അഗതികളുടെ പിതാവ്- ഫാ. ജോര്‍ജ്ജ് കണ്ണന്താനം

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത്‌ വ്യത്യസ്തങ്ങളായ വഴിത്താര തീര്‍ത്ത ഒരു ക്ലരീഷ്യന്‍ വൈദികന്‍. കുഷ്ഠരോഗികളുടെ ഇടയില്‍, ബധിരരുടെ സ്വരമായി, മൂകരുടെ വാക്കായി, സുനാമി ബാധിതരുടെ പ്രതീഷയായി, എയിഡ്സ് രോഗികള്‍ക്ക് ആശ്വാസമായി, അന്ധരുടെ കാഴ്ച്ചയായി ജീവിക്കുന്ന ഒരു വൈദികന്‍. ഒട്ട് അനവധി അവാര്‍ഡുകള്‍ നേടിയ മഹത് വ്യക്തിത്വം – ഫാ. ജോർജ്ജ് കണ്ണന്താനം, കേന്ദ്ര മന്ത്രി ശ്രീ. അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ അനുജന്‍. മനുഷ്യരുടെ വേദനകൾ കണ്ടറിഞ്ഞു അവരും ദൈവമക്കളാണെന്ന തിരിച്ചറിവിൽ നിന്ന് ആ വൈദികൻ നടന്നു തുടങ്ങിയത് വ്യത്യസ്തമായ വഴികളിലൂടെ…

വിവിധ മേഖലകളിലുള്ള അഗതികളുടെ ഇടയിലെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബാംഗ്ലൂരില്‍ നിന്ന് 100 കിലൊമീറ്റര്‍ അകലെയുള്ള ഒരു കുഗ്രാമത്തില്‍ ഇരുന്നുകൊണ്ട് ഫാ. ജോർജ്ജ് കണ്ണന്താനം ലൈഫ്ഡേയോടു പങ്കുവയ്ക്കുന്നു.

പ്രവര്‍ത്തന മേഖലകള്‍ 

കോട്ടയം ജില്ലയിലെ മണിമല കണ്ണന്താനം കുടുംബത്തിൽ   കെ. വി. ജോസഫിന്റെയും ബ്രിജിത് ജോസഫിന്റെയും മകനായി ഫാ. ജോർജ്  കണ്ണന്താനം ജനിച്ചു.  ക്ലരീഷ്യന്‍ വൈദികനും ഒപ്പം ഒരു സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം. സോഷ്യൽ വർക്കിൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയ അച്ചൻ സേവത്തിന്റെ ആദ്യ കാലഘട്ടം യുവജനങ്ങൾക്കായി  മാറ്റിവച്ചു. മദ്യപാനം മയക്കുമരുന്ന് എന്നിവയ്ക്ക് അടിപ്പെട്ടവരെ നേർവഴിയിലേക്ക് നയിക്കുവാൻ കൗൺസിലിങ്ങും ധ്യാനവുമായി അദ്ദേഹം സഞ്ചരിച്ചു.

പിന്നീട്, ചെവികേൾക്കില്ലാത്തവർക്കും സംസാരിക്കാൻ സാധിക്കാത്തവർക്കുമായി അദ്ദേഹം ഹോപ്പ്  സൊസൈറ്റി സ്ഥാപിച്ചു. തുടര്‍ന്ന് 12 വർഷക്കാലം ബാംഗ്ലൂരിലെ കുഷ്ഠരോഗ കേന്ദ്രത്തിൽ അദ്ദേഹം സേവനം ചെയ്തു. കുഷ്ടരോഗ കേന്ദ്രത്തിലെ സേവനത്തിലൂടെ അദ്ദേഹത്തിന് കഷ്ടത അനുഭവിക്കുന്നവരുടെ ജീവിതത്തെ നേരിട്ടറിയുവാൻ സാധിച്ചു. ആ ജീവിത അനുഭവമാണ് ഭിന്നശേഷിക്കാർക്ക് വേണ്ടി ജീവിതം സമർപ്പിക്കുവാൻ അദ്ദേഹത്തെ  പ്രേരിപ്പിച്ചത്.  കണ്ണുകാണുവാൻ സാധിക്കാത്തവർക്കായുള്ള പുതിയ പ്രൊജക്റ്റ്‌ ആണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍.

2003 ൽ  രാഷ്ട്രപതി അബ്ദുൾ കലാം അദ്ദേഹത്തിന്  ദേശീയ പുരസ്കാരം നൽകി ആദരിച്ചു. നിസ്വാര്‍ത്ഥമായ സേവനത്തിന് 2012 ൽ മദർ തെരേസ അവാർഡും, 2013 ലെ നന്മ ബാംഗലൂരു ഫൌണ്ടേഷന്റെ ബാംഗ്ലൂരിലെ  മികച്ച പൗരനുള്ള അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ഭിന്നശേഷിക്കാർക്കായുള്ള പ്രാർത്ഥന സംഗമം 

ഭിന്നശേഷിക്കാർക്കായുള്ള പ്രാർത്ഥന സംഗമമാണ് ഈ അടുത്തു നടന്ന അച്ചന്റെ ഒരു പ്രധാന പ്രവര്‍ത്തനം. ജീവിതത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു സമൂഹമാണ് ഭിന്നശേഷിക്കാരായ വ്യക്തികളുടെ സമൂഹം. വ്യക്തമായ ഒരു സ്വപ്നമോ ആഗ്രഹമോ ഇല്ലാതെ മറ്റുള്ളവരുടെ തണലിൽ കഴിയേണ്ടിവരുന്ന ഒരു കൂട്ടം ആൾക്കാർ. അങ്ങനെയുള്ള ആളുകളിലേക്ക്‌ ദൈവത്തിന്റെ കരുണനിറഞ്ഞ സ്പർശനവുമായി  അദ്ദേഹം കടന്നു വന്നു.

ഭിന്നശേഷിക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതമോ കൂദാശകളോ ശരിയായി ലഭിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നുള്ള അവഗണനകൾക്കൊപ്പം തന്നെ ആത്മീയമായ മന്ദതയും പലപ്പോഴും അവരെ ഏകാന്തതയുടെ തീരങ്ങളിലേയ്ക്ക് നയിക്കുന്നു എന്ന് മനസിലാക്കിയ അച്ചൻ ഭിന്നശേഷിക്കാർക്ക് ശരിയായ വിശ്വാസം പകരുന്നതിനുള്ള അവസരങ്ങളെക്കുറിച്ചു ആലോചിച്ചു തുടങ്ങി. അങ്ങനെയാണ് അവർക്കായി ഒരു പ്രാർത്ഥന ഗ്രൂപ്പ് ആരംഭിക്കുന്നത്. ആത്മീയമായ ഒരു സംഗമം എന്നതിനേക്കാൾ ഉപരി കുറവുകളുള്ള അനേകരുടെ ഇടയിലേക്ക് ഒറ്റപ്പെട്ടു കഴിയുന്നവരെ കൊണ്ടുവരുന്നതിനുള്ള ഒരു അവസരമായി അതിനെ രൂപാന്തരപ്പെടുത്തുവാൻ അച്ചന് കഴിഞ്ഞു. 

തങ്ങളുടെ വേദനകളും കഷ്ടപ്പാടുകളും ദൈവം കാണുന്നുണ്ടെന്നും തങ്ങളും ദൈവമക്കളാണെന്നും ഉള്ള ബോധ്യം നൽകുന്നതിനായി ആണ് ഭിന്നശേഷിക്കാരായ ആളുകൾക്കായി പ്രാർത്ഥന കൂട്ടായ്മ അച്ചൻ സംഘടിപ്പിച്ചത്. ബാംഗ്ലൂർ അതിരൂപതയുടെ കീഴിൽ ഉള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി ഉള്ള കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ഈ സംഗമത്തിൽ ബാംഗ്ലൂർ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. പങ്കെടുത്തവരിൽ 50 % ആളുകളും കാഴ്ചയില്ലാത്തവരായിരുന്നു.

‘കമ്മീഷൻ ഫോർ ദി ഡിഫറെന്റലി എബിൾഡ്’ 

ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരു കമ്മീഷൻ ഇന്ത്യയിൽ  ബാംഗ്ലൂർ അതിരൂപതയുടെ കിഴിൽ മാത്രമാണ്  ഇന്ന് പ്രവർത്തിക്കുന്നത്. ബാംഗ്ലൂർ അതിരൂപതയുടെ ബിഷപ്പ് ബെർനാഡ്ത് മോറസിന്റെ  താല്പര്യപ്രകാരം തുടങ്ങിയ സ്ഥാപനമാണ് ഇത്. 2015 ഡിസംബർ 3 – ന് അന്തർദേശിയ വിഭിന്ന ശേഷിക്കാരുടെ ദിനത്തോടനുബന്ധിച്ചാണ് ഭിന്നശേഷിക്കാർക്കായിയുള്ള  ആദ്യത്തെ സ്ഥാപനം ബാംഗ്ലൂർ അതിരൂപതയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്നത്. ജനസംഖ്യയിൽ 5 % ത്തോളം ആളുകൾ ഭിന്നശേഷി ഉള്ളവരാണ്.  നൂറു പേരെയെടുത്താൽ അതിൽ  അഞ്ചുപേർ വൈകല്യം ഉള്ളവരാണ് എന്ന് കണക്കുകൾ തെളിയിക്കുന്നു. അങ്ങനെയുള്ളവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുക അവരിലേക്ക് ദൈവത്തിന്റെ അനുകമ്പ എത്തിക്കുക, അവരെ സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുക  എന്നതാണ് ഈ കമ്മീഷന്റെ ലക്ഷ്യം.  ഈ കമ്മീഷന്റെ സെക്രട്ടറിയായിയാണ് ഫാ. ജോർജ് കണ്ണന്താനം സേവനം ചെയ്യുന്നത്.

പ്രൊജക്റ്റ് വിഷന്റെ സാരഥി 

കണ്ണുകാണുവാൻ സാധിക്കാത്തവർക്ക് പുതിയൊരു ജീവിതം നൽകുവാൻ ആയി അച്ചൻ തുടങ്ങിയ പ്രസ്ഥാനമാണ്  പ്രോജക്ട് വിഷൻ.  അന്ധതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും നേത്രദാനം  പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. തന്നെ കൊണ്ട് ഈ ലോകത്തിലെ ഒരാളുടെയെങ്കിലും വേദനകള്‍ക്ക് പരിഹാരം ഉണ്ടാക്കിക്കൊടുക്കുവാന്‍ കഴിയുകയാണെങ്കില്‍ അത് ഒരു വലിയ കാര്യമാണെന്ന് അച്ചന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് ഇരുള്‍ പടര്‍ന്ന ജീവിതങ്ങള്‍ക്ക് പ്രകാശമേകുക എന്ന ദൌത്യം അച്ചന്‍ ഏറ്റെടുക്കുന്നത്.

തന്റെ പ്രവര്‍ത്തനങ്ങളെ ബാംഗ്ലൂരില്‍ മാത്രം ഒതുക്കി നിര്‍ത്താതെ കേരളത്തിലേയ്ക്കും വ്യാപിപ്പിക്കുവാന്‍ അച്ചനു കഴിഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും അച്ചന്റെ നിർദേശപ്രകാരം ഐ ബാങ്കുകൾ തുടങ്ങുവാൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.  ‘Let Everyone See’ എന്നതാണ് അതിനു നല്‍കിയിരിക്കുന്ന പേര്. ഓരോ അന്ധനും കാഴ്ച നേടുവാനുള്ള അവസരം നൽകുക എന്താണ് ഈ സംഘടനയുടെ ദൗത്യം.

മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കുവാൻ എല്ലാവർക്കും സാധിക്കുകയില്ല. നമ്മളിലൂടെ മറ്റൊരാൾ ലോകത്തെ കാണുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അർത്ഥം ഉണ്ടാക്കുന്നത്. ആ അർത്ഥത്തിൽ ഫാ. ജോർജ് കണ്ണന്താനം തന്റെ ജീവിതത്തെ, അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ജീവിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ് സുന്ദരമായ ലോകത്തെ ദർശിക്കുവാൻ സാധിച്ചത്. ഇനിയും നിരവധി ആളുകൾക്ക് അച്ചനിലൂടെ ലോകത്തെ ദർശിക്കുവാൻ സാധിക്കട്ടെ. അനേകര്‍ക്ക്‌ പ്രകാശമാകുവാനുള്ള ദൌത്യത്തില്‍ സര്‍വ്വശക്തനായ ദൈവം അദ്ദേഹത്തിനു തുണയാകട്ടെ.

www.theprojectvsion.org

ട്രീസാ മാത്യു

Leave a Reply