മേല്‍ത്തരം വീഞ്ഞ്

തിരുഹൃദയസ്പന്ദനങ്ങള്‍ 13

കാനായിലെ കല്യാണവേളയില്‍ വെള്ളം ഈശോ വീഞ്ഞാക്കി മാറ്റുന്നു. ഈ വീഞ്ഞ് മേല്‍ത്തരം വീഞ്ഞാണെന്നും നല്ല വീഞ്ഞാണെന്നുമെല്ലാം കലവറക്കാരന്‍ പറയുന്നുണ്ട്. കലവറക്കാരന് ഈ വീഞ്ഞുണ്ടായത് എങ്ങനെയെന്നറിയില്ല. അറിയുന്ന പരിചാരകര്‍ അത് രുചിക്കുന്നുമില്ല. പക്ഷേ വീഞ്ഞ് ഏറ്റവും മികച്ചതാണ്. ക്രിസ്തു നല്കുന്നതെല്ലാം ഏറ്റവും മികച്ചതാണ്. അവനു നല്ലതും മികച്ചതും നല്‍കുവാന്‍ മാത്രമേ കഴിയൂ. കാരണം അവന്‍ പരമമായ നന്മയാണ്. അവനില്‍ തിന്മയില്ല, അതിനാല്‍ അവനു നന്മ പ്രവര്‍ത്തിക്കാനേ അറിയൂ.

കലവറക്കാരനെ സംബന്ധിച്ചിടത്തോളം ആദ്യമാണ് നല്ല വീഞ്ഞ് വിളമ്പേണ്ടത്. ആളുകള്‍ക്ക് ലഹരി പിടിച്ചു തുടങ്ങുമ്പോള്‍  താഴ്ന്ന തരവും. എന്നാല്‍ കര്‍ത്താവിനു അങ്ങനെ അല്ല. അവന്‍ വിളമ്പുന്നത് എപ്പോഴും, ആദ്യവും അവസാനവും മേല്‍ത്തരം വീഞ്ഞ് തന്നെ. ഒരു പക്ഷേ അല്പം കാത്തിരിക്കണമെന്ന് മാത്രം.

കാനായില്‍ അന്ന് വീഞ്ഞ് തീര്‍ന്നുപോയതുകൊണ്ടാണ് അവിടെ കൂടിയവര്‍ക്ക് മേല്‍ത്തരം വീഞ്ഞ് നുകരാന്‍ സാധിച്ചത്. അല്ലായിരുന്നെങ്കില്‍ ആ കല്ല്യാണം ഒരു സാധാരണ കല്ല്യാണം പോലെ ആകുമായിരുന്നു. ആരും ഓര്‍ക്കാതെപോകുന്ന ഒന്ന്.

ഗുണപാഠം: കര്‍ത്താവ് നല്കുന്നതെല്ലാം ഏറ്റവും നല്ലത്. കര്‍ത്താവ് നല്കുന്നതെപ്പോഴും നല്ലത്. നിന്‍റെ ജീവിതത്തിലെ വീഞ്ഞ് തീര്‍ന്നുപോകുന്നത് കര്‍ത്താവിനു മേല്‍ത്തരം വീഞ്ഞ് നല്‍കാന്‍.

തിരുവചനം: എന്‍െറ അഭയശിലയും വിമോചകനും ആയ കര്‍ത്താവേ! എന്‍െറ അധരങ്ങളിലെ വാക്കുകളുംഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്‌ടിയില്‍ സ്വീകാര്യമായിരിക്കട്ടെ! (സങ്കീ 19:14)

സുകൃതജപം: വിനയത്തിന്‍റെ മാതൃകയായ ഈശോയുടെ തിരുഹൃദയമേ, എനിക്ക് വിനയശീലം തന്നരുളണമേ

Leave a Reply