ദൈവം തൊട്ട ഹ്രസ്വചിത്രം – ‘നിന്നെ പോലെ ഒരാള്‍’

സന്ന്യാസത്തിന്റെ നേരെഴുത്ത് 7

അവള്‍ റൂമിലെത്തി. കത്തോലിക്കാ സഭയേയും പൗരോഹിത്യത്തെയും അധിക്ഷേപിച്ചു കൊണ്ടുള്ള സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അവളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു… അവര്‍ക്കൊക്കെ എന്ത് മറുപടി പറയും, കത്തോലിക്കാ വിശ്വാസിയായ തനിക്കു ഒരു മറുപടി പോലും നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടം ബാങ്ക് മാനേജര്‍ കൂടിയായ ആ യുവതിയുടെ മനസിനെ വേദനിപ്പിച്ചു.

അങ്ങനെ ഇരിക്കുമ്പോഴാണ് പതിവുപോലെ വാട്‌സാപ്പ് മെസേജിന്റെ വരവറിയിച്ചു കൊണ്ട് ഫോണ്‍ ശബ്ദിക്കുന്നത്. അസ്വസ്ഥമായ മനസോടെ ആ മെസേജ് തുറന്നു. ഒരു വീഡിയോ ആയിരുന്നു അത്. മനസില്ലാ മനസോടെ ആ വീഡിയോ കാണാന്‍ ആരംഭിച്ച അവളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകി. ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് നല്‍കാന്‍ ഉള്ള എല്ലാ ഉത്തരങ്ങളും ആ ചെറിയ വീഡിയോയില്‍ ഉണ്ടായിരുന്നു. പിന്നെ അവള്‍ തലയുയര്‍ത്തി ചോദ്യ ശരങ്ങള്‍ കൊണ്ട് തന്റെ വിശ്വാസത്തെ ചോദ്യം ചെയ്ത എല്ലാവര്‍ക്കും ആ വീഡിയോ സെന്റ് ചെയ്തു. അഭിമാനത്തോടെ. അതിലുപരി ഉറച്ച വിശ്വാസത്തോടെ.

ഇതു ഒരാളുടെ മാത്രം അനുഭവമല്ല. സഭയെ സ്‌നേഹിച്ച, പൗരോഹിത്യത്തെ അതിന്റെ പവിത്രതയില്‍ സ്‌നേഹിച്ച അനേകരുടെ കണ്ണ് നനയിച്ച ആ ചിത്രമാണ് ‘ നിന്നെ പോലെ ഒരാള്‍’.

സി. സെബി എം. എസ്. എം. ഐ.

വെറും നാലു മിനിറ്റിനുള്ളില്‍ നാലായിരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയ, ലക്ഷക്കണക്കിന് വിശ്വാസികളെ ക്രിസ്തുവില്‍ ഉറപ്പിച്ച ആ ഹ്രസ്വചിത്രത്തിനു പിന്നില്‍  പ്രവര്‍ത്തിച്ച വ്യക്തിയാണ് സി. സെബി എം എസ് എം ഐ. സിസ്റ്ററോ എന്ന ചോദ്യമാണ് മുന്നില്‍ വരുന്നതെങ്കില്‍ അതെ. സിസ്റ്റര്‍ തന്നെയാണ്. കത്തോലിക്കാ വിശ്വാസത്തിന്റെ ആവേശം മുഴുവന്‍ നെഞ്ചേറ്റിയ ആ വരികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സി. സെബി ഹ്രസ്വചിത്രത്തെയും അതിലേയ്ക്ക് നയിച്ച സാഹചര്യത്തെയും കുറിച്ച് ലൈഫ് ഡേയോട് മനസ് തുറക്കുന്നു…

ഒരു ഹ്രസ്വചിത്രം എന്ന ആശയത്തിലേക്ക് 

സന്യാസം അതിന്റെ പൂര്‍ണ്ണതയില്‍ ഓരോ നിമിഷവും ആസ്വദിച്ചു ജീവിച്ച വ്യക്തിയായിരുന്നു സി. സെബി. തന്റേതെന്നു കരുതിയ എല്ലാത്തിനെയും ഉപേക്ഷിച്ചു ദൈവത്തിനായി ജീവിക്കുവാനായി ഇറങ്ങി തിരിച്ച വ്യക്തി. ദൈവത്തോടൊപ്പമുള്ള സന്യാസം ഏറ്റവും മനോഹരമായി ജീവിച്ചു കൊണ്ട് സഭാധികാരികള്‍ക്കു കീഴ്‌പ്പെട്ടു കൊണ്ട് മുന്നോട്ട് ജീവിക്കുന്നതിനിടയിലാണ് സന്യാസത്തെയും പൗരോഹിത്യത്തെയും കൂദാശകളെയും ഒക്കെ അവഹേളിച്ചു കൊണ്ട് ഒരു കൂട്ടം ആളുകള്‍ രംഗ പ്രവേശനം ചെയ്യുന്നത്. സന്യാസത്തെയും പൗരോഹിത്യത്തെയും തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കണ്ടപ്പോ സി . സെബിയുടെ ഉള്ളില്‍ വല്ലാത്ത ഒരു വേദന. താന്‍ ഉള്‍പ്പെടുന്ന അനേകായിരം സന്യസ്തരെ സമൂഹം അവജ്ഞയോടെ നോക്കുന്നത് വേദന നിറഞ്ഞ ഹൃദയത്തോടെയും നിറഞ്ഞ കണ്ണുകളോടെയും നോക്കി കടന്നു പോകുന്ന ഒരു കൂട്ടം സന്യാസിനികളുടെ നിസ്സഹായ അവസ്ഥയുടെ വേദന അത് നെഞ്ചില്‍ ഒരു വാള്‍  കണക്കെ ആഴ്ന്നിറങ്ങി.

അതിനു കൂട്ടായി ഒരു സംഘം മാധ്യമ പ്രവര്‍ത്തകര്‍ കൂടെ എത്തിയതോടെ സമൂഹത്തില്‍ സന്യാസം ഒരു കാരാഗൃഹ തുല്യമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നു സിസ്റ്ററിനു തോന്നി തുടങ്ങി. ചാനലുകളിലും സോഷ്യല്‍ മീഡിയയിലും എല്ലാം സന്ന്യാസത്തിനും പൗരോഹിത്യത്തിനും സഭയ്ക്കും എതിരെ ഉള്ള വര്‍ത്തകള്‍ നിറയുന്ന സാഹചര്യം. സഭയെ പിന്തുണയ്ക്കുന്നവര്‍ പോലും നിശബ്ദരാകുവാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ അതിനെയൊക്കെ നിസാരമായി തള്ളിക്കളയുവാന്‍ സിസ്റ്ററിനു കഴിഞ്ഞില്ല. അതിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആരോ ഉള്ളില്‍ നിര്‍ബന്ധിക്കുന്നത് പോലെ ഒരു തോന്നല്‍. ആ തോന്നലില്‍ നിന്നാണ് ഒരു ഷോര്‍ട് ഫിലിം ചെയ്യാം എന്ന ആശയം രൂപം കൊള്ളുന്നത്.

ബോധ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ വിഷയം 

കത്തോലിക്കാ സഭയെയും വിശ്വാസത്തെയും താഴ്ത്തി കെട്ടാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഒരു ഷോര്‍ട് ഫിലിം എന്ന ആശയം വന്നു എങ്കിലും അത് എങ്ങനെ എവിടെ നിന്ന് തുടങ്ങണം എന്ന് യാതൊരു പിടിത്തവും ഇല്ലായിരുന്നു. സന്ന്യാസം അത് കാരാഗൃഹമല്ല എന്ന് ബോധ്യപ്പെടുത്തണം, പൗരോഹിത്യവും കുമ്പസാരവും സഭയുടെ, സന്യാസത്തിന്റെ ഒക്കെ അടിസ്ഥാനം ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണം. അതും ഈ സാഹചര്യത്തില്‍ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ആരെയും കുറ്റപ്പെടുത്താതെ പറയാനും കഴിയണം. അങ്ങനെ കുറേ ചിന്തകള്‍ക്കിടയില്‍ ആരോ ഉള്ളില്‍ നിന്ന് ഒരു ശക്തി പകരുന്നത് പോലെ ഒരു തോന്നല്‍.

