സീറോമലബാര്‍ ശിശു ലത്തീന്‍ പള്ളിയില്‍..

ഡോ. ജോസ് ചിറമേല്‍

മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നീ മൂന്ന് കൂദാശകള്‍ (Sacraments of initiation) ഒന്നിച്ച് സ്വീകരിച്ച, തിരിച്ചറിവ് എത്താത്ത (below the age of reason) സീറോമലബാര്‍ സഭാംഗമായ ഒരു ശിശുവിന് ലത്തീന്‍ പള്ളിയില്‍ വി. കുര്‍ബാന സ്വീകരിക്കാമോ?

ആന്‍ഡ്രൂസ് സി.ജെ., ഇടുക്കി

സീറോമലബാര്‍ സഭയില്‍ നിന്ന് മാമ്മോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നീ മൂന്ന് കൂദാശകള്‍ സ്വീകരിച്ച ഒരു ശിശുവിന് ലത്തീന്‍ ദേവാലയത്തില്‍ വി. കുര്‍ബാന സ്വീകരിക്കാമോ എന്ന നേരിട്ടുള്ള ചോദ്യത്തിന് ‘സ്വീകരിക്കാം’ എന്ന് നേരിട്ടൊരു ഉത്തരം നല്‍കുവാന്‍ കഴിയും. പക്ഷെ, ഇതിലുപരി ഈ പ്രശ്‌നത്തിന്റെ നാനാവശങ്ങളെ ക്കുറിച്ച് മനസ്സിലാക്കാന്‍ കത്തോലിക്കാസഭയിലെ സ്വയാധികാരസഭകളെ (Sui iuris Churches) ക്കുറിച്ച് സാമാന്യമായ വസ്തുതകള്‍ അറിയേണ്ടതാവശ്യമാണ്.

സ്വയാധികാരസഭകള്‍

ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വ്വത്രികവുമായ കത്തോലിക്കാസഭ 22 സ്വയാധികാരസഭകള്‍ കൂടിച്ചേരുന്നതാണ്. ഇപ്രകാരമുള്ള രണ്ട് സ്വയാധികാര സഭകളാണല്ലോ ലത്തീന്‍, സീറോമലബാര്‍ സഭകള്‍. വിശ്വാസം, സന്മാര്‍ഗ്ഗം, കൂദാശകള്‍, ഹൈരാര്‍ക്കി എന്നീ തലങ്ങളില്‍ ഗാഢമായ ഐക്യവും ആരാധനാ ക്രമം, ആദ്ധ്യാത്മികത, ദൈവശാസ്ത്രം, ശിക്ഷണക്രമം, പാരമ്പര്യങ്ങള്‍ എന്നിവയില്‍ വൈവിധ്യവും ഉള്‍ക്കൊള്ളുന്നതാണ് ഈ സ്വയാധികാരസഭകള്‍. പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നായിരിക്കു ന്നതുപോലെ സഭകളുടെ വൈവിധ്യത്തിലുള്ള ഐക്യം ത്രിത്വാത്മകമാണെന്ന് പറയാം. കത്തോലി ക്കാസഭയിലെ വിവിധ സഭകള്‍ക്ക് തുല്യമായ അവ കാശങ്ങളും കടമകളും ഉണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. അതു കൊണ്ടുതന്നെ എല്ലാ സ്വയാധികാരസഭകള്‍ക്കും തുല്യമായ പദവിയാണുള്ളത്. സഭ എന്ന നിലയില്‍ ഒരു സ്വയാധികാരസഭ മറ്റൊന്നിന്റെ മുമ്പിലോ പിന്നിലോ അല്ല. റോമാസഭയെപ്പോലെ തന്നെ അപ്പസ്‌തോലിക പാരമ്പര്യമുള്ള സഭകള്‍ തന്നെയാണ് പൗരസ്ത്യ കത്തോലിക്കാസഭകളും. അപ്പസ്‌തോലന്മാരാലോ അവരുടെ നിയമാനുസൃതമായ പിന്‍ഗാമികളാലോ സ്ഥാപിതമായ സഭകളെന്ന നിലയില്‍ ഇവയുടെ പാരമ്പര്യങ്ങളും നിയമാനുസൃതമാണ്.

സമ്പന്നമായ വൈവിധ്യം

പാശ്ചാത്യസഭയും പൗരസ്ത്യസഭകളും പരസ്പര പൂരകങ്ങളും സാര്‍വ്വത്രികസഭയുടെ വൈവിധ്യം പ്രസ്പഷ്ടമാക്കുന്നവയുമാണ്. തിരുസഭയെപ്പറ്റി യുള്ള വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രിയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ”ദൈവപരിപാലനയുടെ ക്രമീകരണം വഴി ശ്ലീഹന്മാരും അവരുടെ പിന്‍ ഗാമികളും വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവിധ സഭകള്‍ കാലക്രമത്തില്‍ സജീവമായ ഐക്യം പുലര്‍ത്തുന്ന വ്യത്യസ്തസമൂഹങ്ങളായി വര്‍ത്തിച്ചു. വിശ്വാസത്തില്‍ ഐക്യവും സാര്‍വ്വത്രികസഭയുടെ ദൈവികമായ ഘടനയും നിലനിര്‍ത്തിക്കൊണ്ടു പോകുന്ന പ്രസ്തുത സഭാസമൂഹങ്ങള്‍ സ്വന്തമായ ശിക്ഷണക്രമത്താലും ആരാധനാക്രമങ്ങളാലും ദൈവ ശാസ്ത്രപരവും ആധ്യാത്മികവുമായ പിതൃധനത്താലും അലംകൃതമാണ്” (തിരുസ്സഭ-23).

തന്മൂലം കത്തോലിക്കാസഭയില്‍ ഇപ്രകാരം സമ്പ ന്നമായ വൈവിധ്യമുണ്ട്. ഈ വൈവിധ്യം ഒരിക്കലും സാര്‍വ്വ ത്രികസഭയുടെ ഐക്യത്തെ തകര്‍ക്കുകയല്ല, മറിച്ച് സമ്പന്നമാക്കുകയാണ് ചെയ്യുക. കത്തോലിക്കാ സഭയിലെ സമ്പന്നമായ ഈ വൈവിധ്യത്തെ ആദരിച്ചുകൊണ്ട് പൗരസ്ത്യ സഭകളെ സംബന്ധിക്കുന്ന ഡിക്രിയില്‍ ഇപ്രകാരം പറയുന്നു: ”പൗരസ്ത്യ കത്തോലിക്കാസഭയിലെ ഓരോ അംഗങ്ങളും തങ്ങ ളുടെ സഭയുടെ പാരമ്പര്യങ്ങള്‍ അഭംഗമായും പൂര്‍ണ്ണമായും സംരക്ഷിച്ച് പരിപാലിക്കണമെന്ന് ബോദ്ധ്യമുള്ളവരായിരിക്കണം” (പൗരസ്ത്യസഭകള്‍ – 6).

കൂദാശകളുടെ പ്രാധാന്യം

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യ സഭകളുടെ അവകാശങ്ങളേയും ഉത്തരവാദിത്വങ്ങളേയും പറ്റി വ്യക്തമായി പ്രതിപാദിച്ചിട്ടുള്ളതു പോലെ തന്നെ, ക്രിസ്തീയജീവിതത്തില്‍ കൂദാശ കള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും ഉറപ്പിച്ചു പറഞ്ഞി ട്ടുണ്ട്. കത്തോലിക്കരെന്ന നിലയില്‍ നാം ഒരു കൗദാശികഗണമാണ് Sacramental people). ഓരോ സ്വയാധികാരസഭയുടെ പാരമ്പര്യത്തിനനു സരിച്ചാണ് കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന തെങ്കിലും കൂദാശകള്‍ സാര്‍വ്വത്രികസഭയില്‍ പരമപ്രാധാന്യം അര്‍ഹിക്കുന്നവയാണ്. സ്വയാധികാര സഭകള്‍ തമ്മിലുള്ള വൈവിധ്യത്തിന് അതീതമായി സഭയെ നിലനിര്‍ത്തുന്നതും ഒന്നിപ്പിക്കുന്നതും സഭയുടെ കൂദാശകളാണ്. തന്മൂലം ഏത് സ്വയാധികാര സഭയില്‍ നിന്നും കത്തോലിക്കാവിശ്വാസികള്‍ക്ക് കൂദാശകള്‍ സ്വീകരിക്കാവുന്നതാണ്. കൗണ്‍സില്‍ ഡിക്രിയില്‍ പറയുന്നതുപോലെ തങ്ങളുടെ അജപാലകന്മാരില്‍ നിന്ന് സഭയുടെ ആധ്യാത്മിക സഹായങ്ങള്‍, പ്രത്യേകിച്ച് ദൈവവചനശുശ്രൂഷയും കൂദാശകളും സമൃദ്ധമായി സ്വീകരിക്കുവാന്‍ വിശ്വാസികള്‍ക്ക് (അല്‍മായര്‍ക്ക്) അവകാശമുണ്ട് (തിരുസ്സഭ – 37).

