ജപമാല: മരിയഭക്തിയുടെ പ്രകടമായ അടയാളം

ജോസ് ക്ലെമെന്റ്

”നിങ്ങള്‍ പരിശുദ്ധ മറിയത്തിന്റെ അടുക്കല്‍ പോകുക. അവളെ സ്‌നേഹിക്കുക! നിങ്ങള്‍ക്ക് സാധിക്കുമ്പോഴൊക്കെ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക! അങ്ങനെ പ്രാര്‍ത്ഥനയുടെ ആത്മാക്കളാവുക. അത് നമുക്കാവശ്യമായ അനുഗ്രഹങ്ങള്‍ നേടിത്തരുന്നു”                                – വിശുദ്ധ പാദ്രെ പിയോ

മരിയഭക്തിയുടെ ഏറ്റവും പ്രകടമായ അടയാളമാണ് ജപമാല. അത് മനുഷ്യാവതാര, പരിത്രാണ, വിശ്വാസ സത്യങ്ങളുടെ രത്‌നച്ചുരുക്കമാണ്. ആത്മാവിന്റെ കാനോന നമസ്‌ക്കാരഗ്രന്ഥമാണ് ജപമാല. പരിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജപിക്കപ്പെടുന്നത് ജപമാലയാണ്. നിരക്ഷരന്റെ പ്രാര്‍ത്ഥനാ പുസ്തകമായ ജപമാല എളിയവന്റെ ധ്യാന സഹായികൂടിയാണ്.

ബ്രഹ്മാണ്ഡമായ ജറുസലെം ദേവാലയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന ദൈവത്തെ ഉള്‍ക്കൊണ്ടവളാണ് പരിശുദ്ധ മറിയം. ”എഴുപതിനായിരം ചുമട്ടുകാരെയും എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍ മൂവായിരത്തിയറുന്നൂറ് പേരെയും സോളമന്‍ നിയമിച്ചു” (2 ദിന 2:2) കൊണ്ടാണ് 46 വര്‍ഷം കൊണ്ട് ജറുസലെം ദേവാലയം പൂര്‍ത്തിയാക്കിയതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പലവട്ടം ഈ ദേവാലയം നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പുനരുദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യേശു ഒരിക്കല്‍ പ്രവചിച്ചു: ”നിങ്ങള്‍ ഈ കാണുന്നവ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു” (ലൂക്കാ 21:6). കാലം അത് തെളിയിച്ചു. ഏ.ഡി. 69-ല്‍ ജറുസലെം ആക്രമിക്കപ്പെടുകയും കല്ലിന്മേല്‍ കല്ല് അവശേഷിക്കാതെ ദേവാലയം നാമാവശേഷമാക്കപ്പെടുകയും ചെയ്തു. കാരണം ഇതിന്റെ ശില്പികള്‍ ദൈവത്തിനായി ഏറ്റവും നല്ലതും വലുതുമായ ദേവാലയം നിര്‍മിച്ചെന്നും മഹോന്നതനായ ദൈവത്തെ അതില്‍ ഉള്‍ക്കൊള്ളിച്ചെന്നും അഹങ്കരിച്ചു. ഇത് പഴയനിയമം.

പുതിയ നിയമത്തില്‍ ഒരു ദേവാലയം കാണാം – പരിശുദ്ധ മറിയം. അതിന്റെ ശില്പി ദൈവമാണ്. ആ ആലയം ഏറ്റവും നല്ലതും നിര്‍മ്മലവുമായിരുന്നു. ദൈവം അവളില്‍ സംപ്രീതനുമായിരുന്നു. ആ ദേവാലയമാകട്ടെ ദൈവത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു. ദൈവത്തെ വഹിച്ച പേടകമായിരുന്നു പരിശുദ്ധ മറിയം. അതിനാല്‍ ത്രിതൈ്വക ദൈവത്താല്‍ അവള്‍ ആദരിക്കപ്പെട്ടവളായി.

1904 ഫെബ്രുവരി രണ്ടിന് വിശുദ്ധ പത്താം പീയൂസ് പാപ്പാ ‘Ad Die Millum Laetissimum’ (ഏറ്റവും അനുഗൃഹീതമായ ആ ദിനം) എന്ന പേരില്‍ ഒരു ചാക്രിക ലേഖനം പുറത്തിറക്കുകയുണ്ടായി. ഇതില്‍ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി മാതാവിനെ പാപ്പാ കണക്കാക്കുന്നു. കുരിശിന്റെ ചുവട്ടില്‍ നിന്ന മാതാവ് മനുഷ്യരുടെ ക്രൂരകൃത്യങ്ങള്‍ കണ്ട് ദുഃഖിക്കുകയല്ല, മറിച്ച് ലോകരക്ഷയ്ക്കുവേണ്ടി ഒരു ബലിവസ്തുവായി തന്റെ മകനെ സന്തോഷത്തോടെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രക്ഷയുടെ അനുഗ്രഹത്തിന്റെ മധ്യസ്ഥയാണ് പരിശുദ്ധ മറിയം. അതിനാലാണ് ”മൗതികശരീരത്തിന്റെ ശിരസ്സാകുന്ന ക്രിസ്തുവിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന കാണ്ഡമാണ് മറിയം” എന്ന വിശുദ്ധ ബര്‍ണാഡിന്റെ വാക്കുകള്‍ വിശുദ്ധ പത്താം പീയൂസ് പാപ്പ ഈ ചാക്രിക ലേകനത്തില്‍ അനുസ്മരിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ ഒരു പ്രത്യേക ആദ്ധ്യാത്മികതയാണ് മക്കളുടെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കുക എന്നത്. കാലകാലങ്ങളില്‍ സഭയില്‍, ലോകത്തില്‍ പ്രതിസന്ധികളുണ്ടായപ്പോള്‍ പ്രത്യക്ഷപ്പെടലുകളും ദര്‍ശനങ്ങളും കൊണ്ട് മക്കളെ ധൈര്യപ്പെടുത്തിയിട്ടുള്ളത് ഈ അമ്മയാണ്. അതിനായി ഉത്തരീയവും ജപമാലയും തന്റെ സമ്മാനവും മേലങ്കിയുമൊക്കെയായി നല്‍കി ഈ അമ്മ മക്കളെ സംരക്ഷിച്ചു.

ഉത്തരീയം രക്ഷാകവചമാണെങ്കില്‍ ജപമാല മരിയഭക്തിയുടെ ഏറ്റവും പ്രകടമായ അടയാളമാണ്. വാചിക പ്രാര്‍ത്ഥനയും മാനസിക പ്രാര്‍ത്ഥനയും ഒരുമിച്ചു ചേര്‍ന്നതാണ് ജപമാല. സാത്താന്റെ തന്ത്രങ്ങള്‍ക്കും ദൈവഭൂഷണങ്ങള്‍ക്കുമെതിരായി പൂര്‍ണ വിജയത്തോടെ ഉപയോഗിക്കാവുന്ന മൂര്‍ച്ചയുള്ള ഒരായുധമാണ് ജപമാല. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥനാ പുസ്തകവും വെളിച്ചവുമില്ലെങ്കിലും ജപമാല കൂട്ടമായി ചൊല്ലാം. കണ്ണില്ലാത്തവര്‍ക്കും കാതില്ലാത്തവര്‍ക്കും ജപമാല ചൊല്ലാന്‍ ബുദ്ധിമുട്ടില്ല. വിദ്യാസമ്പന്നര്‍ക്കും വിദ്യാവിഹീനര്‍ക്കും ഒരുപോലെ സുഗ്രാഹ്യമാണ് അതിലെ പ്രാര്‍ത്ഥനകളും രഹസ്യങ്ങളും. ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴുമൊക്കെ, മനസ്സുണ്ടെങ്കില്‍ ജപിക്കാവുന്നൊരു പ്രാര്‍ത്ഥനയാണ് ജപമാല. വിരസമായ യാത്രകള്‍ക്കിടയില്‍ അനുയോജ്യമായൊരു ആധ്യാത്മിക പീയൂഷമാണിത്. വൈവിധ്യമാര്‍ന്ന കുസുമങ്ങള്‍ ചേര്‍ത്ത് കൊരുത്ത മനോഹരമായൊരു പുഷ്പമാല്യമാണ് ജപമാലയെന്നു വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും സംഗത്യപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് ജപമാലയ്ക്ക് മനോഹരമായ ഒരാഭരണത്തിന്റെ രൂപം നല്‍കിയിരിക്കുന്നത്. ആ കണ്ഠാഭരണം അഭിമാനത്തോടും ഭക്തിയോടും കൂടി ധരിക്കുന്ന കേരളീയ യുവതയെ ഇന്നും കണ്ടെത്താനാവും. ഈ ആഭരണമണിഞ്ഞ് സാത്താന്റെ പരീക്ഷണങ്ങളില്‍ നിന്നും നാരകീയ ശക്തികളില്‍ നിന്നും വിടുതല്‍ നേടാന്‍ പരിശുദ്ധ അമ്മ ആഹ്വാനം ചെയ്യുന്നുണ്ട്. ഈ വരികള്‍ സൂചിപ്പിക്കുന്നത് അതുതന്നെയാണ്.

