അവനെ തേടുക

ജ്വലിക്കുന്ന മനസ്സ് ഉള്ളവനേ
ലക്ഷ്യത്തില്‍ എത്തിച്ചേരുകയുള്ളൂ.

യേശു അയ്യായിരം പേര്‍ക്ക് അഞ്ചപ്പം വര്‍ദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലം ഒരുക്കുന്ന വചനഭാഗത്തില്‍ പറയുന്ന ഒരു വചനം നാം പ്രത്യേകം ശ്രദ്ധിക്കണം.
”എല്ലാ പട്ടണങ്ങളിലും നിന്ന് ജനങ്ങള്‍ കര വഴി ഓടി അവര്‍ക്കു മുമ്പേ അവിടെ എത്തി”(മര്‍ക്കോ. 6,33).

അതായത് യേശു ചെല്ലും മുമ്പേ ജനങ്ങള്‍ അവിടെ ചെന്നിരുന്നു എന്ന്. അത്രമാത്രം തീക്ഷ്ണത ആ ജനങ്ങള്‍ കാണിച്ചു എന്നര്‍ത്ഥം. യേശുവിനെ കണ്ടുമുട്ടാന്‍ ഇന്നും ഒരാള്‍ ഇതുപോലെ ഏറെ ദൂരം ഓടിത്തീര്‍ക്കേണ്ടതുണ്ട്. ഒത്തിരി തീക്ഷ്ണത കാണിക്കേണ്ടതുണ്ട്. ”താന്‍പാതി ദൈവം പാതി ” എന്നു പറയാറുണ്ടല്ലോ. അതിലെ ‘താന്‍ പാതി’ നമ്മള്‍ ചെയ്താലല്ലേ ‘ദൈവത്തിന്റെ പാതി’ ദൈവം ചെയ്യുകയുളളൂ.
ഒരിടത്ത് മഹാനായ ഒരു ആശ്രമശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ ഒരുവന്‍ ദൂരെ ദേശത്തുനിന്ന് എത്തി. ശ്രേഷ്ഠനെ കാണണം എന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ആശ്രമ കാവല്‍ക്കാരന്‍ പറഞ്ഞു.

”ഗുരുവിനെ കാണണമെങ്കില്‍ ആ കാണുന്ന മല കയറിയിട്ട് വരണം.
അയാള്‍ സമ്മതിച്ചു. ദുര്‍ഘടമായ ആ മല കയറി. അയാള്‍ തിരിച്ചു വന്നു. അപ്പോള്‍ കാവല്‍ക്കാരന്‍ പറഞ്ഞു:
”ഗുരുവിന്റെ അടുത്തുപോകണമെങ്കില്‍ അക്കാണുന്ന തടാകം നീന്തിക്കടക്കണം”.
മുതലകളും മറ്റും നിറഞ്ഞ തടാകം നീന്തിക്കടന്ന് അയാള്‍ തിരിച്ചുവന്നു. ഗുരുവിനെ കാണണമെന്ന കാര്യം ആവര്‍ത്തിച്ചു.
”ഗുരുവിനോട് സംസാരിക്കണമെങ്കില്‍ അക്കാണുന്ന അഗ്നികുണ്ഡത്തിനുളളിലൂടെ നടക്കണം” എന്നായി കാവല്‍ക്കാരന്‍.

അതും വിജയകരമായി പൂര്‍ത്തിയാക്കി അയാള്‍ തിരിച്ചുവന്നപ്പോള്‍ ആശ്രമവാതില്‍ തുറന്നുകൊണ്ട് കാവല്‍ക്കാരന്‍ പറഞ്ഞു:
”ആഗ്രഹത്തെ അഗ്നിപോലെ കൊണ്ടു നടക്കുന്നവനെ പിന്തിരിപ്പിക്കുക സാധ്യമല്ല”.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഈ ആള്‍ ആ ആശ്രമത്തിന്റെ ശ്രേഷ്ഠനുമായി. കഥ ഇവിടെ തീരുന്നു. പക്ഷേ അതിന്റെ സാരാംശം നമുക്കിന്ന് ഏറെ ഉപകാരപ്രദമാണ്.
തീക്ഷ്ണമായ ആഗ്രഹങ്ങള്‍ സൂക്ഷിക്കുന്നവനു മാത്രമേ ജീവിതത്തില്‍ വിജയം ഉണ്ടാവുകയുളളൂ. നമ്മള്‍ അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്ന സംഭവങ്ങള്‍ ഇതൊക്കെയല്ലേ സാക്ഷ്യപ്പെടുത്തുന്നത്. കഷ്ടപ്പെടുന്നവനേ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുകയുളളൂ. ഉളളില്‍ കെടാത്ത അഗ്നിപോലത്തെ ആഗ്രഹങ്ങള്‍ സൂക്ഷിക്കുക.

യേശു എത്തുന്നതിനും മുന്‍പ് എത്തിച്ചേരാന്‍ മാത്രം ശുഷ്‌കാന്തി ആ ജനങ്ങള്‍ കാണിച്ചു. അതിന് അര്‍ത്ഥം അവര്‍ക്ക് അതിനുളള ആവശ്യം ഉണ്ടായിരുന്നു എന്നാണ്. യേശുവിനെക്കൊണ്ട് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു.
ഇന്ന് നമുക്കും യേശുവിനെക്കൊണ്ട് എന്തുമാത്രം ആവശ്യങ്ങളാണ്. നമ്മുടെ ഓരോ പ്രവര്‍ത്തനവും വിജയിക്കണമെങ്കില്‍ അവന്റെ സഹായം ഇല്ലാതെ പറ്റില്ല. അതുകൊണ്ട് എന്തു കഷ്ടതകള്‍ സഹിച്ചാലും അവന്റെ അടുത്ത് ചെല്ലണം. അതിനുളള ക്ലേശങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. പക്ഷെ ആ ക്ലേശങ്ങള്‍ ഏറ്റെടുക്കാന്‍ നാമാരും ഇന്ന് തയ്യാറല്ല. ബുദ്ധിമുട്ടുകള്‍ സഹിച്ച് അവനെ തേടിപ്പോകാന്‍ നമുക്ക് മനസ്സും ഇല്ല.

തന്നെ കാണാന്‍ ഓടിവന്നവരുടെ നേര്‍ക്ക് യേശുവിന് ഉണ്ടായിരുന്ന മനോഭാവം എന്തായിരുന്നു? ”അവന് അവരോട് അനുകമ്പ തോന്നി. കാരണം അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി” (മര്‍ക്കോ. 6:34).
യേശുവിന് അവരോട് അനുകമ്പ തോന്നിയപ്പോള്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി.

നമ്മളും അവന്റെ അടുത്തുചെന്നാല്‍ നമ്മോടും അവന് അനുകമ്പ തോന്നും. നമ്മളോട് പല കാര്യങ്ങളും അവന്‍ പറയും, നമ്മെ പലതും പഠിപ്പിക്കും. അങ്ങനെ നമ്മുടെ ജീവിതം ധന്യമാകും. അതിനാല്‍ അവന്റെ അടുത്തു ചെല്ലാനും, അവനോടൊപ്പം സമയം ചിലവഴിക്കാനും നാം ഇനിയും ഉത്സാഹിക്കേണ്ടിയിരിക്കുന്നു.

ഫാ. ജി. കടൂപ്പാറയിൽ എം. സി. ബി. എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here