ഇതേ കൗണ്‍സില്‍, ഓരോ സ്വയാധികാര സഭയുടേയും നിയമാനുസൃതമായ പാരമ്പര്യത്തിനനു സൃതമായി കൂദാശകളെ സംബന്ധിച്ച നിയമങ്ങള്‍ പരി ഷ്‌ക്കരിക്കണമെന്നും പറയുന്നുണ്ട്. പൗരസ്ത്യ സഭ കളെ സംബന്ധിക്കുന്ന ഡിക്രിയില്‍ ഇപ്രകാരം പറയുന്നു: ”പൗരസ്ത്യസഭകളില്‍ കാണുന്ന കൂദാശകളുടെ പരികര്‍മ്മരീതി അതിപുരാതനമാണ്. അവയെ കൗണ്‍സില്‍ സ്ഥിരീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ പരമ്പരാഗതമായ രീതി തന്നെ പുനഃസ്ഥാപിക്കണം” (പൗരസ്ത്യസഭകള്‍ -12).

മേല്‍ പ്രസ്താവിച്ച വസ്തുതകളുടെ വെളിച്ചത്തി ല്‍ ചോദ്യകര്‍ത്താവ് ഉന്നയിച്ച പ്രശ്‌നം പരിശോധിക്കാ വുന്നതാണ്. പ്രവേശക കൂദാശകള്‍ സ്വീകരിച്ച സീറോ മലബാര്‍ സഭാംഗമായ ശിശുവിന് തിരിച്ചറിവ് എത്തിയിട്ടില്ലെങ്കില്‍ ലത്തീന്‍ പള്ളിയില്‍ വച്ച് വി.കുര്‍ബാന സ്വീകരിക്കാമോ എന്നതാണല്ലോ ചോദ്യം. പ്രവേശക കൂദാശകള്‍ സ്വീകരിച്ച വ്യക്തി എന്നാല്‍ മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ മൂന്നു കൂദാ ശകള്‍ സ്വീകരിച്ച ആള്‍ എന്നാണ് അര്‍ത്ഥം. ഈ മൂന്ന് കൂദാശകള്‍ തമ്മില്‍ ദൈവശാസ്ത്രപരമായ ഒരു ഐക്യം ഉണ്ട്. തന്മൂലം പൗരസ്ത്യ സഭാപാരമ്പര്യ മനുസരിച്ച് ഈ മൂന്ന് കൂദാശകള്‍ (Sacraments of initiation) ഒരുമിച്ച് പരികര്‍മ്മം ചെയ്യേണ്ടവയാണ്.

ഇത് ഓരോ സ്വയാധികാരസഭയുടെയും പ്രത്യേക നിയമങ്ങള്‍ക്ക് വിധേയമായി ചെയ്യണമെന്നാണ് പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള പൊതുനിയമത്തില്‍ (Code of Canons of the Eastern Churches) പറയുന്നത് (CCEO.c.697). പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം 1996 – ല്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശക രേഖയിലും (The Instruction for applying the liturgical prescriptions of the Code of Canons of the Eastern Churches) മാമ്മോദീസയ്ക്കും സ്ഥൈര്യലേപനത്തിനും ശേഷം വി. കുര്‍ബാന കൊടുക്കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട് (no: 51). വി. കുര്‍ബാന ജീവന്റെ അപ്പമാണ്. ഈ കൗദാശിക അപ്പം ഭക്ഷിച്ചുവേണം ശിശുക്കള്‍ വളരുവാന്‍. തന്മൂലം പ്രവേശകകൂദാശകള്‍ സ്വീകരിച്ച പൗരസ്ത്യ സഭാംഗങ്ങളായ ശിശുക്കള്‍ക്ക് തങ്ങളുടെ അജപാലകരില്‍ നിന്ന് വി. കുര്‍ബാന തുടര്‍ച്ചയായി സ്വീകരിക്കാവുന്നതാണ്.

കേരളത്തിന് വെളിയിലുള്ളവര്‍

കേരളത്തിന് പുറത്ത് താമസിക്കുന്ന പൗരസ്ത്യ സഭാംഗങ്ങള്‍ക്ക് സ്വന്തമായ ഇടവകകളും അജപാലകരും ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. ലത്തീന്‍ സഭയില്‍ പെട്ടവര്‍ തങ്ങളുടെ സ്വയാധികാരസഭയുടെ നിയമങ്ങള്‍ക്ക് വിധേയമായി വിശ്വാസജീവിതം നയിക്കുന്നതുപോലെ തന്നെ പൗരസ്ത്യസഭാംഗങ്ങള്‍ക്കും തങ്ങളുടെ സഭാപാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിച്ച് ജീവിക്കാന്‍ അവകാശമുണ്ട്. സാര്‍വ്വത്രിക സഭയോടും തങ്ങള്‍ അംഗമായിരിക്കുന്ന സ്വയാധികാര സഭയോടുമുള്ള കടമകള്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വം നിറവേറ്റണമെന്നാണ് പൗരസ്ത്യനിയമസംഹിതയില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് (CCEO.c.12/2). സ്വന്തം ഇടവകകളും അജപാലകരും ഇല്ലാത്തിടത്ത് ഈ നിഷ്‌ക്കര്‍ഷ പാലിക്കാന്‍ പ്രയാസമായിരിക്കും. ആധ്യാത്മിക ആവശ്യങ്ങള്‍ക്ക് ഇക്കൂട്ടര്‍ ആശ്രയിക്കേണ്ടിവരുന്നത് ലത്തീന്‍ ഇടവകകളെയാണ്. തുടര്‍ച്ചയായും ഏറെക്കാ ലത്തേയ്ക്കും ഇപ്രകാരം ചെയ്യുന്നതുവഴി സ്വന്തം റീത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് ഇക്കൂട്ടര്‍ ഏറെ അകല്‍ച്ച പ്രാപിച്ചിട്ടുണ്ടാകും.

പ്രസക്തമായ ചില ചോദ്യങ്ങള്‍:

കേരളത്തിന് പുറത്തും വിദേശത്തുമൊക്കെ താമസിക്കുന്ന പൗരസ്ത്യ കത്തോലിക്കര്‍ക്ക് സ്വന്തം ഇടവകകള്‍ ഇല്ലെങ്കില്‍ എന്തുചെയ്യും? ഇത്തരം സാഹചര്യങ്ങളില്‍ പൗരസ്ത്യ സഭാംഗങ്ങളായ ശിശുക്കള്‍ ലത്തീന്‍സഭയുടെ നിയമമനുസരിച്ച് വി. കുര്‍ബാന സ്വീകരിക്കുന്നതിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന വയസ്സ് (ഏഴ്) പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? അതോ, പൗരസ്ത്യ പാരമ്പര്യമനുസരിച്ച് പ്രവേശകകൂദാശകള്‍ സ്വീകരിച്ച കുട്ടികള്‍ക്ക് ലത്തീന്‍ പള്ളിയില്‍ വി. കുര്‍ബാന സ്വീകരിക്കാമോ?

അവകാശങ്ങളും ഉത്തരവാദിത്വങ്ങളും

മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനുമുമ്പ് സഭാവിശ്വാസികളുടെ അവകാശങ്ങളെപ്പറ്റി നാം മനസ്സിലാക്കേണ്ടതുണ്ട്. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ സഭയില്‍ അംഗമായി ചേരുന്നതു വഴിയാണ് ഒരാള്‍ക്ക് സഭാപരമായ അവകാശങ്ങള്‍ കൈവരുന്നത് (CCEO.c. 7; CIC.c. 96). സഭാവിശ്വാസികളുടെ മൂന്ന് അവകാശങ്ങളെപ്പറ്റിക്കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്:

1. ക്രൈസ്തവവിശ്വാസികള്‍ക്ക് തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും, പ്രത്യേകിച്ച് ആധ്യാത്മികമായവ സഭയിലെ ഇടയന്മാരെ അറിയിക്കാനുള്ള അവകാശം (CCEO.c. 15; CIC.c. 212/2);

2. സഭയുടെ ആധ്യാത്മികസമ്പത്തില്‍ നിന്നും, പ്രത്യേകിച്ച് ദൈവവചനത്തില്‍ നിന്നും കൂദാശകളില്‍ നിന്നും സഭയുടെ ഇടയന്മാരിലൂടെ സഹായം ലഭി ക്കാനുള്ള അവകാശം (CCEO.c. 16; CIC.c. 213);

3. തങ്ങളുടെ സ്വയാധികാരസഭയുടെ നിബന്ധനകള്‍ക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിനുള്ള അവകാശം (CCEO.c.17; CIC.c. 214).
പൗരസ്ത്യ സഭാംഗങ്ങളുടെ അജപാലന ചുമതലയുള്ളവരുടെ ഉത്തരവാദിത്വങ്ങളെപ്പറ്റി ലത്തീന്‍ നിയമ സംഹിതയിലും പൗരസ്ത്യ നിയമസംഹിതയിലും വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. തങ്ങളുടെ രൂപതാതിര്‍ ത്തിക്കുള്ളിലെ പൗരസ്ത്യ സഭാംഗങ്ങളുടെ ആധ്യാത്മകാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വൈദികരേയൊ ഇടവകകളോ അല്ലെങ്കില്‍ ഒരു എപ്പിസ്‌കോപ്പല്‍ വികാരിയേയൊ അക്കാര്യത്തിനായി നിയമിച്ചു കൊണ്ടോ, നടത്തിക്കൊടുക്കേണ്ടതാണെന്ന് ലത്തീന്‍ നിയമം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട് (CIC.c. 383/2 ).

ലത്തീന്‍ നിയമ സംഹിതയെ അപേക്ഷിച്ച് പൗരസ്ത്യനിയമ സംഹിതയിലെ വ്യവസ്ഥകള്‍ കുറേക്കൂടി വിപുലമാണ്. ഇതനുസരിച്ച് പൗരസ്ത്യ പാരമ്പര്യ ങ്ങള്‍ സംരക്ഷിക്കുക എന്നത് രൂപതാമെത്രാന്റെ ഗൗരവമേറിയ ഉത്തരവാദിത്വമാണ്; പ്രത്യേകിച്ച് സമീപ പ്രദേശത്ത് പൗരസ്ത്യസഭയിലെ ഇടവക കളോ വൈദികരോ ഇല്ലാത്ത സാഹചര്യങ്ങളില്‍. ഇത്തരം സാഹചര്യങ്ങളില്‍ പൗരസ്ത്യസഭാംഗ ങ്ങളുടെ ആധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ലത്തീന്‍ സഭാംഗമായ വൈദികന് പൗരസ്ത്യ റീത്തു കളെപ്പറ്റിയും അവ പാലിക്കേണ്ടതാണെന്നുമുള്ള അറിവുകള്‍ ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട് (CCEO. 686/1).

മാതാപിതാക്കളുടെ അവകാശങ്ങള്‍

പൗരസ്ത്യറീത്തിലെ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികളെ പൗരസ്ത്യ പാരമ്പര്യത്തില്‍ വളര്‍ത്താനുള്ള ഉത്തരവാദിത്വമുണ്ട്. മാതാപിതാക്കളുടെ മറ്റൊരു പ്രധാനപ്പെട്ട ഉത്തരവാദിത്വം ശിശുക്കള്‍ ജനിച്ചാല്‍ എത്രയും നേരത്തേ അവര്‍ക്ക് മാമ്മോദീസ നല്കുകയെന്നതാണ് (CCEO. 686/1). ജനിച്ച് ആദ്യ ആഴ്ചയില്‍ത്തന്നെ ശിശുക്കള്‍ക്ക് മാമ്മോദീസ നല്‍കണമെന്ന് ലത്തീന്‍ നിയമസംഹിതയും അനു ശാസിക്കുന്നുണ്ട് (CIC.c. 867). ശിശു ജനിച്ചാല്‍ വൈകാതെ മാമ്മോദീസ നല്‍കണമെന്നതാണ് രണ്ട് നിയമവ്യവസ്ഥകളുടെയും ചൈതന്യം. ആകയാല്‍ പൗരസ്ത്യ കത്തോലിക്കരുടെ അജപാലന ചുമതലയുള്ള ലത്തീന്‍ വൈദികരില്‍ നിന്ന് തങ്ങളുടെ ശിശുക്കള്‍ക്ക് മാമ്മോദീസയോടൊപ്പം സ്ഥൈര് ലേപനവും വി. കുര്‍ബാനയും ലഭ്യമാക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഇപ്രകാരം പ്രവേശക കൂദാശകള്‍ സ്വീകരിച്ച പൗരസ്ത്യ സഭാംഗമായ ശിശുവിന് ലത്തീന്‍ ഇടവകയില്‍ ലത്തീന്‍ വൈദികരില്‍ നിന്ന് പൗരസ്ത്യ പാരമ്പര്യമനുസരിച്ച് തുടര്‍ച്ചയായി വി. കുര്‍ബാന സ്വീകരിക്കാവുന്നതാണ്.

ഫാ. ജോസ് ചിറമേല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here