”അണിയുക പുരുപുണ്യഗന്ധിയാം
മണിയെഴുമെന്‍ ജപമാല, മക്കളേ;
ഫണിയുടെ തലയെത്തകര്‍ത്ത ഞാന്‍
പ്രണിയിജനത്തിനു കല്പകത്തരു.”

ജപമാല പ്രാര്‍ത്ഥന വേണ്ടവിധം ഭക്തിയോടും വചനബോധ്യത്തോടും കൂടെ ധ്യാനാത്മകമായ ആത്മീയനുഭവമായി ദൈവസാന്നിധ്യം നിറഞ്ഞനുഭവിക്കേണ്ട അനുഗ്രഹദായകമായ ഒന്നാണ്. എന്നാല്‍ ചൊല്ലി തീര്‍ക്കാന്‍ വേണ്ടി ഒരു കടമ്പയായിക്കണ്ട് അലസഭാവത്തിലും ആത്മചേതനയിലല്ലാതെയുമൊക്കെയാകുമ്പോള്‍ വിരസത സ്വാഭാവികമാണ്. ഇന്ന് വിശ്വാസജീവിതത്തില്‍, പ്രാര്‍ത്ഥനാനുഭവത്തില്‍ ജീവിക്കുന്ന, ആത്മീയ ശുശ്രൂഷകള്‍ ചെയ്യുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതു കേള്‍ക്കാം; ജപമാല പ്രാര്‍ത്ഥന ഒഴിച്ചുകൂടാനാവാത്ത വലിയ ഒരാത്മീയാനുഭവമാണെന്ന്. ജപമാല അത് പ്രാര്‍ത്ഥനയല്ല, അത് ദൈവീക രഹസ്യങ്ങളുടെ ആത്മീയാനുഭവങ്ങള്‍ കോര്‍ത്തിണക്കുന്ന ദൈവവചന ധ്യാനമാണ്. സന്തോഷ-ദുഃഖ-മഹിമ-പ്രകാശ രഹസ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് ധ്യാനാത്മക ചിന്തകളുള്‍ക്കൊള്ളുന്ന തിരുവചനങ്ങള്‍ തന്നെയാണ്. ഒരു വ്യക്തി പരിശുദ്ധ മറിയത്തിന്റെ യഥാര്‍ത്ഥ ഭക്തനാണ് ഭക്തയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ ആ വ്യക്തിയില്‍ പ്രകടമായി നമുക്ക് കാണാനാകും ജപമാലയര്‍പ്പിക്കുന്ന ഒരു വചനോപാസകനാണ് ആ വ്യക്തിയെന്ന്. 2017 മെയ് 13-ന് പോര്‍ച്ചുഗലിലെ ഫാത്തിമ മാതാവിന്റെ ദര്‍ശനക്കപ്പേളയില്‍ നിന്നു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥിച്ചത് ശ്രദ്ധേയമാണ്: ”ഫാത്തിമയിലെ ജപമാല രാജ്ഞിയേ, വിശ്വാസത്തോടും പ്രത്യാശയോടും സ്‌നേഹത്തോടും കൂടെ എന്നെത്തന്നെ അമ്മയ്ക്കു സമര്‍പ്പിക്കുന്നു. സഹോദരങ്ങള്‍ക്കൊപ്പം അങ്ങിലൂടെ എന്നെയും ദൈവത്തിനു പ്രതിഷ്ഠിക്കുന്നു. അമ്മയുടെ മാതൃകരങ്ങളില്‍ നിന്നും പ്രസരിക്കുന്ന അനുഗ്രഹപ്രകാശത്താല്‍ അനുഗൃഹീതനായി ഞാനെന്നും ദൈവത്തെ സ്തുതിക്കാന്‍ ഇടയാക്കേണമെ.” ആറു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ തിങ്ങിക്കൂടിനിന്നതിനിടയില്‍ നിന്നാണ് അവര്‍ക്കൊപ്പം പാപ്പാ ഇപ്രകാരം പ്രാര്‍ത്ഥിച്ചത്.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