സന്യാസം അത് നിലനില്‍ക്കണമെങ്കില്‍ പൗരോഹിത്യം നിലനില്‍ക്കണം. കൂദാശകള്‍ ഉണ്ടാവണം. സന്യാസ ജീവിതത്തിന്റെ അടിസ്ഥാനം കൂദാശ ജീവിതം അതായത് വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ആണെന്നതിനാല്‍ തന്നെ പൗരോഹിത്യം നിലനിന്നേ മതിയാവു. ആ ഒരു ബോധ്യത്തില്‍ നിന്ന് കൊണ്ട് സിസ്റ്റര്‍ തന്റെ തിരക്കഥ രചിച്ചു തുടങ്ങി. പുരോഹിതന്‍ അല്ല പൗരോഹിത്യം ആണ് താന്‍ തന്റെ ചെറിയ ചിത്രത്തിലൂടെ സമൂഹത്തിനു മുന്നില്‍ എത്തിക്കുവാന്‍ ശ്രമിച്ചതെന്നു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

പിന്തുണയുമായി ഓടിയെത്തിയ സൗഹൃദ വലയം

ഒരു ചെറിയ ചിത്രം ആണെങ്കിലും അതിനു ഉദ്ദേശിച്ച ഫലം ലഭിക്കണമെങ്കില്‍ അതിന്റെ ഷോട്ടുകളും സംഭാഷണകളും എല്ലാം മികച്ചതായിരിക്കണം. അതിനാല്‍ തന്നെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ ആയിരിക്കണം എന്ന് സിസ്റ്ററിനു തോന്നി. എന്ത് കാര്യത്തിനായാലും സകലത്തിനും അതീതമായൊരു ദൈവം തന്റെ ഒപ്പം ഉണ്ടെന്ന വിശ്വാസം സിസ്റ്ററില്‍ ശക്തമായ ഒരു സമയം ആയിരുന്നു. സ്‌ക്രിപ്റ്റ് തയ്യാറാക്കിയ ശേഷം അത് വായിക്കുവാന്‍ ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു. അതെ സമയം തന്നെ ക്യാമറ ചെയ്യുവാന്‍ ഉള്ള ആളുകളെയും തരപ്പെടുത്തി. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഈ ചിത്രത്തില്‍ ക്യാമറ ചെയ്തിരിക്കുന്നത്.

തുടര്‍ന്ന് സിസ്റ്റര്‍ തന്റെ സുഹൃത്തുക്കളെ ഒരുമിച്ചു കൂട്ടി കാര്യം അവതരിപ്പിച്ചു. സഭയ്ക്കൊപ്പം നില്‍ക്കാന്‍ സ്വയം സന്നദ്ധരായി എത്തുന്ന ഒരു കൂട്ടം യുവജനങ്ങള്‍ തന്റെ ഒപ്പം ചേരുന്ന ഒരു അത്ഭുതമാണ് സിസ്റ്ററിനു പിന്നീട് കാണാന്‍ കഴിഞ്ഞത്. ഒരു പ്രതിഫലവും വാങ്ങാതെ കൂടെ നിന്ന അനേകം ആളുകള്‍, എല്ലാ പിന്തുണയുമായി ഒപ്പം നിന്ന സന്യാസ സമൂഹം ഇവരുടെ ഒക്കെ പിന്തുണയോടെയാണ് ആ ചിത്രം തയ്യാറാക്കുവാന്‍ കഴിഞ്ഞത്. എം സി എ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആണ് ഇതില്‍ വൈദിക വിദ്യാര്‍ത്ഥിയായി അഭിനയിച്ചത്. മാധ്യമ പ്രവര്‍ത്തകനായി അഭിനയിച്ചത് നിഖില്‍ എന്ന അധ്യാപകനാണ്.

അവരുടെ ഒക്കെ സഹകരണം ആത്മാര്‍ത്ഥമായ സഹകരണം കൊണ്ട് മാത്രമാണ് നാല് മണിക്കൂറിനുള്ളില്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞത്.

തുണയായി കൂടെ നിന്ന ദൈവസാന്നിധ്യം 

ഒരു ചെറിയ ചിത്രം ചെയ്യുക എന്ന തീരുമാനം മനസ്സില്‍ തോന്നി തുടങ്ങിയത് മുതല്‍ ദൈവത്തിന്റെ വലിയ ഒരു കരുതല്‍ അല്ലെങ്കില്‍ ദൈവം തന്നോട് ഇതു ചെയ്യാന്‍ ആവശ്യപ്പെടുന്നതായി സിസ്റ്ററിനു തോന്നിയിരുന്നു. ചിത്രത്തിനുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിനിടയില്‍ അതിന്റെ അവസാന ഭാഗം എങ്ങനെയാകണം, അവിടെ എങ്ങനെ സംഭാഷണം തയ്യാറാക്കണം എന്ന ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ സിസ്റ്റര്‍ ഒരു കാര്യം ചെയ്തു. പേപ്പറും പേനയും എടുത്തു സക്രാരിയുടെ മുന്നിലേയ്ക്ക് ചെന്നു. ‘ദൈവമേ എന്നെ ഇതു ചെയ്യിക്കുന്നത് നീ ആണെകില്‍ എനിക്ക് ബാക്കി ഉള്ളത് കൂടി പറഞ്ഞു തരണമേ ‘ എന്ന് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ദൈവത്തിന്റെ പക്കല്‍ കെഞ്ചി. പിന്നെ എല്ലാം അത്ഭുതമായിരുന്നു എന്ന് സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. അവസാന ഡയലോഗ് ആ സക്രാരിക്കു മുന്നില്‍ ഇരുന്നുകൊണ്ടാണ് സിസ്റ്റര്‍ തയ്യാറാക്കിയത്. അതും വെറും രണ്ടു മിനിറ്റിനുള്ളില്‍. നാലു മിനിറ്റ് ചിത്രത്തിലെ സുപ്രധാന ഭാഗമായിരുന്നു ആ സക്രാരിക്കു മുന്നില്‍ വെച്ച് എഴുതിയ, അല്ലെങ്കില്‍ ദൈവം പറഞ്ഞു തന്ന ആ സംഭാഷണ ഭാഗം എന്ന് സി. സെബി പറയുന്നു.

ഷൂട്ടിംഗ് കഴിഞ്ഞുള്ള സമയത്തും പല തവണ ഈ ചിത്രം ഉപേക്ഷിച്ചാലോ എന്ന് തോന്നിയിട്ടുണ്ട് അപ്പോഴൊക്കെ ആരോ തന്നെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ മുന്നോട്ട് പോകുവാന്‍ ശ്രമിക്കുന്നതായി തോന്നിയിരുന്നു. സാങ്കേതികപരമായി നോക്കിയാല്‍ ധാരാളം തെറ്റുകള്‍ അതില്‍ ഉണ്ട്. പലപ്പോഴും ഇനി ചെയ്യുന്നില്ല എന്ന് പറഞ്ഞു നിര്‍ത്തിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിന്നൊക്കെ ഈ ചെറു ചിത്രത്തെ ഉയര്‍ത്തി അനേകരിലേയ്ക്ക് എത്തിച്ചത് ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് സി. സെബി.

ചിത്രത്തിന്റെ പേര് ഇട്ടപ്പോഴും ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടിരുന്നു. കാരണം വിശ്വാസത്തിനെതിരെയുള്ള ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എന്ന നിലയില്‍ തയാറാക്കിയതിനാല്‍ ‘ഉത്തരം’, ‘The  Answer ‘ എന്നിങ്ങനെ ഉള്ള പേരുകളായിരുന്നു തീരുമാനിച്ചത്. എഡിറ്റിങ്ങിനു കയറുന്നതു വരെ അതിനു യാതൊരു മാറ്റവും ഇല്ലായിരുന്നു. എന്നാല്‍ അതിനു ശേഷമാണ് ‘ നിന്നെ പോലെ ഒരാള്‍’ എന്ന ഒരു പേര് മനസ്സില്‍ വരുന്നത്. അത് തള്ളിക്കളയാന്‍ സിസ്റ്ററിനു കഴിഞ്ഞില്ല. മറ്റുള്ളവരുടെ അടുത്തു പറഞ്ഞപ്പോള്‍ അവര്‍ക്കും അത് ഇഷ്ടമായി. എന്തുകൊണ്ടും അനുയോജ്യം. അങ്ങനെ ഉത്തരം എന്നത് ‘നിന്നെ പോലെ ഒരാള്‍’ ആയി മാറി.

അപ്രതീക്ഷിതമായ പ്രതികരണം

ചിത്രത്തിന്റെ ഫൈനല്‍ എഡിറ്റിംഗ് കഴിഞ്ഞു. ഇതിന്റെ റിലീസ് അറിയിക്കാനുള്ള പോസ്റ്ററുകളും മറ്റും തയാറാക്കുന്ന സമയത്താണ് വീണ്ടും സഭയില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്നത്. അതിനാല്‍ മറ്റൊന്നിനും കാത്തു നില്‍ക്കാതെ യൂട്യുബില്‍ അപ്ലോഡ് ചെയ്തു. ‘സാധാരണ ഒരു വര്‍ക്ക് പൂര്‍ത്തിയാക്കി റിലീസ് ചെയ്യുമ്പോള്‍ ഉണ്ടാകാറുള്ള സന്തോഷം ആയിരുന്നില്ല ഈ സമയത്ത് ഉണ്ടായിരുന്നത്. പേടിയോടെ, വേദനയോടെ ആയിരുന്നു ആ നിമിഷങ്ങള്‍ കടന്നു പോയത്. കാരണം സമൂഹം അതിനെ എങ്ങനെ സ്വീകരിക്കും എന്ന ഭയം, എന്തിനെയും വിമര്‍ശന ബുദ്ധിയോടെ മാത്രം കാണുന്ന സമൂഹം ഇതിന്റെ ഒക്കെ നടുവില്‍ ദൈവമേ എന്നെ ചീത്ത കേള്‍പ്പിക്കാന്‍ ഇടയാക്കല്ലേ, നിനക്കുവേണ്ടിയാണ് ഞാന്‍ ഇതു ചെയ്യുന്നത് എന്ന ഒറ്റ പ്രാര്‍ത്ഥനയോടെയാണ് ചിത്രം അപ്ലോഡ് ചെയ്തത്’ സിസ്റ്റര്‍ ഓര്‍ക്കുന്നു.

ഒരിക്കലും ഇത് എത്രയും ആളുകളിലേയ്ക്ക് എത്തും എന്ന് വിചാരിച്ചില്ല. പിറ്റേന്ന് രാവിലെ മുതല്‍ വാട്ട്‌സാപ്പിലും മറ്റും ഈ ചിത്രം ഷെയര്‍ ചെയ്തു കിട്ടുവാന്‍ തുടങ്ങി. ദുബായില്‍ നിന്നും ഗള്‍ഫില്‍ നിന്നും ഉള്ള ആളുകള്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഏറ്റെടുത്തു. അവര്‍ അത് സിസ്റ്ററിനു അയച്ചിട്ട് പറഞ്ഞു. ‘ഇതൊന്നു കണ്ടു നോക്ക് സിസ്റ്ററെ ഞങ്ങള്‍ പറയാന്‍ ഉദ്ദേശിച്ചതൊക്കെ ഇതില്‍ ഉണ്ട്.’ അപ്പോള്‍ സിസ്റ്റര്‍ ഒന്ന് ചിരിച്ചു. കാരണം ആ ചിത്രത്തില്‍ ആര് ചെയ്തു എന്നത് വെച്ചിട്ടില്ലായിരുന്നു. കാരണം ഷൂട്ടിങ്ങിന്റെ സമയത്ത് അവര്‍ ഒന്ന് തീരുമാനിച്ചിരുന്നു.’ ഇതു ഈശോയ്ക്കു വേണ്ടിയാ. ഇതു നമ്മുടെ കടമയാണ്. അതുകൊണ്ട് ഇതില്‍ ക്രഡിറ്റ്‌സ് വെക്കണ്ടാ.’  വെറും നാലുമിനിട്ടില്‍ തീരുന്ന ആ ചെറു ചിത്രം ഇന്നു ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തിയിരിക്കുകയാണ്.

