ശ്ലീഹാക്കാലം നാലാം ഞായര്‍ തിന്മയെ നന്മകൊണ്ട് ജയിക്കുക ലൂക്കാ 6: 27-36

മലമുകളിലേക്ക് കയറി ദൈവത്തോട് പ്രാര്‍ത്ഥിച്ച്, 12 അപ്പസ്‌തോലന്മാരെ തെരഞ്ഞെടുത്തശേഷം സമതലത്തിലേക്ക് ഇറങ്ങിവന്ന ഈശോ, തന്നെ അനുഗമിക്കുന്നവരുടെ ജീവിതശൈലിയിലുണ്ടായിരിക്കേണ്ട സവിശേഷതകള്‍ എടുത്തുപറയുന്ന സുവിശേഷഭാഗമാണ് നാം വായിച്ചുകേട്ടത്. ഈശോയെ അടുത്തനുഗമിക്കാന്‍ നീ ആഗ്രഹിക്കുന്നുവോ എങ്കില്‍ നീ തിന്മയെ നന്മകൊണ്ട് ജയിക്കണം. ശത്രുവിനെ ചങ്കു തുറന്ന് നീ സ്‌നേഹിക്കണം. അതുമാത്രം പോരാ, തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ശീലിക്കണം. ഇവയൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടല്ലേ എന്ന് നാം ചിന്തിച്ച് തുടങ്ങുന്നിടത്ത് ഈശോയുടെ ജീവിതം ഒരു വെല്ലുവിളിയായി നമ്മുടെ മുന്‍പില്‍ നിലകൊള്ളുന്നു. തന്നെ ഒറ്റിക്കെടുത്തവനെ ‘സ്‌നേഹിത’നെന്നു വിളിച്ചും, അവന്റെ പാദങ്ങള്‍ കഴുകിതുടച്ചും, അവനായി അപ്പം മുറിച്ച് വിളമ്പിയും ഈശോ നമുക്ക് മാതൃകയായി.

തന്നെ തള്ളിപ്പറഞ്ഞവനെ ചേര്‍ത്ത് നിര്‍ത്തി സഭയുടെ നേതൃത്വസ്ഥാനം നല്‍കി. തന്നെ പീഡിപ്പിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്തവര്‍ക്കുവേണ്ടി അവന്‍ പ്രാര്‍ത്ഥിച്ചു. നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ നിന്ദനം തിരിച്ച് നല്‍കിയില്ല. അവന്‍ വാക്കുകള്‍കൊണ്ട് പറയുക മാത്രമല്ല, ജീവിതം കൊണ്ട് പ്രവര്‍ത്തിച്ച് കാണിക്കുകയും ചെയ്തു. നമുക്കും അവന്റെ പാത പിന്‍തുടരാം. അവന്റെ മാതൃക പിഞ്ചെല്ലാം. ഉപാധികളില്ലാതെ, പരാതികളില്ലാതെ സ്‌നേഹിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു.
1658-ല്‍ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സ്ഥാനമേറ്റ ലിയോ പോള്‍ഡ് ഒന്നാമന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വിറ്റ്‌സര്‍ലന്റിലെ റെയര്‍ നദീതീരത്തുളള സോളോത്തൂണ്‍ പട്ടണം പിടിച്ചടക്കമെന്നുള്ളത്, ഒരിക്കല്‍ ലിയോ പോള്‍ഡിന്റെ സൈന്യം റെയര്‍ നദീതീരത്ത് എത്തി. വലിയ ചങ്ങാടങ്ങളുണ്ടാക്കി സൈന്യം അക്കരക്കു കടക്കുകയാണ്. അപ്രതീക്ഷിതമായി നദിയില്‍ വെള്ളം പൊങ്ങി ഒഴുക്ക് വര്‍ദ്ധിച്ചു. നിയന്ത്രണം വിട്ട ചങ്ങാടങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. പട്ടാളക്കാര്‍ കൂട്ടത്തോടെ വെള്ളത്തില്‍ മുങ്ങിപൊങ്ങുകയാണ്. അത് കണ്ടുനിന്ന പട്ടണനിവാസികള്‍ തങ്ങളെ ആക്രമിക്കാന്‍ വന്ന പട്ടാളക്കാര്‍ക്കായി വള്ളങ്ങള്‍ ഇറക്കിക്കൊടുത്ത് അവരെ രക്ഷപ്പെടുത്തി. അവര്‍ക്ക് തോര്‍ത്താന്‍ ടര്‍ക്കികളും, തണുപ്പകറ്റാന്‍ വസ്ത്രങ്ങളും നല്‍കി. പട്ടണം പിടിച്ചെടുക്കാനെത്തിയ ആ പട്ടാളക്കാരുടെ കൈകളില്‍നിന്ന് പിന്നെ യുദ്ധം ചെയ്യാന്‍ വാളുകള്‍ ഉയര്‍ന്നില്ല. പിന്നീടൊരിക്കലും ലിയോപോള്‍ഡും കൂട്ടരും അവരെ ആക്രമിക്കാന്‍ മുതിര്‍ന്നതുമില്ല.

