ഉയിര്‍പ്പ് ആറാം ഞായര്‍ യോഹ. 17: 20-26

”പത്രമാധ്യമങ്ങളും നവമാധ്യമങ്ങളും ഈ കാലഘട്ടത്തില്‍ നമ്മുടെ മുന്നില്‍ വെയ്ക്കുന്ന വാര്‍ത്തകള്‍ ഒട്ടും ആശാവഹമല്ല. നമ്മുടെ കൊച്ചു കേരളത്തില്‍, നമ്മുടെ അയല്‍പക്കങ്ങളില്‍ വിദ്വേഷത്തിന്റെ കനലെരിയുന്നതും അതു മാനഹാനിയിലേക്കും ജീവഹാനിയിലേക്കും നയിക്കുന്നതും നാം വായിച്ചും കണ്ടും അറിയുന്നുണ്ട്. നമ്മുടെ അതിര്‍ത്തിക്കപ്പുറവും സ്ഥിതിഗതികള്‍ വ്യത്യസ്തങ്ങളല്ല. ജനതകള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും നാശോന്മുഖമായ അന്തരീക്ഷം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ചുരുക്കത്തില്‍ പരിപൂര്‍ണ്ണ സമാധാനവും സ്‌നേഹവും നാം ആഗ്രഹിക്കുന്നുവെങ്കിലും ഇത് ഒരു മിഥ്യയായി തുടരുന്നു.
ഭിന്നിപ്പിന്റെ സ്വരം മനുഷ്യസൃഷ്ടിയോടുകൂടി തന്നെ ആരംഭിച്ചതാണ്. തന്നെ സൃഷ്ടിച്ച ദൈവത്തോട് മറുതലിച്ച ആദത്തിന് സ്വന്തം മക്കളുടെ ദുരനുഭവും തന്റെ മുന്നില്‍ കാണേണ്ടി വന്നു.

ഉത്പത്തി 11-ാം അദ്ധ്യായത്തില്‍ ദൈവത്തെക്കാള്‍ വലിയവരാകാന്‍ ഗോപുരം നിര്‍മ്മിച്ചവരെ ഭിന്നതയില്‍ അവസാനിക്കുന്നവരായി നാം കണ്ടുമുട്ടുന്നു. ജീവിതത്തില്‍ അവിശ്വസ്തരായവരൊക്കെ സ്വന്തം സഹോദരങ്ങളോടും പ്രിയപ്പെട്ടവരോടും ഭിന്നതയില്‍ എത്തുന്നതായിട്ട് നാം വായിക്കുന്നുണ്ട്. ഏഡാവിനെ ചതിച്ച യാക്കോബും ഊറിയയെ വധിച്ച ദാവീദും സ്വന്തം കുടുംബത്തില്‍ത്തന്നെ ഭിന്നതയുടെയും വിദ്വേഷത്തിന്റെയും വാളുയുരുന്നത് കാണേണ്ടിവന്നവരാണ്. ചുരുക്കത്തില്‍ ദൈവത്തെ തള്ളിപ്പറയുന്നവരും ദൈവത്തേക്കാള്‍ വലിയവരാകാന്‍ ശ്രമിക്കുന്നവരും അവിശ്വസ്തരായവരും എത്തിച്ചേരുന്ന ഇടമാണ് ഭിന്നതയുടെ ഇടം.
ഭിന്നതയുടെയും വിദ്വേഷത്തിന്റെയും കനലെരിയിരുന്ന ഒരു ജനതയുടെ വിലാപങ്ങള്‍ക്ക് മീതെയാണ് 2000 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ക്രിസ്തുമസ് രാത്രിയില്‍ ദൈവദൂതന്‍ വിളിച്ചു പറഞ്ഞത് ”അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി, ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനവും പ്രത്യാശയും, സമാധാനത്തിന്റെ വാര്‍ത്തയുമായിട്ടാണ് ദൈവകുമാരന്‍ പിറന്നത്.

മനുഷ്യഹൃദയങ്ങളെ സമാധാനത്തില്‍ നിറയ്ക്കുകയായിരുന്നു അവിടുത്തെ നിയോഗം. പക്ഷേ തന്റെ ഈ ലോക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ തന്നോടൊപ്പമുള്ളവരുടെ അസ്വസ്ഥകള്‍ അവിടുന്നു ഹൃദയത്തില്‍ പേറുന്നു. അസ്വസ്ഥതയാല്‍ കലുഷിതവമായ ശിഷ്യഹൃദയങ്ങളെ അവിടുന്ന് മാറോട് ചേര്‍ക്കുന്നു. അവിടുന്ന് അവരുടെ ഹൃദയങ്ങളെ ഒന്നായി നിര്‍ത്താന്‍ പിതാവിനോട് പ്രാര്‍ത്ഥിക്കുന്നു.

യോഹന്നാന്റെ സുവിശേഷം 17:20-26 വരെയുള്ള വചനങ്ങള്‍ യേശുവിന്റെ ഐക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. ഇന്ന് തിരുസഭാ മാതാവ് വിചിന്തനത്തിനായി നല്‍കുന്നത് ഈ വചനഭാഗവുമാണ്. ശിഷ്യര്‍ പരസ്പരം ഒന്നായിരിക്കേണ്ടതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈശോ, അവരുടെ ഐക്യമാണ്. അവര്‍ തന്റെ ശിഷ്യരെന്ന ബോദ്ധ്യം മറ്റുള്ളവരില്‍ നല്‍കേണ്ടതെന്ന് പറയുന്നുണ്ട്. ഒരു പക്ഷെ ക്രിസ്തുവിന്റെ ഏറ്റവും സുദീര്‍ഘമായ പ്രാര്‍ത്ഥന എന്നുകൂടി ഈ വചനഭാഗത്തെ വിശേഷിപ്പിക്കാം. ഇത് അവിടുന്ന് എത്രമാത്രം ഐക്യം ആഗ്രഹിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു.

ഇന്നത്തെ ക്രിസ്തുവിന്റെ ശിഷ്യരെന്ന നിലയില്‍ പരസ്പരം ഐക്യത്തിലാണോ നാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഐക്യത്തിന്റെ അടയാളം ക്രിസ്തുശിഷ്യന്റെ അടയാളമെങ്കില്‍ എത്രമാത്രം ക്രിസ്തുചൈതന്യം നമുക്കുണ്ട്. സഭാനേതൃത്വത്തെ തള്ളിപ്പറയുന്ന, വിമര്‍ശിക്കുന്ന, മറുതലിക്കുന്ന അംഗങ്ങളായി നാം മാറിയിട്ടുണ്ടെങ്കില്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ചൈതന്യം നമ്മില്‍നിന്നും അകന്നുപോയി എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ സഹനത്തോട് നമുക്ക് നമ്മുടെ ഭിന്നതകളെ സമര്‍പ്പിക്കാം. കുടുംബ ബന്ധങ്ങളില്‍, സൗഹൃദങ്ങളില്‍, സഭാന്തരീക്ഷത്തില്‍ നാം കൊണ്ടുനടക്കുന്ന അനൈക്യത്തിന്റെ, ഭിന്നതയുടെ ആത്മാവിനെ നമുക്ക് നമ്മില്‍ നിന്നും അകറ്റാം. സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ അരൂപിയെ നമുക്ക് സ്വീകരിക്കാം. നല്ലവനായ ദൈവം നമ്മെ ശക്തരാക്കട്ടെ.

ബ്രദര്‍ ബാസ്റ്റിന്‍ പുല്ലംതാനിക്കല്‍  MCBS

 

Leave a Reply