എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും

ജ്ഞാനസ്നാന കൂദാശയ്ക്കിടയിലെ തൈലാഭിഷേകത്തിലൂടെയാണ് ആത്മീയ സംഘർഷങ്ങളെ നേരിടാനുള്ള കരുത്ത് ലഭിക്കുന്നതെന്ന് മാർപ്പാപ്പ. ബുധനാഴ്ചത്തെ പൊതുസന്ദർശകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്. ഫിലിപ്പി നാലാം അധ്യായം, പന്ത്രണ്ടാം തിരുവചനത്തിൽ എന്നെ ശക്തമാക്കുന്നവനിലൂടെ എനിക്കെല്ലാം ചെയ്യാൻ സാധിക്കുമെന്ന് പറയുന്നതും മാമ്മോദീസായെ ഉദ്ദേശിച്ചാണെന്നും മാമ്മോദീസായിലെ തൈലാഭിഷേക ശുശ്രൂഷയിലാണ് ഇത് സാധ്യമാകുന്നതെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

വിശ്വാസം, സുവിശേഷത്തോടുള്ള പ്രതികരണം

മാമ്മോദീസാ സ്വീകരിക്കാൻ തയാറാകുന്നവരെല്ലാം സുവിശേഷത്തിലുള്ള തങ്ങളുടെ വിശ്വാസമാണ് പ്രകടമാക്കുന്നത്. യേശുവിന്റെ പഠനങ്ങളും പ്രവർത്തികളും ശ്രവിക്കേണ്ടതെങ്ങനെയെന്ന് അവർ പഠിച്ചുകഴിഞ്ഞു. സമരിയാക്കാരി സ്ത്രീയുടെ ദാഹമാണ് അവർ അനുഭവിക്കുന്നത്. അന്ധന്റെ കണ്ണ് തുറന്നതുപോലെ അവരുടെയും കണ്ണുകൾ തുറക്കപ്പെട്ടു. ലാസർ ഉയിർപ്പിക്കപ്പെട്ടതുപോലെ അവരും ഉയിർപ്പിക്കപ്പെടുന്നു. ജ്ഞാനസ്നാത്തെക്കുറിച്ച് മാർപ്പാപ്പ പറഞ്ഞു.

തനിച്ചല്ല

ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിനെ സ്വീകരിക്കുന്ന വ്യക്തിയോടുകൂടി സഭ മുഴുവൻ നിലകൊള്ളുന്നു, തിന്മയുടെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും രക്ഷനേടാൻ സഭ മുഴുവനും കൂടെയുണ്ടാവുകയും ചെയ്യും. ജ്ഞാനസ്നാനത്തിനിടെയുള്ള സകല വിശുദ്ധരുടെയും ലുത്തിനിയയിലൂടെയാണ് അത് ഉറപ്പുവരുത്തുന്നത്. ദൈവത്തിൽ പുനർജനിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്, തൈലാഭിഷേകം. മാർപ്പാപ്പ വ്യക്തമാക്കി.

തിന്മയ്ക്കെതിരെയുള്ള ശക്തി

പരിശുദ്ധാത്മാവിന്റെ സമ്മാനമായ മാമ്മോദീസായിലൂടെ തന്നെപ്പോലെ തിന്മയോട് പോരാടാനുള്ള കരുത്താണ് ഈശോ നമുക്ക് നൽകുന്നത്. മാർപ്പാപ്പ പറഞ്ഞു. സാത്താന്റെ ശക്തികളെ തകർക്കാനും അന്ധകാരത്തിൽ കഴിയുന്ന ജനത്തെ ദൈവരാജ്യത്തിലേയ്ക്ക് വീണ്ടെടുക്കാനുമാണല്ലോ ഈശോ അയക്കപ്പെട്ടത്. അതാണ് ഓരോ മാമ്മോദീസായിലും സാധ്യമാവുന്നത്. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

തൈലാഭിഷേകം

ക്രൈസ്തവ ജീവിതമെന്നത് സാത്താനെതിരെയുള്ള നീണ്ട പോരാട്ടമാണ്. എന്നാൽ തന്റെ മക്കൾക്കുവേണ്ടി പൊരുതുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന തിരുസഭ എന്ന അമ്മയുടെ സഹായത്തോടെ തിന്മയെ തോൽപ്പിക്കാനും യേശുവിനോട് ചേരാനും ദൈവമക്കൾക്ക് സാധിക്കുന്നു. അതുകൊണ്ട് വിശുദ്ധ പൗലോസിനെപ്പോലെ നമുക്കും പറയാം, എന്നെ ശക്തമാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കുമെന്ന്. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply