മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കണ്ണിയാണ് സാന്താ മാര്‍ത്താ ഗ്രൂപ്പ്: ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസാ

മനുഷ്യക്കടത്തിനെതിരെ പോരാടുന്ന കണ്ണിയാണ് സാന്താ മാര്‍ത്താ ഗ്രൂപ്പെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തെ വത്തിക്കാന്റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസാ.

ആധുനിക അടിമത്തമായ മനുഷ്യക്കടത്തിന് എതിരെ പോരാടുവാന്‍ രാജ്യാന്തര തലത്തില്‍  മെയ് 28-ന് യുഎന്‍ വിളിച്ചുകൂട്ടിയ രാഷ്ട്രങ്ങളുടെ സംഗമത്തില്‍  പൊലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും സാന്താ മാര്‍ത്താ ഗ്രൂപ്പിനെ രാഷ്ട്രപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തവെയാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇക്കാര്യം പറഞ്ഞത്.

മനുഷ്യക്കടത്തെന്ന കുറ്റകൃത്യത്തിന് കാരണക്കാരായവര്‍ക്കെതിരെ നീതി നടപ്പാക്കുന്നതിനും ഇരകളായവരുടെ യാതനകള്‍ ശമിപ്പിക്കുന്നതിനുമായി 2014 ഏപ്രില്‍ മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്താ മാര്‍ത്തയില്‍ വിളിച്ചുകൂട്ടിയ ഉന്നതതല പൊലീസ് ഓഫിസര്‍മാരുടെയും പൗരപ്രമുഖരുടെയും സര്‍ക്കാരേതര സംഘടകളുടെയും സന്നദ്ധ കൂട്ടായ്മയാണ് സാന്താ മാര്‍ത്താ ഗ്രൂപ്പെന്ന് (ഠhe Santa Marta Group) ആര്‍ച്ചുബിഷപ്പ് ഔസ വ്യക്തമാക്കി.

അനീതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരും സഭയും കൈകോര്‍ക്കുന്നതിന്റെ പ്രതീകമാണ് സാന്താ മാര്‍ത്താ ഗ്രൂപ്പ്. ഇന്നിന്റെ പ്രതിഭാസങ്ങളായ മനുഷ്യക്കടത്ത്, അവയവങ്ങളുടെയും കോശങ്ങളുടെയും കള്ളക്കടത്ത്, കുട്ടികളുടെ ലൈംഗിക പീഡനം, അടിമവേല, വേശ്യാവൃത്തി എന്നിങ്ങനെയുള്ള വളരെ നീചമായ പ്രത്യാഘാതങ്ങളും സാമൂഹിക സാമ്പത്തിക ഒറ്റപ്പെടുത്തലുകളും ഇല്ലാതാക്കാന്‍ രാഷ്ട്രനേതാക്കളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