ഷാർമ്മിള കത്തോലിക്കാ സഭയിൽ എത്തി സി. ആഗ്നെറ്റ് ആയ കഥ

സന്ന്യാസം നേരെഴുത്ത് 10

മരിയാ ജോസ്

ഹൈന്ദവ വിശ്വാസത്തിലെ വ്രതങ്ങളും ആചാരങ്ങളും മുറതെറ്റാതെ ആചരിച്ചു പോന്നിരുന്ന പെണ്‍കുട്ടി. താന്‍ വിശ്വസിക്കുന്നതൊക്കെ ശരിയോണോ, യഥാര്‍ത്ഥ ദൈവം ആരാണ്… തുടങ്ങിയ അന്വേഷങ്ങള്‍ ആ പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചത് ക്രിസ്തു മതത്തിലേയ്ക്ക്. സത്യ ദൈവത്തിനായിയുള്ള ആ അന്വേഷണം ചെന്നെത്തിയത് ക്രിസ്തീയതയിലേയ്ക്ക് എന്നതിലുപരി ക്രിസ്തുവിന്റെ മണവാട്ടിയാകുവാനുള്ള തീരുമാനത്തിലേയ്ക്ക്. വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സന്യസ്ത ജീവിതത്തിലെത്തിയ സി. ആഗ്നെറ്റ് ലൈഫ് ഡേയോട് മനസ് തുറക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് 

ഹൈന്ദവ മതത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായ ആചാരങ്ങള്‍ തുടര്‍ന്ന് പോകുന്നതിനിടെയാണ് സത്യ ദൈവം ആരാണെന്ന ചോദ്യം മനസിലേയ്ക്ക് കടന്നു വരുന്നത്. ആ ചോദ്യത്തിന് പിന്നാലെ ഉള്ള സഞ്ചാരം ഖുറാന്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളുടെ വായനയിലേയ്ക്ക് നയിച്ചു. മറ്റു മത ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും ബൈബിള്‍ വായിക്കുന്നതിനായി ആ പെണ്‍കുട്ടി അത്ര മെനക്കെട്ടില്ല. കാരണം ബൈബിളിലുള്ള കാര്യങ്ങള്‍ സത്യമാണെന്നും ശരിയാണെന്നും അമ്മ പറഞ്ഞിരുന്നു. സത്യദൈവത്തെ അന്വേഷിച്ചുള്ള ആ യാത്രയില്‍ ക്രിസ്തീയതയുടെ ആദ്യ വിത്തുകള്‍ ആ പെണ്‍കുട്ടിയുടെ ഉള്ളില്‍ പാകിയത്‌ അറിഞ്ഞോ അറിയാതെയോ അവളുടെ അമ്മ തന്നെയായിരുന്നു. ആ യാത്ര അവസാനിച്ചത് സി. ആഗ്നെറ്റ് എന്ന കന്യാസ്ത്രിയില്‍.

അനേകം മതനേതാക്കളില്‍ മനുഷ്യന് നന്മ ചെയ്തു കടന്നു പോയ ഒരു വ്യക്തിത്വം  ഈശോയാണെന്ന് സിസ്റ്ററിനു തോന്നി. ആ തോന്നല്‍  ഈശോയെ ഒരു ആരാധാനാ പുരുഷനായി കാണുവാന്‍ സിസ്റ്ററിനെ പ്രേരിപ്പിച്ചു. എന്നിരുന്നാലും ക്രിസ്തുവിനെ സ്നേഹിക്കുന്ന ക്രിസ്ത്യാനികളായ ആളുകളിൽ ചിലരിലെങ്കിലും ആ സ്നേഹം കാണുവാൻ കഴിയാതെ വന്നു. അപ്പോൾ യേശു പഠിപ്പിച്ചതൊക്കെ ശരിയാണോ എന്ന സംശയം ജനിച്ചു. ആ സംശയത്തിന്റെ നിഴലിൽ നിന്നും പുതിയ അന്വേഷണങ്ങൾ.

ക്രിസ്തുവിലേക്കുള്ള വിളി 

പല സംശയങ്ങളും അന്വേഷണങ്ങളും കൗമാര പ്രായത്തിന്റെ തുടക്കത്തിൽ സിസ്റ്റർ ആഗ്‌നറ്റിനെ കൊണ്ടെത്തിച്ചത് സ്വതന്ത്ര ചിന്താഗതിയിൽ. ഒരു ദൈവത്തിലും വിശ്വസിക്കാതെ ആരാധനാലയങ്ങളിലും പോകാതെയും മുന്നോട്ട് പോകുന്നതിനിടയിലാണ് ഈശോ സിസ്റ്റർ ആഗ്‌നറ്റിനെ കണ്ടെത്തുന്നത്. ക്രിസ്തുവിലേക്കുള്ള ആ കടന്നുവരവിനെ അങ്ങനെ തന്നെ വിശേഷിപ്പിക്കുവാനാണ് സിസ്റ്റർ ഇഷ്ടപ്പെടുന്നത്. കാരണം ആ ഒരു വിളിയെ മറ്റു ഏതൊക്കെ രീതിയിൽ വിശേഷിപ്പിച്ചാലും ശരിയാകില്ല  എന്ന് സിസ്റ്ററിനു അറിയാം.

സ്വതന്ത്ര ചിന്താഗതികളുമായി എഴുത്തിന്റെ ലോകത്തേയ്ക്ക് ചേക്കേറുവാനുള്ള ശ്രമങ്ങൾക്കിടയിലും സിസ്റ്ററിനെ അവർ പോലും അറിയാതെ ഈശോ പിൻതുടരുന്നുണ്ടായിരുന്നു. പഠനത്തോടൊപ്പം തന്നെ വീട്ടിൽ വെച്ച് കുട്ടികൾക്ക് റ്റ്യുഷൻ എടുത്തിരുന്ന സമയം ഉണ്ടായിരുന്നു. ഒരിക്കൽ ഒരു കുട്ടിയെ പഠിപ്പിക്കാനായി എടുത്തു വെച്ച പുസ്തകത്തിൽ ബഥാനിമഠം, നാലാഞ്ചിറ എന്ന ഒരു അഡ്രസ് കണ്ടു. ഒപ്പം  കന്യാസ്ത്രിയാകുന്നതിനെക്കുറിച്ചുള്ള കുറിപ്പും.  അടുത്ത ദിവസം ആ കുട്ടി വരുന്നതും കാത്ത് സിസ്റ്റർ ഇരുന്നു. ആ കുട്ടി എന്തിനാ മഠത്തിൽ പോകുന്നത്, അവൾക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് മാറ്റണം എന്ന  ഉദ്ദേശത്തോടെയുള്ള കാത്തിരിപ്പായിരുന്നു അത്. അതിനിടയിൽ ആ മഠത്തിന്റെ അഡ്രസ് മറന്നു പോകാതിരിക്കുന്നതിനായി ഡയറിയിൽ കുറിച്ചും ഇട്ടു.

കുട്ടിവന്നപ്പോൾ അവളോട് ചോദിച്ചു; ‘എന്തിനാ നീ മഠത്തിൽ പോകുന്നത്’ എന്ന്. അപ്പോൾ ആ കുട്ടി പറഞ്ഞു; ‘അത് ചുമ്മാ എടുത്തു വച്ചതാണ്’ എന്ന്. തെല്ലൊരാശ്വാസത്തോടെ സിസ്റ്റർ കുട്ടിയെ പറഞ്ഞയച്ചു. ദിവസങ്ങൾ കടന്നു പോയി. പിന്നീട് സിസ്റ്ററാകുന്ന കാര്യത്തെക്കുറിച്ചു കുട്ടിയോട് ചോദിച്ചതൊന്നും ഓർക്കാതെ സിസ്റ്റർ തന്റെ ഡയറി എടുത്തു. ചെറുകഥകളും മറ്റും എഴുതിയിരുന്ന സിസ്റ്റർ അത് അയച്ചു കൊടുക്കാനുള്ള മാധ്യമങ്ങളുടെ അഡ്രസ് തിരയുന്നതിനിടയിൽ വീണ്ടും ബഥനി  മഠത്തിന്റെ അഡ്രസ് കണ്ണുകളിൽ ഉടക്കി. ആ നിമിഷം “നീ ലോകത്തിനു ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയല്ലേ. നിനക്ക് ലോകത്തെ മാറ്റണം എന്ന ആഗ്രഹമില്ലേ, പിന്നെ നിനക്ക് എന്ത് കൊണ്ട് ഒരു സിസ്റ്റർ ആയിക്കൂടാ” എന്ന് ആരോ തന്നോട് ചോദിക്കുന്നതുപോലെ സിസ്റ്ററിനു തോന്നി.

