഹം പൊന്തിഫിക്കൽ പദവി കഴിഞ്ഞാൽ പ്രാദേശിക ബിഷപ്പിനു അതീതമായിരിക്കും. അതിന്നുള്ളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആ സന്യാസസമൂഹത്തിന്റെ മദർ ജനറാൾ അല്ലെങ്കിൽ മദർ സുപ്പീരിയർ തന്നെ അന്തിമ തീരുമാനമെടുക്കും. തുടർന്ന് പരിഹാരം കണ്ടില്ലെങ്കിൽ വത്തിക്കാനും. ബിഷപ്പിന് അതിൽ ഇടപെടാൻ അധികാരമില്ല. അത് അവസാനം വത്തിക്കാനിൽ വരെ എത്തപ്പെടും.

ക്ലിന്റൺ എൻ സി ഡാമിയൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