സന്യാസം എനിക്ക് തന്ന സ്വാതന്ത്ര്യം

ഈ ഒരു ചിത്രം ഇത്ര അധികം പ്രസിദ്ധമായതിന്റെ എല്ലാ ക്രെഡിറ്റും സി. സെബി നല്‍കുക തന്റെ സന്യാസ സമൂഹത്തിനും താന്‍ ആയിരിക്കുന്ന മാനന്തവാടി രൂപതയ്ക്കും ആണ് സമര്‍പ്പിക്കുന്നത്. എം എസ് എം ഐ സന്യാസ സമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ തന്റെ കഴിവുകള്‍ എല്ലാം ദൈവത്തിനായി മാറ്റി വെച്ചിട്ടാണ് മഠത്തില്‍ എത്തിയത്. ‘ആ എന്നെ ഞങ്ങള്‍ക്ക് നിന്നില്‍ വിശ്വാസമുണ്ട് സിസ്റ്റര്‍ക്കു ഇതു ചെയ്യാന്‍ കഴിയും എന്ന് പറഞ്ഞു മള്‍ട്ടി മീഡിയ പഠിക്കാന്‍ അയച്ചത് എന്റെ സന്യാസ സമൂഹം ആണ്. ഇന്ന് വരെ അവര്‍ എനിക്ക് നല്‍കിയ സ്വാതന്ത്ര്യം ഞാന്‍ ദുരുപയോഗിച്ചിട്ടില്ല. എന്റെ മേലധികാരികള്‍ക്ക് കീഴ്‌പ്പെട്ട് ഞാന്‍ ജീവിക്കുന്നു.’ സിസ്റ്റര്‍ പറയുന്നു. പിന്നെ മഠം തടവറയാണെന്നും വലിയ ക്രൂരതകള്‍ ആണെന്നും ഒക്കെ പറയുന്നവരോട് ഒന്നേ സിസ്റ്ററിനു പറയാനുള്ളു ‘ ഒരു വീട്ടില്‍ കുട്ടി താമസിച്ചു പോയാല്‍ എവിടെ പോയി എങ്ങനെ പോയി എന്നൊക്കെ മാതാപിതാക്കള്‍ ചോദിക്കില്ല ? അത് അവരോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ലല്ലോ, സ്‌നേഹം കൊണ്ടല്ലേ? അത്രേയൊക്കെയേ മഠത്തിലും ഉള്ളു’ സിസ്റ്റര്‍ പറഞ്ഞു നിര്‍ത്തി.

സന്യാസത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുന്ന സി. സെബി തനിക്കു ദൈവം തരുന്ന ഓരോ അനുഗ്രഹങ്ങളെയും ദൈവത്തിനായി തന്നെ വിനിയോഗിക്കുകയാണ്. അതിനു ഒരു ചെറിയ ഉദാഹരണമാണ് നാലു മിനിട്ടു കൊണ്ട് നാലു ലക്ഷത്തില്‍ അധികം ഹൃദയങ്ങളെ കീഴടക്കിയ ‘നിന്നെ പോലെ ഒരാള്‍ ‘ എന്ന ഈ ചിത്രം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

1 COMMENT

  1. We cannot compare any human being with jesus. He died on the cross for all sinners jesus is the only one son of a man lived in this world. He is the highpriest forever as per the bible

Comments are closed.