ഫാ. ജോണ്‍ ഇരുമേടയുടെ പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷം അഞ്ചിന്

മല്ലപ്പള്ളി: തിരുവല്ല അതിരൂപതാംഗം ഫാ. ജോണ്‍ ഇരുമേടയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം അഞ്ചിന് ചെങ്ങനൂരില്‍ നടക്കും. മല്ലപ്പള്ളി ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ രാവിലെ ഒന്‍പതിനു നടക്കുന്ന ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യാതിഥിയാവും. 9.30ന് കൃതജ്ഞതാ ബലിയര്‍പ്പണം നടക്കും.

11.30ന് കൂടുന്ന അനുമോദന സമ്മേളനം ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസിന്റെ അധ്യക്ഷതയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനംചെയ്യും. മന്ത്രി മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും.

ഇപ്പോള്‍ കുന്നന്താനം ഇടവക വികാരിയായ ഫാ. ജോണ്‍ ഇരുമേട 1944 ജനുവരി 27ന് ചെങ്ങരൂര്‍ ഇരുമേട റിട്ട.ഹെഡ്മാസ്റ്റര്‍ സി.വി വര്‍ഗീസിന്റെയും ശോശാമ്മ വര്‍ഗീസിന്റെയും പുത്രനായാണ് ജനിച്ചത്. തിരുവല്ല മൈനര്‍ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പരിശീലനത്തിനു ശേഷം 1968 ഡിസംബര്‍ 23ന് പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ വികാരിയായിരുന്നു. കേരളത്തിനകത്തും പുറത്തുമായി വിവിധ സ്‌കൂളുകളില്‍  പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ചു. കുടിയേറ്റ മേഖലയില്‍ നിരവധി സ്‌കൂളുകളുടെ സ്ഥാപനത്തിനും നേതൃത്വം നല്‍കി. തിരുവല്ല സെന്റ് ജോണ്‍സ് കോളജിന്റെ ചുമതലയും ഇപ്പോള്‍ വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply