ഉയിര്‍പ്പ് അഞ്ചാം ഞായര്‍ യോഹ 21: 1- 14

എനിക്ക് നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നിന്റെ നാശത്തിനല്ല, ക്ഷേമത്തിനുള്ള ഒരു പദ്ധതി.” ജറെമിയാ പ്രവാചകന്റെ പുസ്തകത്തിലെ ഏവര്‍ക്കും സുപരിചിതവും എല്ലാവരുടെയും മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നതുമായ ഒരു വചനമാണിത്. ജീവിത വഴിയില്‍ മനുഷ്യര്‍ വിജയം വിഭാവനം ചെയ്യുന്നതൊക്കെ പലപ്പോഴും പരാജയങ്ങളായി മാറിയത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മനുഷ്യന്‍ പരാജയം എന്ന് വിഭാവനം ചെയ്തത് പലപ്പോഴും അത്ഭുതവിജയങ്ങളായി മാറിയതിനും ചരിത്രം സാക്ഷി.

വി. യോഹന്നാന്റെ സുവിശേഷം 21:1-14-ല്‍ ദൈവിക പദ്ധതികളെ നിരസിച്ച് സ്വന്തം വഴിതേടിപ്പോകുന്ന പരാജിതരായ ശിഷ്യഗണത്തെ കണ്ടുമുട്ടുന്നു. ഈശോ, പഠിപ്പിച്ചതും, നല്‍കിയതുമായ നല്ല കാര്യങ്ങളെ വിസ്മരിച്ച് ശിമയോന്‍ പത്രോസിന്റെ നേതൃത്വത്തില്‍ ശിഷ്യനിര മീന്‍ പിടിക്കാനായി പോകുന്നത് പ്രതീകാത്മകമായി തന്നെ കാണാം.
ഈശോയുടെ മരണം ശിഷ്യരെ പ്രതിസന്ധിയിലാഴ്ത്തി. കാരണം, ഈശോ തന്റെ പീഡാനുഭവവും, മരണവും, ഉത്ഥാനവും ശിഷ്യരെ മുന്‍കൂട്ടി അറിയിച്ചെങ്കിലും അത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത യാഥാര്‍ ത്ഥ്യങ്ങളായിരുന്നു. അതുകൊണ്ട് തങ്ങളുടെ മാനുഷികമായ സ്വപ്നങ്ങള്‍ തകര്‍ന്നു എന്ന് കരുതിയവര്‍ ശിഷ്യത്വം ഉപേക്ഷിക്കാന്‍ തയ്യാറാവുകയാണ്. മീന്‍ പിടിക്കാന്‍ പോകുന്നത് ഈ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നു.

എന്നാല്‍ ഈശോയുടെ ശിഷ്യത്വത്തെ പിന്‍തള്ളി അവര്‍ നടത്തുന്ന മുന്നേറ്റം ഒരു വന്‍പരാജയമായി മാറുന്നു. ഈ പശ്ചാത്തലത്തിലാണ് ഈശോ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്. ‘കുഞ്ഞുങ്ങളെ, നിങ്ങളുടെ പക്കല്‍ വല്ലതുമുണ്ടോ’ എന്ന ചോദ്യം. ഈശോയുടെ കൂടെ മാത്രമുള്ള അദ്ധ്വാനമേ വിജയമാകൂ എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ”കര്‍ത്താവ് വീട് പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണ്.” പിന്നീട് ഈശോയുടെ നിര്‍ദ്ദേശപ്രകാരം അവന്റെ സാന്നിധ്യത്തില്‍ അവരുടെ അദ്ധ്വാനം മുന്നോട്ട് കുതിക്കുമ്പോള്‍ പിന്നെ വിജയങ്ങളുടെ ചാകര അവര്‍ കൊയ്യുകയാണ്.

സ്‌നേഹമുള്ളവരെ, ദൈവത്തിന്റെ വാക്കുകേട്ട് അവന്റെ വഴികളിലൂടെ സഞ്ചരിച്ചാല്‍ നിന്റെ ജീവിതവഴികളും ഫലം ചൂടി നില്‍ക്കും എന്നത് തീര്‍ച്ച. സുഭാഷിതങ്ങള്‍ 16:1-ല്‍ പറയുന്നതുപോലെ മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. എന്നാല്‍ അന്തിമ തീരുമാനം കര്‍ത്താവിന്റേതാണ്.

ഇന്ന് പത്രമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും എല്ലാം നിറഞ്ഞുനില്‍ക്കുക നൈരാശ്യം മൂലം ജീവിതം ഒടുക്കുന്നവരെക്കുറിച്ചാണ്. ജീവിത വഴി മദ്ധ്യേ തകര്‍ച്ചകളും, തളര്‍ച്ചകളും വന്നാല്‍ ഒരു പിടി കയര്‍ തന്നെ പിന്നെ ശരണം എന്ന ചിന്താഗതികള്‍ മാറ്റിവച്ച് അങ്ങ് തിബേരിയാസിന്റെ തീരത്ത് നിനക്കായി ഒരു ക്രിസ്തു പ്രാതല്‍ ഒരുക്കി കാത്തിരിക്കുന്നു എന്ന പ്രത്യാശയുടെ ചിന്തകളിലേക്ക് ഉയരാം. ലോകത്തില്‍ ഇന്ന് വിജയികള്‍ എന്ന് ചൊല്ലി ലോകം ബഹുമാനിക്കുന്നവര്‍ പണ്ട് വെറും ‘വട്ടപൂജ്യ’മായിരുന്നു എന്ന് ഓര്‍ക്കണം. തുടക്കത്തില്‍ അവരും ഒരുപാട് പരാജയങ്ങളും, കണ്ണീരുകളും ഏറ്റെടുത്തിരുന്നു. അത് അവര്‍ക്ക് പിന്നീട് വിജയത്തിന്റെ നാഴികക്കല്ലായി മാറി.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞുവച്ചു ‘നിങ്ങള്‍ക്ക് ലഭിക്കുന്ന കല്ലേറുകളും പരാജയങ്ങളും വിജയത്തിലേക്കുള്ള നാഴികക്കല്ലുകളാക്കി മാറ്റുക’ എന്ന്. എങ്കില്‍ ഇനി നിരാശയുടെ പടുകുഴിയില്‍ വീഴുമ്പോള്‍ പരിഭവങ്ങളും, പരാതികളും പറയരുത്. മറിച്ച് വിജയത്തിന്റെ പുതുകഥകള്‍ രചിക്കാന്‍ തിബേരിയാസിന്റെ തീരത്ത് ക്രിസ്തു നിനക്കായി കാത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം. അവന്റെ വിളി ഇന്നും കാതുകളില്‍ അലയടിക്കുന്നില്ലേ. ”വാ മക്കളെ, വന്ന് പ്രാതല്‍ കഴിക്കുവിന്‍” എന്നു ഇന്നും ദിവ്യകാരുണ്യമായി ക്രിസ്തു നിനക്കായി കാത്തിരിക്കുന്നു.

ഡീ. ചാക്കോ വടക്കേതലക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply