ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സാബു കെയ്റ്റര്‍

കൊച്ചി: വൈവിധ്യങ്ങളായ ജപമാല ശേഖരത്തിന്റെ ഉടമ പുതിയവീട്ടില്‍ സാബു കെയ്റ്റര്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചു. 2018 ജനുവരി പത്തിന് പ്രസിദ്ധീകരിച്ച ലിസ്റ്റിലാണ് സാബുവിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. 50,865 വൈവിധ്യമാര്‍ന്ന കൊന്തകള്‍ സ്വന്തമാക്കിയതിന്റെ പേരിലാണ് സാബു ലിംകാ ബുക്കില്‍ ഇടം കണ്ടെത്താനായത്. 900 ജപമാല ശേഖരത്തിന്റെ നിലവിലെ റെക്കോര്‍ഡാണ് സാബു മറികടന്നിരിക്കുന്നത്.

15-ാം വയസില്‍ ജപമാല ശേഖരണമാരംഭിച്ച സാബു 36 വര്‍ഷം കൊണ്ടാണ് വ്യത്യസ്തങ്ങളായ 50,865 കൊന്തകളുടെ ഉടമസ്ഥനായിത്തീര്‍ന്നത്. 1981 ജൂലൈ മാസത്തിലാണ് സാബുവിന്റെ അപ്പൂപ്പന്‍ പി. സി. ഫ്രാന്‍സിസ് നിര്യാതനായത്. അദ്ദേഹം ജപമാല സ്ഥിരമായി കണ്ഠത്തിലണിഞ്ഞിരുന്ന ഒരു മരിയഭക്തനായിരുന്നു. അപ്പൂപ്പന്റെ ഓര്‍മ്മയ്ക്കായി അന്ന് മൃതദേഹത്തില്‍ നിന്നും സാബു പൂജ്യമായി എടുത്തു സൂക്ഷിച്ച ജപമാലയില്‍ നിന്നാണ് ജപമാല ശേഖരണത്തിന്റെ ആരംഭം.
തൃശൂര്‍ കൊടകര കോടാലിയില്‍ സാബു സ്വര്‍ണാഭരണശാല നടത്തിക്കൊണ്ടിരിക്കേയാണ് പിതാവ് കെയ്റ്റര്‍ മകന് 25 കൊന്തകള്‍ സമ്മാനിക്കുന്നത്. ഇത് സാബുവിനെ കൊന്ത ശേഖരണത്തിലേക്കാകര്‍ഷിച്ചു. ജപമാലയുടെ വിശുദ്ധിയും അതിന്റെ ശക്തിയും സാബുവും കുടുംബവും അനുഭവിച്ചറിയാന്‍ തുടങ്ങിയ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. 50865 കൊന്തകളും അയ്യായ്യിരത്തിലധികം മാതാവിന്റെ മെഡലുകളും, പരിശുദ്ധ മറിയം പ്രത്യക്ഷദര്‍ശനം നല്‍കിയ സ്ഥലങ്ങളില്‍ നിന്നുള്ള എഴുന്നൂറോളം മാതാവിന്റെ തിരുസ്വരൂപങ്ങളും ഇപ്പോള്‍ സാബുവിന്റെ ശേഖരത്തിലുണ്ട്.

സാബുവും ഭാര്യ ബെനീറ്റയും മകന്‍ അഖിലും ആരെ കണ്ടാലും ഒരു സമ്മാനം ആവശ്യപ്പെടും. സമ്മാനമായി ആവശ്യപ്പെടുന്നത് ഒന്നുമാത്രം- ജപമാല. ഏത് റീത്തില്‍പ്പെട്ട പിതാവിനെ കണ്ടാലും സാബു കരം നീട്ടും, ഒരു കൊന്തക്കായി. നീട്ടിയ കരങ്ങള്‍ സാബുവിന് ശൂന്യമായി ഇന്നേവരെ മടക്കേണ്ടിവന്നിട്ടില്ല. 130 മെത്രാന്മാരില്‍ നിന്നും അവര്‍ ആശീര്‍വദിച്ച കൊന്തകള്‍ സാബു സ്വന്തമാക്കിയിട്ടുണ്ട്. വിശുദ്ധരായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ, കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസ, പോപ്പ് എമിരിത്തൂസ് ബനഡിക്റ്റ് പതിനാറാമന്‍ എന്നിവരുടെ കരസ്പര്‍ശമേറ്റ ജപമാലകളും ഈ ജപമാല ധനാഢ്യന്റെ ശേഖരത്തിലെ അപൂര്‍വ്വ കൊന്തകളാണ്. ഇറ്റലി, ഫ്രാന്‍സ്, ജറുസലേം, അമേരിക്ക, ബെത്‌ലഹേം, ജര്‍മനി, അയര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, ബ്രസീല്‍ തുടങ്ങിയ 83 രാജ്യങ്ങളിലെ ജപമാലകളാണ് സാബുവിന്റെ ശേഖരത്തിലുള്ളത്.

