സീറോ മലബാര്‍ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ഇന്ന് കൊച്ചിയില്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം ഇന്ന് (ആഗസ്റ്റ് 11) കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററി (പി.ഒ.സി)ല്‍ സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭയിലെ ഉപവി-സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നല്‍കിയിരിക്കുന്ന സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് (സ്പന്ദന്‍)ന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം സംഘടിപ്പിക്കുന്നത്. രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് സിനഡല്‍ കമ്മിറ്റി ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിക്കും. സിനഡ് സെക്രട്ടറി മാര്‍ ആന്റണി കരിയില്‍ മുഖ്യപ്രഭാഷണം നടത്തും.

സീറോ മലബാര്‍ സഭയുടെ പ്രേഷിത ആഭിമുഖ്യം സാമൂഹിക ശുശ്രൂഷാ രംഗത്ത് – സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിഷയാവതരണം നടത്തും. ഫാ. തോമസ് നടക്കാലന്‍, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, സിസ്റ്റര്‍ ജാസിന സി.എം.സി, പി.യു തോമസ്, സിജോ പൈനാടത്ത്, ബീന സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രതികരണങ്ങളും പ്രവര്‍ത്തനസാധ്യതകളുടെ അവതരണവും നടത്തും.

ഉച്ചകഴിഞ്ഞ് നടത്തപ്പെടുന്ന സ്പന്ദന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്പന്ദന്‍ സിനഡല്‍ കമ്മിറ്റി അംഗം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മോഡറേറ്റ് ചെയ്യും. സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ നെറ്റ്‌വര്‍ക്കിംഗിനും ഏകോപനത്തിനും വിപുലീകരണത്തിനുമായി രൂപീകൃതമായിരിക്കുന്ന ‘സ്പന്ദന്‍’ ന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെടും. വടക്കേ ഇന്‍ഡ്യയിലെ മിഷനറി പ്രദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന രൂപതകളുടെയും സന്യാ സമൂഹങ്ങളുടെയും പ്രവര്‍ത്തനാഭിമുഖ്യങ്ങള്‍ യോഗത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. സ്പന്ദന്‍ സീറോ മലബാര്‍ സിനഡല്‍ കമ്മിറ്റി അംഗങ്ങളായ മെത്രാന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരതത്തിലെ സീറോ മലബാര്‍ രൂപതകളിലെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബഹു. വൈദികരും സീറോ മലബാര്‍ സഭയിലെ സമര്‍പ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