നല്‍കേണ്ടത് ഹൃദയത്തില്‍ നിന്ന്

തിരുഹൃദയസ്പന്ദനങ്ങള്‍ 2

വിധവ ഇട്ട ചില്ലിക്കാശിനു മൂല്യം കൂടുതലാണെന്ന് ക്രിസ്തു. യഹൂദരും ഫരിസേയരും സ്വര്‍ണ്ണവും വെള്ളിയും എറിഞ്ഞു ദൈവത്തെ വീഴ്ത്തുമ്പോള്‍ ഇവിടെ ഒരു വിധവ അവളുടെ അപ്പം വാങ്ങാനുള്ള, അന്നത്തെ പശിയടക്കാനുള്ള ചില്ലറപൈസകളില്‍ നിന്ന് ഏതാനും നാണയത്തുട്ടുകള്‍ ഭണ്ഡാരത്തിലേക്കിടുന്നു. അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്രവിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു (മര്‍ക്കോസ്‌ 12 : 43). എന്താണ് ആ ദരിദ്രവിധവയുടെ നാണയത്തുട്ടുകളെ മറ്റുള്ളവരുടെ സ്വര്‍ണത്തെക്കാളും വെള്ളിയെക്കാളും മൂല്യമുള്ളതാക്കിയത്??  മറ്റെല്ലാവരും അവരുടെ അതികത്തില്‍ നിന്നും, കൂടുതലുകളില്‍ നിന്നും നല്‍കിയപ്പോള്‍ അവള്‍ നല്‍കിയത് അവളുടെ ഇല്ലായ്മയില്‍ നിന്നായിരുന്നു. അവളുടെ കുറവുകളില്‍ നിന്നായിരുന്നു. അവളുടെ ഹൃദയത്തില്‍ നിന്നായിരുന്നു. ഹൃദയത്തില്‍ നിന്ന് കൊടുക്കുമ്പോള്‍ വേദനിക്കും. കാരണം ഹൃദയത്തില്‍ നിന്ന് കൊടുക്കുന്നതെല്ലാം പറിച്ചു നല്‍കുന്നതായിരിക്കും, മുറിച്ചു കൊടുക്കുന്നതായിരിക്കും. അത് പങ്കുവയ്ക്കലായിരിക്കും. അതേ, മറ്റുള്ളവരെല്ലാം ദാനം നല്‍കിയപ്പോള്‍, ദരിദ്ര വിധവ പങ്കുവച്ചു. അതാണവളുടെ നാണയത്തുട്ടുകളെ ഇന്നും എല്ലാ ഭാഷകളിലും വിനിമയം നടത്താന്‍ ഇടയാക്കുക.

പലപ്പോഴും നമ്മുടെ നേര്‍ച്ച,കാഴ്ച്ചകള്‍ സ്വീകരിക്കപ്പെടുന്നുണ്ടോ എന്ന് നമുക്ക് സംശയം ഉണ്ടാകാം. മുറിച്ചു കൊടുക്കാത്തതും പങ്കുവക്കാത്തതും തമ്പുരാന്‍ സ്വീകരിക്കില്ല. എന്നുവച്ചാല്‍ വേദനിച്ചു നല്കാത്തതൊന്നും സ്വീകാര്യമാവുകയില്ല എന്നര്‍ത്ഥം. നല്‍കേണ്ടത് അതികത്തില്‍ നിന്നല്ല, ഉള്ളതില്‍ നിന്നാണ്.ഭാവുകങ്ങള്‍.

തിരുവചനം: ബാഹ്യമോടികളായ പിന്നിയ മുടിയോ സ്വര്‍ണാഭരണമോ വിശേഷവസ്‌ത്രങ്ങളോ അല്ല നിങ്ങളുടെ അലങ്കാരം; പിന്നെയോ, ദൈവസന്നിധിയില്‍ വിശിഷ്‌ടമായ, സൗമ്യവും ശാന്തവുമായ ആത്‌മാവാകുന്ന അനശ്വരരത്‌നം അണിഞ്ഞആന്തരിക വ്യക്‌തിത്വമാണ്‌ (1 പത്രോസ് 3 : 3-4).

സുകൃതജപം: പാപികളുടെ നേരെ ഏറ്റവും ദയയുള്ള ദിവ്യഹൃദയമേ, എന്‍റെ മേല്‍ ദയയായിരിക്കണമേ.

ഫാ. സിജോ കണ്ണമ്പുഴ OM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