ആദ്യം ഒരു തമാശ പോലെ തള്ളിക്കളഞ്ഞു എങ്കിലും പിന്നീട് ആ ചോദ്യത്തിന്റെ തീവ്രത കൂടി വരുന്നതായി സിസ്റ്ററിനു തോന്നി. തന്റെ സഹോദരനോട് ഈ കാര്യം പങ്കുവച്ചപ്പോൾ വട്ടായതാണെന്ന കളിയാക്കലാണ് അവിടെ നിന്നും ലഭിച്ചത്. ഉള്ളിൽ നിന്നുള്ള പ്രേരണ ശക്തമായപ്പോൾ സിസ്റ്റർ ആ അഡ്രസിലേയ്ക്ക് കത്തെഴുതുവാൻ തീരുമാനിച്ചു.

പ്രതിസന്ധികൾക്കിടയിലും തെളിഞ്ഞ ദൈവകരം 

മഠത്തിലേയ്ക്ക് എഴുതിയ കത്തിനു മറുപടി ഉടനെ ലഭിച്ചു. എങ്കിലും അത് സിസ്റ്ററിന്റെ കൈവശം എത്തുന്നത് ഒരു വർഷത്തിന് ശേഷമാണ്. അതിനും കാരണമുണ്ട്. ബഥനി  മഠത്തിൽ നിന്നയച്ച കത്ത് സിസ്റ്ററിന്റെ സഹോദരന്റെ കയ്യിലാണ് ലഭിച്ചത്. കത്തുവായിച്ച സഹോദരൻ അതെടുത്തു ബുക്കിൽ വെച്ചു. പിന്നീട് അതിനെ കുറിച്ച് സംസാരിക്കുകയോ ചോദിക്കുകയോ ചെയ്തില്ല. എങ്കിലും മാറി നിന്നു തന്റെ സഹോദരിയുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ ‘പിഎസ് സി പരീക്ഷയ്ക്ക് പഠിക്കൂ’ എന്ന് പറഞ്ഞതും ഇതേ സഹോദരന്‍ തന്നെയാണ്. സഹോദരന്റെ നിർദ്ദേശ പ്രകാരം പരീക്ഷയ്ക്കുള്ള പുസ്തകം നോക്കുമ്പോഴാണ് ബഥനി മഠത്തിൽ നിന്നുള്ള കത്ത് സിസ്റ്ററിന്റെ കയ്യിൽ ലഭിക്കുന്നത്.

ആ പുസ്തകത്തിൽ നിന്നും ഒരു വർഷം കഴിഞ്ഞിട്ടാണെങ്കിലും ആ കത്തു കിട്ടിയപ്പോൾ അതിലും ഒരു ദൈവിക പദ്ധതി കണ്ടെത്തുകയായിരുന്നു സിസ്റ്റർ. തന്റെ സഹോദരന് ആ കത്തു അന്ന് തന്നെ വേണമെങ്കിൽ കീറി കളയാമായിരുന്നു. അതിനൊന്നും മുതിരാതെ സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കുവാൻ ദൈവം തോന്നിപ്പിച്ചതാണെന്നു സിസ്റ്റർ വിശ്വസിച്ചു. കത്തു പൊട്ടിച്ചു വായിച്ചപ്പോൾ ഒരു പ്രത്യേക അനുഭവമായിരുന്നു സിസ്റ്ററിന്. കണ്ണുകൾ നിറഞ്ഞു ഒഴുകി. ആ ഒരു അഡ്രസിലേയ്ക്ക് കത്തയക്കുമ്പോൾ അങ്ങനെ ഒരു  മഠമുണ്ടെന്നോ ഒന്നും വിചാരിച്ചിരുന്നില്ല  സിസ്റ്റര്‍. അതിനാല്‍തന്നെ ഇതു തന്നെക്കുറിച്ചുള്ള പദ്ധതിയാണെന്ന് സിസ്റ്റര്‍ വിശ്വസിച്ചു.

പിന്നീടു മറ്റൊരു അഭിപ്രായത്തിനോ ഒന്നും നോക്കിനിന്നില്ല. മഠത്തിലെയ്ക്ക് പോകുവാന്‍ തന്നെ തീരുമാനിച്ചു. ആദ്യം, സഹോദരനില്‍ നിന്നും വീട്ടുകാരില്‍  നിന്നും എതിര്‍പ്പുകള്‍ മാത്രമായിരുന്നു ലഭിച്ചത്. മഠത്തില്‍ പോവുകയാണെങ്കില്‍ ഈ വീട്ടില്‍ സ്ഥാനമില്ല എന്ന് തുടങ്ങിയ ഭീഷണികളും മറ്റും വീട്ടുകാര്‍ ഉയര്‍ത്തി . അപ്പോഴൊക്കെ തന്റെ തീരുമാനത്തില്‍ സിസ്റ്റര്‍ ഉറച്ചു നിന്നു. താന്‍ പ്രായപൂര്‍ത്തിയായ കുട്ടിയാണെന്നും തന്റെ ജീവിതത്തെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വാദിച്ചു. മനസുമാറ്റുന്നതിനായി ഉപദേശങ്ങളുമായി എത്തിയ ബന്ധുക്കളെ വാദിച്ചു ജയിച്ചു.

 

ഒടുവില്‍ സിസ്റ്ററിന്റെ തീരുമാനത്തിന് മാറ്റമില്ല എന്ന് കണ്ടപ്പോള്‍ അമ്മ പറഞ്ഞു. “അവളെ വിട്ടേക്ക്. അവള്‍ തിരിച്ചു വരും.” അനുമതി നല്‍കിയപ്പോഴും സിസ്റ്ററിന് മഠത്തില്‍ നില്‍ക്കാന്‍ കഴിയില്ല തിരിച്ചു പോരും എന്ന വിശ്വാസമായിരുന്നു അമ്മയ്ക്കും സഹോദരങ്ങള്‍ക്കും. എന്നാല്‍ എല്ലാവരുടെയും വിശ്വാസങ്ങളെ തെറ്റിച്ചുകൊണ്ട് ദൈവത്തിന്റെ പദ്ധതിക്ക് ആമ്മേന്‍ പറയുകയായിരുന്നു സി. ആഗ്നറ്റ്.

ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ പരിശീലന കാലഘട്ടം

സിസ്റ്റര്‍ ആദ്യം മഠത്തിലെ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നത് എഴുത്തുമായി ബന്ധപ്പെട്ട ശിൽപശാലയില്‍ പങ്കെടുക്കാന്‍ എന്ന പേരിലാണ്. അതറിഞ്ഞ സിസ്റ്റര്‍മാര്‍ ആദ്യം തിരിച്ചയച്ചു. എങ്കിലും പിന്നീട് വീണ്ടും വിളിച്ചു. ശരിക്കും ക്രിസ്തീയതയുടെ അടിസ്ഥാനങ്ങള്‍ തൊട്ടുള്ള കാര്യങ്ങള്‍ പഠിക്കുന്നത് മഠത്തില്‍ എത്തിയതിനു ശേഷമാണ്. മഠത്തില്‍ വെച്ചാണ്‌ സിസ്റ്റര്‍ മാമ്മോദീസയും മറ്റു കൂദാശകളും സ്വീകരിക്കുന്നത്.

അതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് സിസ്റ്റര്‍ ഓര്‍ക്കുന്നു. സ്നേഹം കൊണ്ട് തീര്‍ത്തൊരു വീടായിരുന്നു സിസ്റ്ററിനെ സംബന്ധിച്ചിടത്തോളം പരിശീലന കാലഘട്ടം. ഓരോ ചെറിയ കാര്യങ്ങളും പറഞ്ഞു കൊടുത്തും കൂടെ നിര്‍ത്തി കാണിച്ചു കൊടുത്തും ഒരു സന്യാസിനി കടന്നു പോകേണ്ട സാഹചര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയും മുതിര്‍ന്ന സിസ്റ്റര്‍മാര്‍ സിസ്റ്ററിനെ തന്റെ വിളിയില്‍ കൂടുതല്‍ ആഴപ്പെടുത്തി.

സിസ്റ്ററിന്റെ വീട്ടില്‍ നിന്ന് ആളുകള്‍ കാണാന്‍ വരുമ്പോള്‍ മറ്റുള്ളവരുടെ സ്നേഹപൂര്‍വമായ ഇടപെടലുകള്‍ ഈ ഒരു കാലഘട്ടങ്ങളില്‍ ഏറെ സ്വാധീനിച്ചിരുന്നു എന്ന് സി. ആഗ്നെറ്റ് ഓര്‍ക്കുന്നു.

ക്രിസ്തുവിനു സാക്ഷ്യമായി

ക്രിസ്തുമതം സ്വീകരിച്ചു സിസ്റ്റര്‍ ആയി എന്നു പറയുമ്പോള്‍ പുതിയൊരു മതത്തിലേക്ക് വന്നു എന്ന തോന്നലുകളോന്നും തന്നെ തനിക്കു ഉണ്ടായിട്ടില്ല എന്ന് സി. ആഗ്നറ്റ് സാക്ഷ്യപ്പെടുത്തുന്നു . കാരണം താന്‍ അന്വേഷണം നടത്തി കണ്ടെത്തിയ സത്യദൈവത്തില്‍ വിശ്വസിക്കുന്നു. ക്രിസ്തുമത വിശ്വാസത്തിലേയ്ക്ക് കടന്നു വന്ന ആദ്യ സമയങ്ങളില്‍ വിശ്വാസം എന്നത് ഒരു ഭ്രാന്തായി മാറിയിരുന്നു. രക്തസാക്ഷിത്വം വരിച്ച വിശുദ്ധരുടെ പുസ്തകങ്ങള്‍ ആവേശത്തോടെയാണ് വായിച്ചിരുന്നത്. അവരെ പോലെ ക്രിസ്തുവിനായി മരിക്കുവാന്‍ പോലും തയ്യാറായിരുന്നു സിസ്റ്റര്‍. എന്നാല്‍ പിന്നീട് ആ തീവ്ര വിശ്വാസത്തില്‍ നിന്ന് ഒരു ബോധ്യത്തിലേയ്ക്ക് സിസ്റ്റര്‍ എത്തി. പണ്ടുള്ള വിശുദ്ധരെപോലെ രക്തസാക്ഷിത്വം വരിക്കുക എന്നതിലുപരി ദൈവം ആഗ്രഹിക്കുന്നത് നാം ആയിരിക്കുന്ന സാഹചര്യങ്ങളില്‍ നമ്മുടെ പ്രവര്‍ത്തികളിലൂടെ ദൈവത്തിനു സാക്ഷികളായിരിക്കുക എന്നതാണ് എന്ന്.

ഇപ്പോള്‍ താന്‍ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ദൈവത്തിനു ഓരോ നിമിഷവും സാക്ഷ്യം നല്‍കുക എന്ന കര്‍ത്തവ്യമാണ് തന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നതെന്ന് വിശ്വസിച്ചു മുന്നോട്ട് പോവുകയാണ് നങ്ങ്യാര്‍കുളങ്ങര ബഥനി സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ സി. ആഗ്നെറ്റ്.

താന്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ട് വീട്ടുകാരെയും ആ ഒരു വിശ്വാസത്തിലേയ്ക്ക് കൊണ്ടുവന്നില്ല എന്ന ചോദ്യത്തിനുത്തരമായി സിസ്റ്റര്‍ പറയുന്നു “അവരെ ക്രിസ്ത്യാനികളാക്കാനൊന്നും ഞാന്‍ ശ്രമിച്ചില്ല. കാരണം അത് ഒരു പക്ഷേ ദൈവത്തിന്റെ പദ്ധതിയായിരിക്കും. അവര്‍ ഞാന്‍ അനുഭവിച്ച ദൈവത്തില്‍ വിശ്വസിക്കുവാന്‍ എനിക്ക് സ്വാതന്ത്ര്യം നല്‍കി. അതിനാല്‍ തന്നെ അവരെ നിര്‍ബന്ധിച്ചു മറ്റൊരു വിശ്വാസത്തിലേയ്ക്ക് മാറ്റുവാന്‍ ഞാന്‍ മുതിര്‍ന്നില്ല.”

അധ്യാപന ജീവിതം

സിസ്റ്ററായതിനു ശേഷം ബഥനി സ്കൂളില്‍ അധ്യാപന ജീവിതം ആരംഭിച്ച സിസ്റ്ററിന്റെ പിന്നീടുള്ള ജീവിതം കുട്ടികളോടൊപ്പമായിരുന്നു. താന്‍ അറിഞ്ഞ കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുവാനായി അക്ഷീണം പരിശ്രമിക്കുന്ന സിസ്റ്റര്‍ കുട്ടികളിലൂടെയേ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് വിശ്വസിക്കുന്നു. കുട്ടികളെ സമൂഹത്തെ സമഗ്രതയോടെ കാണുവാനുള്ള കഴിവിലേയ്ക്ക് നയിക്കുവാന്‍ കഴിഞ്ഞാല്‍ ഈ ലോകത്തിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും എന്ന് സിസ്റ്റര്‍ വിശ്വസിക്കുന്നു.

തന്റെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും മതങ്ങളുടെയോ വിശ്വാസങ്ങളുടെയോ പേരില്‍ വേര്‍തിരിച്ചു കാണുവാന്‍ സിസ്റ്റര്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരെയും സമഭാവനയോടെ കാണുവാന്‍ ആഗ്രഹിക്കുന്ന സിസ്റ്റര്‍ ഭാവിയില്‍ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തണം എന്നും അതിനായി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യണം എന്നും ആഗ്രഹിക്കുന്നു. സിസ്റ്ററിന്റെ ഈ സ്വപ്നങ്ങള്‍ക്ക് തണലായി ഒരു കൂട്ടം സുമനസുകളും ഒപ്പമുണ്ട് എന്നത് കൂടുതല്‍ ധൈര്യത്തോടെ മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നു.

കുട്ടികളെ സമഭാവനയോടെ കാണുന്ന സമഗ്രതയുടെ മനോഭാവം സമൂഹത്തിൽ വളരണം എന്ന് ആഗ്രഹിക്കുന്ന സി. ആഗ്നെറ്റ് കുട്ടികളിലൂടെ അതിനായുള്ള യാത്ര ആരംഭിക്കുകയാണ്. ഒരു പുതു സമൂഹത്തിന്റെ സൃഷ്ടിക്കായിയുള്ള സിസ്റ്ററിന്റെ ശ്രമങ്ങളിൽ ഈശോ സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ.

മരിയാ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

1 COMMENT

  1. Proud of you dear Sr. Agnet.. May you be an instrument of God’s glory.. Thank you for sharing your life experience.. Sr. Dr. Ardra sic

Comments are closed.