പരിധികളില്ലാതെ തുറന്ന ഹൃദയത്തോടെ സ്‌നേഹിച്ചപ്പോള്‍ ശത്രുക്കളെപ്പോലും സ്വന്തമാക്കാനായി സാധിച്ചു. സ്‌നേഹം ജീവിതശൈലിയാക്കുന്നിടത്ത് തിന്മയും, ശത്രുതയും വിദ്വേഷവുമൊക്കെ മറയ്ക്കപ്പെടും. ഇരുട്ടിനെ അകറ്റാന്‍ ഇരുട്ടിന് കഴിയുകയില്ല, പ്രകാശത്തിനു മാത്രമേ കഴിയൂ എന്ന് പറയുന്നത് എത്രയോ സത്യമാണ്. സ്‌നേഹവും സ്‌നേഹത്തിന്റെ പ്രവൃത്തികളും എന്നിലും എന്നിലൂടെയും ഭരണം തുടങ്ങുമ്പോള്‍ ജീവിതത്തിലും ജീവിത സാഹചര്യങ്ങളിലും സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും വിരുന്നിനെത്തും എന്നത് ക്രിസ്തു നമുക്ക് നല്‍കുന്ന ഉറപ്പാണ്.

ജീവിതയാത്രയില്‍ നമ്മെ വാക്കാലും പ്രവൃത്തിയാലും മുറിപ്പെടുത്തുന്നവരെ ഈശോയ്ക്കുവേണ്ടി നേടാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍ ഈശോയുടെ മാതൃക നമുക്ക് പിഞ്ചെല്ലാം. മൂന്ന് തവണ തള്ളിപ്പറഞ്ഞ പത്രോസിനെ ഈശോ സ്വന്തമാക്കുന്ന മനോഹരമായ രംഗം വി. യോഹന്നാന്റെ സുവിശേഷം 21-ാം അദ്ധ്യായത്തില്‍ നാം കാണുന്നുണ്ട്. ഈശോ പത്രോസിന്റെ മുഖത്ത് നോക്കി മൂന്ന് തവണ ആവര്‍ത്തിക്കുന്ന ചോദ്യം ഇതാണ്. ‘യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? തന്റെ ചങ്കുതുളച്ച ചോദ്യത്തിന് വികാരനിര്‍ഭരമായി പത്രോസ് കൊടുക്കുന്ന ഉത്തരം. ”ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ. തന്നെ തള്ളിപ്പറഞ്ഞവനേ ഉള്ളു തുറന്നുള്ള സ്‌നേഹംകൊണ്ട് ഈശോ സ്വന്തമാക്കിത്തീര്‍ത്തു.

ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മോട് ആവശ്യപ്പെടുന്ന മറ്റൊരുകാര്യം ‘തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക’ മിക്കപ്പോഴും തന്നെ നമ്മുടെ ഓരോ പ്രവൃത്തികളും മറ്റുള്ളവരില്‍നിന്ന് എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചുകൊണ്ടാണ്. അയല്‍വക്കത്തെ കല്യാണത്തിന് ആയിരം രൂപ നാം നല്‍കുമ്പോള്‍ എന്നെങ്കിലും തിരിച്ചുകിട്ടുമെന്ന് നാം പ്രതീക്ഷിക്കുന്നു. ജീവിത പങ്കാളിക്ക് സമ്മാനമായി എന്തെങ്കിലും നാം വാങ്ങിക്കൊടുക്കുമ്പോള്‍ തിരിച്ച് വളരെ കാര്യമായി നാം പ്രതീക്ഷിക്കുന്നു. കൂട്ടുകാരന് ഒരു ബുക്ക് മേടിച്ച് കൊടുക്കുമ്പോള്‍ നമ്മുടെ നോട്ടം പോകുക പരീക്ഷയ്ക്ക് അവന്‍ എഴുതുന്ന ഉത്തരക്കടലാസിലേക്കാണ്. ഇങ്ങനെ നാം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മറ്റുള്ളവരില്‍നിന്ന് പ്രതീക്ഷിക്കുകയും അതൊക്കെ കിട്ടാതെ വരുകയും ചെയ്യുമ്പോള്‍ നമ്മുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നു. പരിഭവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ഇങ്ങനെ നമ്മുടെ ബന്ധങ്ങളിലുണ്ടാകുന്ന മുറിവുകള്‍ ഒഴിവാക്കാനായി ഈശോ നമുക്ക് പറഞ്ഞ് തരുന്ന സൂത്രവാക്യമാണ്. ‘തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുക.’ ഈശോ ആരില്‍നിന്നും ഒന്നും തിരിച്ച് പ്രതീക്ഷിച്ചില്ല. അനേകരുടെ ജീവിതങ്ങളിലൂടെ സൗഖ്യമായും, ഉയിര്‍പ്പായും, സ്‌നേഹമായും അവന്‍ കടന്നുപോയി ഒന്നും തിരികെ പ്രതീക്ഷിക്കാതെ. അതുകൊണ്ട് കൂടെ നിന്നവര്‍ ഓടിപ്പോയപ്പോഴും, ഇവനെ ക്രൂശിക്കുക എന്ന് സ്വന്തം ജനം ആക്രോശിച്ചപ്പോഴും, അവന് പരാതികളും പരിഭവങ്ങളും ഇല്ലായിരുന്നു.

അവനിലേക്ക് നോക്കി നമുക്ക് അവന്റെ പാത പിഞ്ചെല്ലാം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് അവന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈശോയെപ്പോലെ ശത്രുവിനെ സ്‌നേഹിക്കുവാനും, അവനെപ്പോലെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നന്മ ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കില്‍, അവനെപ്പോലെ മലമുകളിലേക്ക് കയറി സ്വര്‍ഗ്ഗീയ പിതാവുമൊത്ത് സമയം ചെലവിടാന്‍ നമുക്ക് സാധിക്കണം. ഈശോയുടെ ജീവിതത്തിന്റെ ശക്തി പിതാവുമായിട്ടുള്ള സ്‌നേഹബന്ധമായിരുന്നു. മദര്‍ തെരേസ ഇപ്രകാരം നമ്മെ ഓര്‍മിപ്പിക്കുന്നു. ‘നിനക്ക് സ്‌നേഹത്തില്‍ വളരണമെങ്കില്‍ വി.കുര്‍ബ്ബാനയിലേക്ക് മടങ്ങി വരിക. നന്നായി സ്‌നേഹിക്കാനും, നന്മ ചെയ്യാനും വി.കുര്‍ബാനയിലെ ത്രിയേക ദൈവം നമ്മെ പഠിപ്പിക്കും.
ആമേന്‍.

ഡീ. സിനോജ് ഇരട്ടക്കാലായില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here