വിശുദ്ധ പാദ്രെ പിയോ മുതല്‍ 11 ശ്ലീഹന്‍മാരും വിശുദ്ധ ബനഡിക്ടും ഉള്‍പ്പെടെ 256 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അടങ്ങിയ മണികളുടെ ജപമാലകള്‍ക്ക് ഉടമയാണ് സാബു. സ്വര്‍ണം, പവിഴം, വെള്ളി, ചെമ്പ്, മുത്ത്, തുളസി, ഒലിവുമരം, ചകിരിനാര്, രുദ്രാക്ഷം, രത്‌നം, ചന്ദനം തുടങ്ങിയവയില്‍ മെനഞ്ഞ ജപമാലകളും സാബുവിന്റെ ശേഖരത്തിലെ അപൂര്‍വ്വ കൊന്തകളാണ്. ക്രിസ്തുവിന്റെ മുഖം കല്ലില്‍ കൊത്തിയുണ്ടാക്കിയ 200 വര്‍ഷത്തിലേറെ പഴക്കമുള്ള അമൂല്യമായ കൊന്തയും ഇക്കൂട്ടത്തിലുള്‍പ്പെട്ടിട്ടുണ്ട്.

വിവാഹാനന്തരം മാള പള്ളിപ്പുറത്തെ ഭാര്യാവീട്ടില്‍വച്ച് കര്‍മലീത്താ സഭാംഗം മൈക്കിളച്ചന്‍ നല്‍കിയ 420 പുരാതന കൊന്തകളും, മെജുഗോറിയിലെ കല്ലുകൊണ്ടുണ്ടാക്കിയതും ഐറിഷ് ജപമാലയുമൊക്കെ സാബുവിന് അമൂല്യങ്ങളാണ്. 1997-ല്‍ വേളാങ്കണ്ണി തീര്‍ത്ഥാടനം നടത്തവേ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപത്തില്‍ ചാര്‍ത്തിയിരുന്ന ജപമാല സാബുവിനെ വല്ലാതെ ആകര്‍ഷിച്ചു. ആഗ്രഹം നിറവേറില്ലെന്നറിയാമായിരുന്നിട്ടും അമ്മയോട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന തിരുവചനം അവിടെ നിറവേറുകയായിരുന്നു. രണ്ട് സിസ്റ്റേഴ്‌സ് സാബുവുമായി അവിചാരിതമായി പരിചയപ്പെടുകയും സാബുവിന്റെ ഇംഗിതം അറിഞ്ഞ സന്യാസിനിമാര്‍ പ്രസ്തുത ജപമാല മാതാവിന്റെ രൂപത്തില്‍നിന്നെടുത്ത് സാബുവിന് സമ്മാനിക്കുകയും ചെയ്തു. ജപമാല തീര്‍ത്ഥാടനത്തിലെ തീക്ഷ്ണതയ്ക്ക് ഇതൊരു പ്രേരകഘടകമായിരുന്നുവെന്ന് സാബു ഓര്‍മ്മിക്കുന്നു.

തന്റെ കൊന്ത ശേഖരത്തില്‍ സാബു 10 ശതമാനം മാത്രമാണ് വില നല്‍കി സ്വന്തമാക്കിയിട്ടുള്ളത്. ശേഷിച്ചവ മുഴുവന്‍ സമ്മാനമായും യാചിച്ചും കൈനീട്ടിയും സ്വന്തമാക്കിയിട്ടുള്ളതാണ്. പ്രശസ്ത മരിയന്‍ പ്രഘോഷകന്‍ ഫാ.നെല്‍സന്‍ ജോബ് കളപ്പുരക്കല്‍ 500 കൊന്തകളും, കനോഷ്യന്‍ സഭാംഗം സിസ്റ്റര്‍ നിമ്മി 500 കൊന്തകളും, ഫാ. മൈക്കിള്‍ കളത്തില്‍ 420 കൊന്തകളും, സിസ്റ്റര്‍ ബനീറ്റ സിടിസി 200 കൊന്തകളും, ഓക്കാം സന്യാസ സഭാംഗം ഫാ. സെഡ്രിക് നൂറിലധികം കൊന്തകളും സാബുവിന് സമ്മാനമായി നല്‍കിയിട്ടുണ്ട്.

വരാപ്പുഴ അതിരൂപത ഉണിച്ചിറ സെന്റ് ജൂഡ് ഇടവക പരിധിക്കുള്ളില്‍ ഇടപ്പള്ളിയിലാണ് സാബു ഇപ്പോള്‍ താമസിക്കുന്നത്.

ജെസി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply