ശ്ലീഹാക്കാലം മൂന്നാം ഞായര്‍ ലൂക്കാ 10:30-37

ഈശോമിശിഹായില്‍ ഏറ്റം പ്രിയമുള്ളവരെ,

ശ്ലീഹാക്കാലം മൂന്നാം ഞായറായ ഇന്ന് തിരുസഭ നമ്മുടെ ധ്യാനത്തിനും വിചിന്തനത്തിനുമായി നല്‍കിയിരിക്കുന്നത് ലൂക്കായുടെ സുവിശേഷം 10-ാം അധ്യായം 30 മുതല്‍ 37 വരെയുള്ള തിരുവചനഭാഗങ്ങളാണ്. നല്ല സമരിയാക്കാരന്റെ ഉപമ പലപ്പോഴും നമ്മുടെ ധ്യാനത്തിനും വിചിന്തനത്തിനുമായി നാം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള വചനഭാഗങ്ങളിലൊന്നാണ്. ഇത് വി.ലൂക്കാ സുവിശേഷകന്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഉപമയിലൂടെ ഏതാനും ചില ധ്യാന ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

ഒരു നിയമപണ്ഡിതന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൊടുക്കുന്ന രീതിയിലാണ് സുവിശേഷകന്‍ ഈ ഉപമ അവതരിപ്പിക്കുന്നത്. കര്‍ത്താവിന്റെ നല്ല ഒരു ശ്രോതാവായിരുന്നു ആ നിയമജ്ഞന്‍ എന്ന് സുവിശേഷത്തിലൂടെ നമുക്ക് മനസ്സിലാക്കാം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മനോരമ പത്രത്തില്‍ വന്ന ഒരു സംഭവം ഈ നിമിഷം ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നു. ഹൈക്കോടതിയിലെ അറിയപ്പെടുന്ന ഒരു മുതിര്‍ന്ന അഭിഭാഷകയായിരുന്നു ആ സ്ത്രീ. പതിവുപോലെ രാവിലെ കോടതിയില്‍ പോകാനായി വീട്ടില്‍നിന്നിറങ്ങി കലൂര്‍ നഗരത്തിലൂടെ നടന്നു വന്ന് പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് സമീപമെത്തിയപ്പോള്‍ മുന്‍പിലതാ ഒരു ആള്‍ക്കൂട്ടം. എല്ലാവരെയും പോലെ ആ സ്ത്രീയും അങ്ങോട്ടു ചെന്നു. നോക്കുമ്പോഴതാ ഉയരത്തില്‍നിന്ന് വീണ് ഒന്നനങ്ങാന്‍പോലും കഴിയാതെ ഒരു സാധു മനുഷ്യന്‍ രക്തം വാര്‍ന്ന് വേദനയാല്‍ പുളയുന്നു. കണ്ടുനില്‍ക്കുന്നവര്‍ ഉച്ചത്തില്‍ സംസാരിക്കുകയും മൊബൈല്‍ ഫോണുകളില്‍ ഫോട്ടോ എടുക്കുകയും മറ്റും ചെയ്യുന്നു. ഉടനെതന്നെ ആ സ്ത്രീ ഒരു വാഹനം വിളിച്ച് മറ്റുള്ളവരുടെ സഹായത്താല്‍ ആശുപത്രിയില്‍ എത്തിച്ചു. അല്പം കൂടി താമസിച്ചിരുന്നെങ്കില്‍ ഒരു മരണം കണ്‍മുമ്പില്‍ അവര്‍ക്ക് കാണേണ്ടിവരുമായിരുന്നു.

ഈ സംഭവ കഥ ഇന്നിവിടെ പങ്കുവച്ചത് ഇന്നത്തെ സുവിശേഷത്തിന് ഒരാമുഖമായിട്ടായിരുന്നു. ചുറ്റുംകൂടിയിരുന്ന ജനങ്ങള്‍ പുരോഹിതന്റെയും ലേവായന്റെയും സ്ഥാനം അലങ്കരിച്ചപ്പോള്‍, ചെയ്യേണ്ടത് ചെയ്തതു വഴി അഭിഭാഷകയായ ആ സ്ത്രീ ഇവിടെ നല്ല സമരിയാക്കാരന്റെ സ്ഥാനം അലങ്കരിക്കുന്നു. ‘ശത്രുക്കളെ സ്‌നേഹിക്കുക, അയല്ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുക’ എന്ന ക്രിസ്തു വചനത്തിന് ഒരു മാനുഷിക മുഖമാണ് ഈ സ്ത്രീയിലൂടെ ആ ജനമധ്യത്തില്‍ വെളിപ്പെട്ടത്.

‘ആരാണ് എന്റെ അയല്‍ക്കാരന്‍’ എന്ന നിയമജ്ഞന്റെ ചോദ്യത്തിന് ഇന്നയാളാണ് നിന്റെ അയല്‍ക്കാരന്‍ എന്ന് ഈശോ പറയുന്നില്ല. മറിച്ച്, ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഉപമ. ചിലരെ സംബന്ധിച്ചടത്തോളം സ്വന്തം വീടിനടുത്തുള്ളവരും അല്ലെങ്കില്‍ ഏറ്റവും പ്രിയപ്പെട്ടവരുമാണ് അയല്‍ക്കാരന്‍. ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം യഹൂദന്‍ മാത്രമാണ് അവന്റെ അയല്‍ക്കാരന്‍ അല്ലെങ്കില്‍ സ്‌നേഹിതന്‍. ഫരിസേയരുടെ കാര്യം എടുക്കുകയാണെങ്കില്‍ ഫരിസേയര്‍ അല്ലാത്തവരെയെല്ലാം ഒഴിവാക്കിയാണ് ഫരിസേയര്‍ അയല്‍ക്കാരനെ നിശ്ചയിച്ചിരുന്നത്. ഇവിടെ അയല്‍ക്കാരന്‍ എന്ന പദത്തിന് പുതിയ അര്‍ത്ഥങ്ങള്‍ ഈശോ പഠിപ്പിക്കുന്നു.

ഉപമയില്‍ ജറുസലേമില്‍നിന്നും ജറീക്കോയിലേക്ക് പോകുകയായിരുന്ന യാത്രക്കാരനേയും അദ്ദേഹം അഭിമുഖീകരിച്ച കഷ്ടതകളെയും, വഴിയെ കടന്നുപോയ പുരോഹിതനേയും, ലേവായനെയും, സമരിയാക്കാരനേയും പരിചയപ്പെടുത്തിയശേഷം ഈശോ ശ്രോതാവിനോട് ഉന്നയിക്കുന്ന ചോദ്യമിപ്രകാരമാണ്. മര്‍ദ്ദിതന്റെ അടുത്തെത്തിയ മൂവരില്‍ ആരാണ് അയല്‍ക്കാരന്‍. അഥവാ ആരാണ് സ്‌നേഹത്തിന്റെ ഉടമസ്ഥന്‍.. എന്നാല്‍ കഥയുടെ മറുവശത്ത് നിയപണ്ഡിതന്‍ ചോദിച്ചത് ആരെയാണ് ഞാന്‍ സ്‌നേഹിതനാക്കേണ്ടതെന്നാണ്. ഇവിടെ നിയമപണ്ഡിതന്‍ തന്റെ തന്നേ ഉത്തരവാദിത്വത്തെപ്പറ്റി ചിന്തിച്ചു. എന്നാല്‍ ഈശോ പറഞ്ഞു ”സഹിക്കുന്നവനെപ്പറ്റി ചിന്തിക്കുക, അവന്റെ സ്ഥാനത്തു നിന്നെക്കാണുക. അതിനുശേഷം അവനെ പരിഗണിക്കുക, അവന് നിന്നില്‍നിന്ന് സഹായം ആവശ്യമുണ്ട്. അപ്പോള്‍ നിനക്കു മനസ്സിലാകും സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് നിയമജ്ഞന്‍ നിയമത്തിന്റെ കാഴ്ചപ്പാടിലൂടെ സ്‌നേഹിതനെ നോക്കിക്കണ്ടു. എന്നാല്‍ ഈശോ പ്രായോഗിക ഉദാഹരണത്തിലൂടെ സത്യം വിശദീകരിച്ചു. നിയമജ്ഞന്റെ മറുപടി ശ്രദ്ധാര്‍ഹമാണ്. ”അവനോട് കരുണ കാണിച്ചവന്‍” എന്നതിലൂടെ വെറുപ്പുളവാക്കുന്ന ”സമരിയാക്കാരന്‍” എന്ന പദം തന്നെ നിയമജ്ഞന്‍ മനപൂര്‍വ്വം ഉപേക്ഷിച്ചു.

തന്റെ സഹായം ആവശ്യമുള്ള ഏതൊരുവനും ഒരുവന്റെ അയല്‍ക്കാരനാണ്, സ്‌നേഹിതനാണ്. സ്‌നേഹത്തിനു പരിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതുപോലെ ആരെയും സ്‌നേഹത്തിന്റെ പരിധിയില്‍നിന്നു മാറ്റി നിര്‍ത്തുവാനും. ജീവിതത്തിന്റെ എല്ലാ നിമിഷവും വേണ്ടിവന്നാല്‍ സ്വന്തം ജീവന്‍പോലും പണയപ്പടുത്തി മറ്റുള്ളവരെ സഹായിക്കാന്‍ സ്‌നേഹത്തിന്റെ പ്രമാണം ആഹ്വാനം ചെയ്യുന്നു.

ക്രിസ്തുനാഥന്‍ പഠിപ്പിച്ച ഈ സ്‌നേഹത്തിന്റെ പ്രമാണം കേവലം വൈകാരികമല്ല, മറിച്ച് പ്രവൃത്തിപരമാണ്. ചെയ്തികളിലൂടെയാണ് സ്‌നേഹം പ്രകടമാക്കുന്നതെന്ന് ഈശോ പഠിപ്പിച്ചു. ഈ സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല. ആവശ്യക്കാരനാണ് സ്‌നേഹം. ആവശ്യക്കാരന്‍ സ്വജാതീയനോ, വിജാതീയനോ, ശത്രുവോ, മിത്രമോ എന്നു നോക്കേണ്ടതില്ല. സ്‌നേഹം ആവശ്യമുള്ളവന് സ്‌നേഹം പ്രദാനം ചെയ്യണം. പ്രത്യേകിച്ച് സമൂഹത്തില്‍ ഭ്രഷ്ടനുഭവിക്കുന്നവര്‍ക്ക്. യേശുവിനെ അനുഗമിക്കുന്ന ഓരോ ക്രിസ്ത്യാനിയുടെയും കടമയാണത്.

അങ്ങനെയെങ്കില്‍ യഥാര്‍ത്ഥ ക്രൈസ്തവ സ്‌നേഹത്തിന്റെ സാര്‍വ്വത്രികതയും നിയമത്തിനപ്പുറം ഓരോരുത്തരുടെയും ജീവിതത്തില്‍ എത്തിനില്‍ക്കേണ്ട ഉത്തരവാദിത്വവും നല്ല സമരായന്റെ ഉപമയിലൂടെ യേശുനാഥന്‍ നമ്മെ പഠിപ്പിക്കുന്നു. ചുരുക്കമായി പറഞ്ഞാല്‍ നാല് വ്യത്യസ്ത സവിശേഷതകളുടെ ഒത്തുചേരലാണ് ക്രൈസ്തവസ്‌നേഹം എന്ന് നല്ല സമരായന്റെ ഉപമയിലൂടെ നമ്മെ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി, ക്രൈസ്തവ സ്‌നേഹം സാര്‍വ്വത്രികമാണ്. മിത്രമെന്നോ, ശത്രുവെന്നോ, സ്വജാതീയനെന്നോ, വിജാതീയനെന്നോ വ്യത്യാസമില്ലാതെ ആവശ്യത്തിലിരിക്കുന്നവനെ സഹായിക്കുകയാണ് ക്രൈസ്തവ സ്‌നേഹത്തിന്റെ ഒന്നാമത്തെ മാനം. രണ്ട്, ക്രൈസ്തവ സ്‌നേഹം നിയമത്തെ ഉല്ലംഘിക്കുന്നതാണ്.

നിയമം ആവശ്യപ്പെടുന്നതിലും കൂടുതല്‍ ചെയ്യാന്‍ അത് മനുഷ്യനെ പ്രേരിപ്പിക്കുന്നു. നിയമത്തിനല്ല സ്‌നേഹത്തിനാണ് പ്രാധാന്യം എന്ന് വ്യക്തമാക്കുകയാണിവിടെ. മൂന്ന്, ക്രൈസ്തവ സ്‌നേഹം വെല്ലുവിളിയും അപകടങ്ങളും നിറഞ്ഞതാണ്. ആ സമരായക്കാരനെയും കവര്‍ച്ചക്കാര്‍ ആക്രമിക്കുവാന്‍ സാധ്യത ഏറെയായിരുന്നു. അദ്ദേഹത്തിന്റെ സമയവും പണവും നഷ്ടമായി. എങ്കിലും തന്റെ സഹോദരന് നന്മ ചെയ്യുന്നില്‍ മടികാട്ടിയില്ല. നാല്, ക്രൈസ്തവ സ്‌നേഹം ആവശ്യത്തില്‍ കൂടുതല്‍ ചെയ്യുന്നതാണ്. സത്രത്തില്‍ കൊണ്ടുചെന്നാക്കിയതു കൂടാതെ കൂടുതല്‍ പണവും സത്രം സൂക്ഷിപ്പുകാരനെ ഏല്പിച്ചു. അതിലും അവസാനിക്കുന്നില്ല അയാളുടെ സ്‌നേഹം. ഇതില്‍ കൂടുതലായി എന്തെങ്കിലും ആയാല്‍ തിരിയെ വരുമ്പോള്‍ ഞാന്‍ തന്നുകൊള്ളാം എന്ന വാഗ്ദാനവും നല്‍കുമ്പോള്‍ ഒരിക്കലും അവസാനിക്കാത്ത സ്‌നേഹത്തിനുടമയായി മാറുന്നു.

ദിവ്യനാഥന്‍ ആഗ്രഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്‌നേഹിക്കുവാനും സേവിക്കുവാനും നമുക്ക് പരിശ്രമിക്കാം. അങ്ങനെ പുണ്യപൂര്‍ണ്ണതയില്‍ വളരുവാന്‍ വേണ്ട അനുഗ്രഹം ഈ ദിവ്യബലിയില്‍ നമുക്ക് പ്രാര്‍ത്ഥിച്ചുകൊണ്ട് സ്‌നേഹത്തിന്റെ ഉടമ്പടിയായ ദിവ്യബലിയില്‍ ഭക്തിപൂര്‍വ്വം അര്‍പ്പിക്കാം.
ആമേന്‍.

ബ്രദര്‍ ജോബി തെക്കേടത്ത്  MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply