മരണത്തെ തോല്‍പ്പിച്ച പുഞ്ചിരി വീണ്ടും വീണ്ടും ജനങ്ങളെ പ്രചോദിപ്പിക്കുന്നു.

വേദനകള്‍ക്ക് നടുവിലും ദൈവഹിതം നിറവേറാന്‍ പ്രാര്‍ത്ഥിച്ച സന്യാസിനിയായിരുന്നു സെസിലിയ മരിയ എന്ന അര്‍ജന്റീനക്കാരി. ക്യാന്‍സര്‍ സമ്മാനിച്ച വേദനകളെ കടിച്ചമര്‍ത്തി പുഞ്ചിരിയോടെ തന്നെ കാണാനെത്തിയവര്‍ക്ക് ദൈവികമായ സന്തോഷം പകര്‍ന്ന ആ സന്യാസിനി മരണത്തിലേയ്ക്ക് കടന്നതും ലോകത്തിനു മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടാണ്. സിസ്റ്ററിന്റെ അവസാന നിമിഷങ്ങളിലെ പുഞ്ചിരി സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടത്.

നഴ്സിംഗ് പഠനത്തിനു ശേഷം തന്റെ ഇരുപത്തി ആറാമത്തെ വയസില്‍ അര്‍ജന്‍റീനയിലെ കര്‍മ്മലീത്ത മഠത്തില്‍ ചേര്‍ന്ന സി. സിസിലിയ മരിയ 2003 – ല്‍ സഭാവസ്ത്രം സ്വീകരിച്ചു. തന്റെ ചെറിയ ജീവിതം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും വേണ്ടി പൂര്‍ണ്ണമായി മാറ്റി വെച്ച വ്യക്തിയായിരുന്നു സിസ്റ്റര്‍. മരണത്തിനു ആറു മാസങ്ങള്‍ക്ക് മുന്‍പാണ് നാവില്‍ ക്യാന്‍സര്‍ കണ്ടെത്തിയത്. നാവില്‍ നിന്ന് ക്യാന്‍സര്‍ ശ്വാസകോശത്തിലേയ്ക്ക് പകര്‍ന്നു.

അതീവ വേദനയുടെ അവസ്ഥയിലും പുഞ്ചിരിക്കുന്ന സിസ്റ്ററിന്റെ പ്രകൃതം എല്ലാവര്‍ക്കും വലിയ അത്ഭുതമായിരുന്നു.  ആശ്രമത്തിൽ താമസിക്കുന്ന കാലത്ത് അവൾ വയലിൻ വായിക്കുമായിരുന്നു. രോഗം മൂര്‍ച്ചിച്ചു മരണാസന്നയായ സമയത്തും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനോ തന്റെ സഹനങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുന്നതിനോ ഒരു വിട്ടു വീഴ്ചയും കാണിച്ചില്ല. ഒടുവില്‍ തന്റെ അവസാന ആഗ്രഹമായി സിസ്റ്റര്‍ ഒരു പേപ്പറില്‍ എഴുതി. “എന്റെ ശവസംസ്കാരം എന്തായിരിക്കണമെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. തീവ്രമായ പ്രാര്‍ഥനയുടെ നിമിഷമായിരിക്കണം. ഒപ്പം തന്നെ എല്ലാവര്‍ക്കും അതൊരു ആഘോഷത്തിന്റെ വേളയായിരിക്കണം. പ്രാർഥിക്കാൻ മറക്കരുത്, അതുപോലെ ആഘോഷിക്കാനും മറക്കരുത്!”

തന്റെ ആഗ്രഹം എല്ലാവരെയും അറിയിച്ചു സിസ്റ്റര്‍ സിസിലിയ മരിയ മരണത്തിലേയ്ക്ക്, തന്റെ ദിവ്യ നാഥന്റെ പക്കലെയ്ക്ക് യാത്രയായി. ദിവ്യമായ ഒരു പുഞ്ചിരി ലോകത്തിനു സമ്മാനിച്ചുകൊണ്ട്… 2016 ജൂണ്‍ 23 നു  തന്റെ 43 മത്തെ വയസില്‍ സിസ്റ്റര്‍  സിസിലിയ മരിയ മരണമടഞ്ഞു. സിസ്റ്ററിന്റെ മരണ വിവരം അറിയിച്ചു കൊണ്ട് പങ്കുവയ്ക്കപ്പെട്ട ചിത്രത്തിലെ പുഞ്ചിരിയിലൂടെ അനേകര്‍ക്ക്‌ ധൈര്യം പകര്‍ന്നു കൊണ്ട് യാത്ര ചെയ്യുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here