കുരിശടയാളം മാമ്മോദീസായുടെ ഓർമ്മപ്പെടുത്തൽ: മാർപ്പാപ്പ

മാമ്മോദീസായിലൂടെ നമ്മിൽ പതിഞ്ഞ കുരിശടയാളം  കൃത്യമായി വരയ്ക്കാൻ മാതാപിതാക്കളും ജ്ഞാനസ്നാന മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പ. ബുധനാഴ്ചത്തെ പൊതുസന്ദർശകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

മാമ്മോദീസാ നൽകുന്ന ചടങ്ങിനിടെ വൈദികൻ കുഞ്ഞിന്റെമേൽ കുരിശടയാളം വരക്കുന്നു. ക്രിസ്തുവിന്റെ സ്വന്തമാകാൻ പോകുന്ന വ്യക്തിയുടെമേൽ അവിടുന്ന് സ്ഥാപിക്കുന്ന മുദ്ര എന്ന രീതിയിലാണത്.  കുരിശുമരണത്തിലൂടെ വിജയം വരിച്ച കർത്താവ് നമുക്ക് നേടിത്തന്ന രക്ഷയുടെ കൂടി സൂചനയാണത്. മാർപ്പാപ്പ വ്യക്തമാക്കി. അതുകൊണ്ട് ചെറുപ്പം മുതൽ തന്നെ കുട്ടികളെ മാമ്മോദീസായിലൂടെ ലഭിച്ച അടയാളങ്ങൾ പറഞ്ഞുകൊടുത്ത് അതനുസരിച്ച് ജീവിക്കാൻ ശീലിപ്പിക്കണം. അങ്ങനെയായാൽ മുതിർന്നാലും ആ ജീവിതശൈലി ആരും മറക്കില്ല. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വാക്കുകളും ആംഗ്യങ്ങളും

ക്രിസ്തുവിലുള്ള നവ ജീവിതത്തെയാണ് മാമ്മോദീസായിലെ ഓരോ പ്രാർത്ഥനകളും അംഗവിക്ഷേപങ്ങളും സൂചിപ്പിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ഞിന് നൽകുന്ന പേര്. ഒരാളുടെ വ്യക്തിത്വം സൂചിപ്പിക്കുന്നതാണ് അയാളുടെ പേര്. തികച്ചും അതുല്യനായ വ്യക്കിയാണെന്ന സൂചനയും പേര് നൽകുന്നുണ്ട്. ദൈവം നമ്മെ പേര് ചൊല്ലി വിളിക്കുന്നതിന്റെയും സവിശേഷമാംവിധം നമ്മെ പരിഗണിക്കുന്നതിന്റെയും സൂചനയാണ് അത് നൽകുന്നത്. മാർപ്പാപ്പ പറഞ്ഞു.

വിശ്വാസ യാത്ര

ദൈവത്തിന്റെ മക്കളാകുന്ന, വിശ്വാസത്തിന്റെ യാത്ര തുടങ്ങുന്ന ദിവസമാണ് മാമ്മോദീസാ ദിനം. ദൈവത്തിന്റെ വലിയ സമ്മാനമാണത്. മാതാപിതാക്കൾ, ജ്ഞാനസ്നാന മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവരുടെയെല്ലാം സഹായത്തോടെയാണ് ഒരു കുട്ടിയ്ക്ക് തന്റെ വിശ്വാസം ജീവിതം മുന്നോട്ടു നയിക്കാനും സാധിക്കുകയുള്ളൂ.

നാം ആരാണെന്ന് തെളിയിക്കുന്നതും നമ്മുടെ വാക്കുകളും പ്രവർത്തിയുമെല്ലാം ക്രിസ്തു കേന്ദ്രീകൃതമാണെന്ന സൂചന നൽകുന്നതുമാണ് മാമ്മോദീസായിൽ നമ്മുടെ ശരീരത്തിൽ മുദ്രണം ചെയ്ത കുരിശ്. അതുകൊണ്ട് ആ കുരിശിന്റെ പവിത്രത നഷ്ടപ്പെടുത്താത്തതാകണം ക്രിസ്ത്യാനിയുടെ ജീവിതവും. മാർപ്പാപ്പ വ്യക്തമാക്കി.

കുരിശടയാളം: ക്രൈസ്തവ ജീവിതത്തിന്റെ അളവുകോൽ

ഉത്ഥാനത്തിന്റെ അടയാളമായ കുരിശ് മുദ്രണം ചെയ്യുന്നതിലൂടെയാണ് നാം ക്രൈസ്തവരായി മാറുന്നത്. ഉണരുമ്പോഴും ഉറങ്ങാൻ പോകുമ്പോഴും, യാത്രയ്ക്കു മുമ്പും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും, അപകട സമയത്തുമെല്ലാം കുരിശ് വരക്കുന്നതിലൂടെ നാം ആരുടേതാണെന്നും ആരാകണമെന്നും സ്വയം ഓർമ്മിപ്പിക്കുകയും മറ്റുള്ളവരെ കാണിച്ചുകൊടുക്കുകയുമാണ് ആ വ്യക്തി ചെയ്യുന്നത്. അതുകൊണ്ടാണ് കുട്ടികളെ കൃത്യമായി കുരിശടയാളം വരയ്ക്കാൻ ശീലിപ്പിക്കണമെന്ന് മാതാപിതാക്കളോട് പറയുന്നത്. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply